വാഷിങ്ടണ്‍: ഇറാനെതിരായ ആക്രമണത്തിനു പിന്നില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സമ്മര്‍ദമാണെന്ന ആരോപണം ആവര്‍ത്തിച്ച് തള്ളി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു പോഡ്കാസ്റ്റിലാണ് ട്രംപിന്റെ പ്രതികരണം.
നെതന്യാഹു തെറ്റിദ്ധരിപ്പിച്ചാതാണോ എന്ന ചോദ്യം തള്ളിയ ട്രംപ്, താനാണ് യുദ്ധം ആരംഭിച്ചതെന്നും ആവര്‍ത്തിച്ചു. ഇറാന് ആണവായുധം കൈവശം വെക്കാനാകില്ലെന്ന പതിവ് വാദവും ട്രംപ് ആവര്‍ത്തിച്ചു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഡെമോക്രാറ്റുകള്‍ വെറും വിവരദോഷികളാണെന്നും ട്രംപ് പരിഹസിച്ചു. ഡെമോക്രാറ്റുകള്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്കു പോലും അറിയില്ലെന്നും ട്രംപ് പറഞ്ഞു.
യുദ്ധം ആരംഭിക്കാനുള്ള തീരുമാനം തന്റേത് മാത്രമാണെന്നാണ് ട്രംപിന്റെ വാദം. ഇറാന്റെ ആണവ പദ്ധതിയോടുള്ള തന്റെ ആശങ്കകള്‍ക്ക് ആദ്യത്തെ ഭരണകാലത്തോളം പഴക്കമുണ്ടെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു. ബരാക് ഒബാമ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇറാനുമായി ഒപ്പുവെച്ച 2015-ലെ ആണവക്കരാറില്‍ നിന്ന് താന്‍ പിന്മാറിയത് അക്കാലത്തായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാന്റെ ആണവ പദ്ധതി ഇസ്രയേലിനെ ബാധിക്കുന്ന കാര്യമാണെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ആദ്യത്തെ പ്രഹരം ഏല്‍ക്കേണ്ടി വരിക ഇസ്രയേലായിരിക്കാം. താന്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഇസ്രയേല്‍ എന്നൊരു രാജ്യം തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
യുഎസിന്റെ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി കുവൈറ്റിലും ബഹ്‌റൈനിലും ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ട്രംപിന്റെ പുതിയ അഭിമുഖം പുറത്തിറങ്ങിയത്. ഇറാന്റെ ആക്രമണത്തില്‍ കുവൈറ്റില്‍ ഒരു ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ 63 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം വക്താവ് അറിയിച്ചു.
കഴിഞ്ഞ ദിവസം പശ്ചിമേഷ്യയിലൂടനീളം ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാനിലെ ക്വെഷം യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെ ഗള്‍ഫ് മേഖലയിലെ പ്രധാനമായും കുവൈറ്റിലെയും ബഹ്റൈനിലെയും യുഎസ് സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചു. തങ്ങളുടേത് സ്വയം പ്രതിരോധമാണെന്നാണ് ഇറാന്റെ പ്രതികരണം.