ഏതെങ്കിലും രാജ്യം ഖത്തറിനെ ആക്രമിച്ചാൽ സൈനിക നടപടി സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ ഉറപ്പാക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് ദിവസങ്ങൾക്കകമാണ് ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചത്.
വൈറ്റ് ഹൗസിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ ഉത്തരവിൽ സെപ്റ്റംബർ 29 എന്ന തീയതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഖത്തറിനെതിരായ ആക്രമണം യുഎസിനെതിരായ സുരക്ഷാ ഭീഷണിയായി കാണുമെന്ന് ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവിൽ പറയുന്നു. ഖത്തറിനെതിരായ ആക്രമണത്തെ വേണ്ടിവന്നാൽ സൈനികമായും നേരിടുമെന്നും ഉത്തരവിലുണ്ട്. ഖത്തറിന്റെ പരമാധികാരത്തെ മറികടന്ന ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കഴിഞ്ഞ ദിവസം ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് മാപ്പ് ചോദിച്ചിരുന്നു.
അതേസമയം, ട്രംപും നെതന്യാഹുവും ഒന്നിച്ചിരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ട്രംപിന്റെ മടിയില്‍ ഒരു ഫോണും അതില്‍ നിന്ന് ഒരു കുറിപ്പ് കൈയ്യില്‍ പിടിച്ച് ഫോണ്‍ ചെയ്യുന്ന നെതന്യാഹുവുമാണ് വൈറ്റ് ഹൗസ് പുറത്തുവിട്ട ചിത്രത്തിലുള്ളത്. ഖത്തറിനോട് നെതന്യാഹു മാപ്പ് പറഞ്ഞത് പിടിച്ചിരുത്തി ചെയ്യിച്ചതാണോ എന്നാണ് പ്രധാനമായും സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. ദോഹയിലെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ട്രംപും നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെ ഓവൽ ഓഫീസിൽ നിന്നും എടുത്തതാണെന്നാണ് പുറത്തുവരുന്ന വിവരം.
സെപ്തംബര്‍ ഒന്‍പതിനാണ് ദോഹയിലെ ലഗ്താഫിയയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഹമാസ് നേതാവിന്റെ മകനടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സാധാരണക്കാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.