യുഎന്‍ പൊതുസഭാ സമ്മേളനത്തിൽ ട്രംപ് Source: X
WORLD

"ഇതിനകം ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു, എനിക്കൊരു നോബേല്‍ പുരസ്കാരം ലഭിക്കണമെന്ന് എല്ലാവർക്കും ആഗ്രഹം"; യുഎന്‍ പൊതുസഭാ സമ്മേളനത്തിൽ സ്വയം പുകഴ്ത്തി ട്രംപ്

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി യുക്രെയ്ൻ യുദ്ധം ഫണ്ട് ചെയ്യുന്നതിൽ പ്രധാനികൾ ഇന്ത്യയും ചൈനയുമാണെന്നും ട്രംപ് ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അമേരിക്കയുടെ സുവർണ കാലമാണ് ഇതെന്നും ട്രംപ്. തന്‍റെ ഭരണം അമേരിക്കയ്ക്ക് പുതുജീവന്‍ നല്‍കി. സെെന്യവും സമ്പദ്‌‌വ്യവസ്ഥയും എക്കാലത്തെയും ശക്തമായ നിലയിലാണെന്നും ട്രംപ് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ആദ്യ മിനിറ്റുകളിൽ സ്വയം പുകഴ്ത്തിയ ട്രംപ് ഇതിനകം ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് അവകാശപ്പെട്ടു. ഇന്ത്യ പാകിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചതും ഞാനാണ്. തനിക്ക് നോബേല്‍ പുരസ്കാരം ലഭിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. 2020നുശേഷം ഇതാദ്യമായാണ് ട്രംപ് സഭയെ അഭിസംബോധന ചെയ്യുന്നത്.

ഇറാനെ ആണവശക്തിയാകാന്‍ അനുവദിക്കില്ലെന്ന് ട്രംപ് സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. ലോകത്തെ എറ്റവും വലിയ സായുധ ശക്തി അമേരിക്കയാണെന്ന് ഒരിക്കല്‍ കൂടി ഓർമിപ്പിക്കുന്നു. ഇറാനിലെ അമേരിക്കയുടെ ആക്രമണങ്ങളെക്കുറിച്ച് സംസാരിച്ച ട്രംപ്, 12 ദിവസത്തെ യുദ്ധം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥത വഹിച്ചത് താനാണെന്ന് പറഞ്ഞു. ഗാസയില്‍ വെടിനിർത്തല്‍ നടപ്പിലാക്കിയത് താനാണ്. വെടിനിർത്തല്‍ പരാജയപ്പെടാന്‍ കാരണം ഹമാസ്. യുദ്ധം അവസാനിപ്പിക്കാനുള്ള ഏകമാർഗം ബന്ദിമോചനമാണ്. പലസ്തീന്‍റെ സ്വതന്തപദവി അംഗീകരിക്കുന്നത് ഹമാസിനുള്ള പാരിതോഷികമാകുമെന്നും ട്രംപ് പറഞ്ഞു.

പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതിന് പകരം പുതിയ പ്രശ്നങ്ങളുണ്ടാക്കുകയാണ് യുഎന്‍ ചെയ്യുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. അനധികൃത കുടിയേറ്റക്കാരെ സഹായിച്ച് പാശ്ചാത്യരാജ്യങ്ങളെ ശിക്ഷിക്കുകയാണ് യുഎന്‍. അനധികൃത കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വന്തം വിനാശം ക്ഷണിച്ചുവരുത്തുകയാണ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി യുക്രെയ്ൻ യുദ്ധം ഫണ്ട് ചെയ്യുന്നതിൽ പ്രധാനികൾ ഇന്ത്യയും ചൈനയുമാണെന്നും ട്രംപ് ആരോപിച്ചു.

SCROLL FOR NEXT