സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ് Source: x
WORLD

സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ്; ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്

സിറിയയുടെ പുനർനിർമാണത്തെ പിന്തുണയ്ക്കുന്നതിനായി ഉപരോധങ്ങൾ പിൻവലിക്കുമെന്ന് മെയ് മാസത്തിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ്. സാമ്പത്തിക, വ്യാപാര ഉപരോധങ്ങൾ പിൻവലിച്ച ഉത്തരവിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു.

സിറിയയുടെ പുനർനിർമാണത്തെ പിന്തുണയ്ക്കുന്നതിനായി ഉപരോധങ്ങൾ പിൻവലിക്കുമെന്ന് മെയ് മാസത്തിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യുഎസിൻ്റെ ഈ നീക്കം. അതേസമയം, മുൻ സിറിയൻ പ്രസിഡൻ്റ് ബഷർ അൽ അസദിനുള്ള ഉപരോധം തുടരുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

ട്രംപ് ഉത്തരവിൽ ഒപ്പുവെക്കുമെന്നും "സമൃദ്ധിയിലേക്കും സമാധാനത്തിലേക്കുമുള്ള പാത" പ്രോത്സാഹിപ്പിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് നേരത്തെ പറഞ്ഞിരുന്നു. പ്രസിഡൻ്റ് വാഗ്ദാനം ചെയ്ത നടപടിയാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു. സിറിയ സ്ഥിരതയുള്ളതും ഏകീകൃതവും സമാധാനപരവുമായിരിക്കണമെന്ന് ട്രംപ് ആഗ്രഹിക്കുന്നുവെന്ന് പ്രസ് സെക്രട്ടറി പറഞ്ഞതായി എപിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

സിറിയൻ മുൻ പ്രസിഡൻ്റ് ബഷർ അൽ-അസദും അദ്ദേഹത്തിൻ്റെ അടുത്ത വൃത്തങ്ങളും, മനുഷ്യാവകാശ ലംഘകർ, മയക്കുമരുന്ന് കടത്തുകാർ, രാസായുധ പ്രവർത്തനങ്ങളുമായി ബന്ധമുള്ള വ്യക്തികൾ, ഐഎസിലെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലെയും അംഗങ്ങൾ, ഇറാനിയൻ പ്രോക്സി ഗ്രൂപ്പുകൾ എന്നിവർക്കെതിരെയുള്ള ഉപരോധം തുടരുമെന്നും ഈ ഉത്തരവിൽ വ്യക്തമാക്കുന്നു.

ദീർഘകാലമായി കാത്തിരുന്ന പുനർനിർമാണത്തിനും വികസനത്തിനും വാതിൽ തുറക്കും" എന്ന് സിറിയൻ വിദേശകാര്യ മന്ത്രി അസദ് അൽ-ഷിബാനി പറഞ്ഞതായി ഹിന്ദിസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. സാമ്പത്തിക വീണ്ടെടുക്കലിനെതിരായ തടസം നീക്കാൻ ഈ നീക്കം സഹായിക്കുമെന്നും അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ രാജ്യത്തെ തുറന്നുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിറിയയെ തീവ്രവാദത്തിൻ്റെ സ്പോൺസർ രാഷ്ട്രമായും അൽ-ഷറയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിനെ വിദേശ ഭീകര സംഘടനയായും യുഎസ് പ്രഖ്യാപിക്കുന്നത് തുടരുകയാണ്. ഇതും അവലോകനത്തിലാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ എപിയോട് പറഞ്ഞുവെന്ന് ദി മിൻ്റ് റിപ്പോർട്ട് ചെയ്തു. ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം അസദിന്റെ സർക്കാരിനെ ലക്ഷ്യമിട്ട് 2011 ലാണ് സിറിയയ്‌ക്കെതിരായി യുഎസ് മിക്ക ഉപരോധങ്ങളും ഏർപ്പെടുത്തിയത്.

SCROLL FOR NEXT