യൂറോപ്പിൽ ഉഷ്ണതരംഗം അതിശക്തമാവുന്നു. തെക്കു കിഴക്കൻ യൂറോപ്പിലാകെ താപനില ഉയരുകയാണ്. ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ, ഇറ്റലി, യു.കെ, ജർമനി എന്നീ രാജ്യങ്ങളിലും ക്രൊയേഷ്യ അടക്കമുള്ള ബാൾക്കൻ രാജ്യങ്ങളിലും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. ഫ്രാൻസിൽ 200 ലധികം സ്കൂളുകൾ അടച്ചു.
സ്പെയിൻ അന്തലൂസിയിലെ എൽ ഗ്രനാഡോയിൽ 46 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. പോർച്ചുഗലിലെ മോറയിലാവട്ടെ 46.6 ഡിഗ്രി സെൽഷ്യസായിരുന്നു ചൂട്. ആളുകളോട് കഴിയുന്നത്രയും വീടുകൾക്കുള്ളിൽ കഴിയാനാണ് പല രാജ്യങ്ങളും നൽകിയിരിക്കുന്ന നിർദേശം. അടിയന്തര ചികിത്സാ സേവനങ്ങൾ അടക്കം ഒരുക്കിയിട്ടുണ്ട്. ഫ്രാൻസിൽ മുൻപ് ഒരിക്കലുമുണ്ടാകാത്ത തരം മുന്നറിയിപ്പുകളാണ് നൽകിയിരിക്കുന്നത്. 200ലധികം സ്കൂളുകളാണ് ഫ്രാൻസിലെമ്പാടും പൂർണമായോ ഭാഗികമായോ അടച്ചിട്ടിരിക്കുന്നത്.
യൂറോപ്പിൽ ഒരാഴ്ചയിലധികമായി തുടരുന്ന താപതരംഗവ്യാപനം ഈ ആഴ്ച പകുതിയോടെ പാരമ്യത്തിലെത്തുമെന്നാണ് കരുതുന്നത്. ഇറ്റലിയിൽ റോമും മിലാനും വെനീസും സർദീനയും അടക്കം 21 നഗരങ്ങൾ ഹൈ അലേർട്ടിലാണ്. സ്പെയിനിന്‍റെ ഭൂരിഭാഗവും താപതരംഗ ബാധയിലാണ്. ജർമനിയിൽ ചൂട് ബുധനാഴ്ചയോടെ 38 ഡിഗ്രി സെൽഷ്യസ് ആകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. യൂറോപ്പിലെ പ്രധാന നദികളിലൊന്നായ റൈനിലെ ജലനിരപ്പ് താഴ്ന്നു. ഇതോടെ കാർഗോ നീക്കം പ്രതിസന്ധിയിലായിരിക്കുകയാണ്.
ബാൾക്കൻ രാജ്യങ്ങളും തീഷ്ണമായ ചൂടിൽ വലയുകയാണ്. സെർബിയയിലും ബോസ്നിയ ഹെർസെഗോവിന തലസ്ഥാനമായ സരയേവോയിലും സ്ലോവേനിയയിലും റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്.
അതേസമയം തുർക്കിയിൽ കാട്ടുതീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇസ്മീർ നഗരത്തിന് 50 കിലോമീറ്റർ അകലെയുണ്ടായ കാട്ടുതീ കാറ്റിൽ ആളിക്കത്തുന്നതായാണ് വിവരം. ഗ്രീസിൽ താപനില 40 ഡിഗ്രി സെൽഷ്യസ് ആയി. ക്രൊയേഷ്യയിലും കാട്ടുതീ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആരോഗ്യപ്രശ്നങ്ങൾ മാത്രമല്ല, ഗുരുതര കാലാവസ്ഥാ പ്രതിസന്ധി കൂടിയാണ് ഉഷ്ണതരംഗം സൃഷ്ടിക്കുന്നത്. നിലവിൽ റെക്കോഡ് വേഗതയിൽ ഉരുകുന്ന ആൽപൈൻ മഞ്ഞുപാളികൾക്ക് മേൽ ഉഷ്ണതരംഗം അധിക സമ്മർദമാവുകയാണ്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ശീലങ്ങളിൽ നിന്ന് പിൻമാറണമെന്ന് യുഎൻ മനുഷ്യാവകാശ ഏജൻസിയുടെ മേധാവി ഫോൾക്കർ തുർക്ക് മുന്നറിയിപ്പ് നൽകി.