ഡൊണാൾഡ് ട്രംപ്, ആയത്തൊള്ള ഖമേനി 
WORLD

ഇറാനില്‍ ഖമേനി ഭരണത്തിന് അവസാനം കുറിക്കണം; പുതിയ ഭരണകൂടം വരാന്‍ സമയമായിരിക്കുന്നു: ട്രംപ്

നേതൃത്വം നിലകൊള്ളേണ്ടത് ബഹുമാനത്തിലാണ്. അല്ലാതെ ഭയത്തിലും മരണത്തിലുമല്ലെന്നും ട്രംപ് പറഞ്ഞു.

Author : കവിത രേണുക

വാഷിങ്ടണ്‍: ഇറാനില്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ നേതൃത്വത്തില്‍ 37 വര്‍ഷമായി തുടരുന്ന ഭരണത്തിന് അവസാനം കുറിക്കാന്‍ സമയമായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനില്‍ ഒരു പുതിയ ഭരണകൂടത്തിന് സമയമായിരിക്കുന്നുവെന്നാണ് ട്രംപ് ശനിയാഴ്ച യുഎസ് മാധ്യമമായ പൊളിറ്റികോയോട് പറഞ്ഞത്.

'ഇറാനില്‍ പുതിയ നേതൃത്വം ഉയര്‍ന്നുവരേണ്ട സമയമായിരിക്കുന്നു. രണ്ട് ദിവസം മുമ്പ് 800 ലധികം വരുന്ന ആളുകളെ തൂക്കി കൊലപ്പെടുത്തിയില്ല എന്നതാണ് അവര്‍ ചെയ്തതില്‍ ഏറ്റവും മികച്ച കാര്യം,' ട്രംപ് പറഞ്ഞു.

ആക്രമണം അഴിച്ചുവിട്ട് ഖമേനി ഇറാനെ എല്ലാ തരത്തിലും നശിപ്പിച്ചുവെന്നും രാജ്യം നല്ല നിലയില്‍ പ്രവര്‍ത്തിക്കാന്‍ ആളുകളെ കൊല്ലുകയല്ല വേണ്ടതെന്നും ട്രംപ് പറഞ്ഞു.

'ഇറാനെ നല്ല നിലയില്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടു പോകാനാണ് (ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് മോശം നിലയിലാണെങ്കിലും) നേതൃത്വം ശ്രദ്ധിക്കേണ്ടത്. ഞാന്‍ യുഎസില്‍ ചെയ്യുന്നത് പോലെ. അല്ലാതെ നിയന്ത്രണത്തിനായി ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കുകയല്ല വേണ്ടത്,' ട്രംപ് പറഞ്ഞു.

ഒരു നേതൃത്വം നിലകൊള്ളേണ്ടത് ബഹുമാനത്തിലാണ്. അല്ലാതെ ഭയത്തിലും മരണത്തിലുമല്ലെന്നും ട്രംപ് പറഞ്ഞു.

ഇറാനില്‍ നിലവിലെ അശാന്തിക്ക് ആക്രമണങ്ങള്‍ക്കും കാരണം ട്രംപാണെന്ന് ആരോപിച്ച് ഖമേനി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ട്രംപിന്റെ മറുപടി.

'ഇറാനില്‍ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന അപവാദങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും മരണങ്ങള്‍ക്കുമെല്ലാം കുറ്റക്കാരന്‍ ട്രംപ് ആണെന്ന് ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു,' എന്നായിരുന്നു ഖമേനി കുറിച്ചത്.

ആക്രമണാസക്തമായ ഗ്രൂപ്പിനെ ഇറാനിയന്‍ ജനതയെ പ്രതിനിധീകരിക്കുന്നവരെന്ന തരത്തില്‍ ട്രംപ് തെറ്റായി ചിത്രീകരിച്ചുവെന്നും ഖമേനി മറ്റൊരു പോസ്റ്റില്‍ കുറിച്ചിരുന്നു.

SCROLL FOR NEXT