

വാഷിങ്‌ടൺ: ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള പദ്ധതികളെ പിന്തുണയ്ക്കാത്ത രാജ്യങ്ങൾക്ക് 10 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്താൻ ട്രംപ്. ഗ്രീൻലൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള യുഎസിന്റെ ശ്രമങ്ങളെ എതിർക്കുന്ന എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കാണ് അധിക തീരുവ ഏർപ്പെടുത്തുക. ഫെബ്രുവരി ഒന്ന് മുതൽക്ക് തീരുവ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് പറഞ്ഞു.
ഗ്രീൻലൻഡ് പൂർണമായും വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ തീരുവ ചുമത്തുമെന്നാണ് ട്രംപിൻ്റെ ഭീഷണി. ജൂൺ ഒന്ന് മുതൽ ഈ നികുതി 25 ശതമാനമായി ഉയർത്തുമെന്നും ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. ഡെന്മാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമനി, യുകെ, നെതർലൻഡ്‌സ്, ഫിൻലൻഡ് എന്നിങ്ങനെ എട്ട് രാജ്യങ്ങളെയാണ് അധിക തീരുവ ബാധിക്കുക.
ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള തൻ്റെ പദ്ധതികളെ പിന്തുണയ്ക്കാത്ത രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. വൈറ്റ് ഹൗസിൽ നടന്ന ആരോഗ്യ വട്ടമേശ സമ്മേളനത്തിലായിരുന്നു ട്രംപിൻ്റെ പരാമർശം. ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള തൻ്റെ പദ്ധതികളെ പിന്തുണക്കാത്തവർക്ക് മേൽ തീരുവ ചുമത്തിയേക്കുമെന്നും, നമ്മുടെ ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലൻഡ് ആവശ്യമാണെന്നുമായിരുന്നു ട്രംപിൻ്റെ പ്രസ്താവന.
വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയ ശേഷമാണ്, അർധ സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ട്രംപ് പുനഃരാരംഭിച്ചത്. റഷ്യയും ചൈനയും ആർട്ടിക് മേഖലയിലും അതിലെ ധാതുക്കളിലും കൂടുതൽ താൽപ്പര്യം കാണിക്കുന്നതിനാൽ ഗ്രീൻലൻഡ് സുരക്ഷിതാവസ്ഥയിലല്ലെന്നാണ് ട്രംപിൻ്റെ വാദം.
ഇതിന് പിന്നാലെ ഗ്രീൻലൻഡ് ഏറ്റെടുക്കാൻ വേണ്ടി വന്നാൽ സൈനിക ശക്തി പ്രയോഗിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കടുത്ത എതിർപ്പ് ഡെന്മാർക്ക് പ്രകടിപ്പിച്ചിരുന്നുവെങ്കിലും യുഎസും, ഗ്രീൻലൻഡും, ഡെന്മാർക്കും ചർച്ചകൾ തുടരുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
ട്രംപ് ദ്വീപ് ഏറ്റെടുക്കാൻ ശ്രമിക്കുമ്പോൾ, ഗ്രീൻലാൻഡിലെ സുരക്ഷയുടെ കാര്യത്തിൽ ട്രംപിന് ഉറപ്പുനൽകാൻ ഫ്രഞ്ച്, ജർമ്മൻ സൈനികർ ശ്രമം നടത്തുന്നുണ്ട്. അതേസമയം, യൂറോപ്പിലെ സൈനികർ പ്രസിഡൻ്റിൻ്റെ തീരുമാനത്തെ സ്വാധീനിക്കുമെന്ന് കരുതുന്നില്ലെന്നും ഗ്രീൻലാൻഡ് ഏറ്റെടുക്കൽ എന്ന അദ്ദേഹത്തിൻ്റെ ലക്ഷ്യത്തെ അത് ബാധിക്കുമെന്ന് കരുതുന്നില്ലെന്നും കരോലിൻ ലീവിറ്റ് അറിയിച്ചു.