യുഎസില്‍ പണപ്പെരുപ്പവും വിലക്കയറ്റവും രൂക്ഷമായതിനു പിന്നാലെ ഉയര്‍ന്ന പ്രതിഷേധത്തെ തുടർന്ന് ഭക്ഷ്യോത്പന്നങ്ങളിലെ നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബീഫ്, കാപ്പി, വാഴപ്പഴം എന്നിവയുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളെ നികുതിയില്‍ നിന്ന് ഒഴിവാക്കുന്ന ഉത്തരവിലാണ് ട്രംപ് ഒപ്പുവച്ചത്.
താരിഫുകളില്‍ ട്രംപ് വലിയ കടുംപിടുത്തമാണ് തുടര്‍ന്നിരുന്നത്. എന്നാല്‍ അടുത്തിടെ ന്യൂയോര്‍ക്കില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പോലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്കുണ്ടായ തിരിച്ചടിയും ജനപ്രതിഷേധവുമാണ് തിരിച്ച് ചിന്തിക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായാണ് ട്രംപ് ഇറക്കുമതി ചെയ്തിരുന്ന ഭക്ഷ്യ വസ്തുക്കള്‍ക്ക് താരിഫ് കൂട്ടിയത്. ഇതുവഴി യുഎസ് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താമെന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാല്‍ അടുത്തിടെ യുഎസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നികുതി വര്‍ധനയടക്കം നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ നീക്കം.
'കോഫി പോലുള്ള ചില ഭക്ഷണ സാധനങ്ങള്‍ക്കുള്ള നികുതി വര്‍ധന പിന്‍വലിക്കുന്നു,' ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം താരിഫ് ഏര്‍പ്പെടുത്തിയത് സര്‍ക്കാരിന്റെ വരവിനെ സഹായിച്ചിരുന്നുവെന്നും ഭരണകൂടം പറഞ്ഞിരുന്നു. എന്നാല്‍ താരിഫ് വര്‍ധന യുഎസ് ജനതയെ ബുദ്ധിമുട്ടിലാക്കിയിരുന്നുവെന്ന് ട്രംപ് ഇപ്പോള്‍ സമ്മതിച്ചിരിക്കുകയാണെന്ന് വെര്‍ജീനിയയിലെ ഡെമോക്രാറ്റിക് റെപ്പ് ഡോണ്‍ ബെയെര്‍ പറഞ്ഞു.