Donald Trump Source: X
WORLD

ഗ്രീന്‍ലന്‍ഡിനെ സ്വന്തമാക്കാനുള്ള ട്രംപിന്റെ തന്ത്രം; നാശത്തിലേക്കുള്ള പോക്കെന്ന് യൂറോപ്യന്‍ യൂണിയന്‍

യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങള്‍ ഞായറാഴ്ച അടിയന്തര പ്രതിനിധി യോഗം വിളിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കാനുള്ള ആഗ്രഹം നേടിയെടുക്കുന്നതുവരെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ശക്തമായ താക്കീതുമായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍.

ട്രംപിന്റെ ഭീഷണിയുടെ സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങള്‍ ഞായറാഴ്ച അടിയന്തര പ്രതിനിധി യോഗം വിളിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമയം രാത്രി 9.30 നാണ് അടിയന്തര യോഗം നടക്കുക.

യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും സംയുക്തമായി പ്രസ്താവനയും പുറത്തിറക്കി. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ തീരുവ ചുമത്താനുള്ള ട്രംപിന്റെ നീക്കം അപകടകരമായ തകര്‍ച്ചയുടെ ചക്രവ്യൂഹത്തിലേക്കായിരിക്കും വഴിവെക്കുക എന്നാണ് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കുന്നത്.

വ്യാപാര നികുതികള്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന് ഇരുപുറവുമുള്ള രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ തകര്‍ക്കുകയും അപകടകരമായ തകര്‍ച്ചയുടെ ചക്രവ്യൂഹത്തിലേക്ക് നയിക്കുകയും ചെയ്യും എന്ന് എക്‌സില്‍ ഇയു നേതാക്കള്‍ വ്യക്തമാക്കി.

യൂറോപ്പ് ഐക്യത്തോടേയും ഏകോപിതമായും പരമാധികാരം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായും തുടരുമെന്നും ഇയു വ്യക്തമാക്കി.

ഗ്രീന്‍ലന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള യുഎസിന്റെ ശ്രമങ്ങളെ എതിര്‍ക്കുന്ന എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പത്ത് ശതമാനം അധിക തീരുവ ചുമത്തുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത്. ഫെബ്രുവരി ഒന്ന് മുതല്‍ക്ക് തീരുവ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് ട്രൂത്ത് പോസ്റ്റിലൂടെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയ ശേഷമാണ്, അര്‍ധ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ട്രംപ് പുനഃരാരംഭിച്ചത്. റഷ്യയും ചൈനയും ആര്‍ട്ടിക് മേഖലയിലും അതിലെ ധാതുക്കളിലും കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നതിനാല്‍ ഗ്രീന്‍ലന്‍ഡ് സുരക്ഷിതാവസ്ഥയിലല്ലെന്നാണ് ട്രംപിന്റെ വാദം.

ഡെന്മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മനി, യുകെ, നെതര്‍ലന്‍ഡ്സ്, ഫിന്‍ലന്‍ഡ് എന്നിങ്ങനെ എട്ട് രാജ്യങ്ങളെയാണ് ട്രംപിന്റെ അധിക തീരുവ ബാധിക്കുക. ട്രംപിന്റെ ഭീഷണിക്കെതിരെ സ്വീഡനും ബ്രിട്ടനും ഫ്രാന്‍സും ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.

SCROLL FOR NEXT