ഡൊണാൾഡ് ട്രംപ്, വൊളോഡിമിർ സെലൻസ്കി, വ്ലോഡിമർ പുടിൻ Source: Wikkimedia
WORLD

"യുക്രെയ്‌ന് നാറ്റോയില്‍ ഒരിക്കലും അംഗത്വമുണ്ടാകില്ല, സായുധ സേനയുടെ വലുപ്പം കുറയ്ക്കും"; യുക്രെയ്ന്‍-റഷ്യ സമാധാനത്തിനുള്ള കരട് രേഖ പുറത്ത്

ഇരുപക്ഷവും കരാര്‍ അംഗീകരിച്ചാല്‍, ഉടനടി വെടിനിര്‍ത്തല്‍ എന്നാണ് ഉറപ്പ്.

Author : ന്യൂസ് ഡെസ്ക്

റഷ്യ-യുക്രെയ്ന്‍ സമാധാനപദ്ധതിക്കുള്ള കരട് രേഖയുടെ വിശദാംശങ്ങള്‍ പുറത്ത്. ഒരാഴ്ചത്തെ സമയപരിധിക്കുള്ളില്‍ കരട് രേഖ അംഗീകരിച്ചില്ലെങ്കില്‍, ആയുധ-ഇന്റലിജന്‍സ് സഹായങ്ങള്‍ വെട്ടിക്കുറച്ച് യുക്രെയ്‌ന് മേല്‍ സമ്മര്‍ദ്ദം കടുപ്പിക്കാനാണ് ട്രംപിന്റെ നീക്കം.

ഡോണ്‍ബാസ് പ്രവിശ്യയിലെ ലുഹാന്‍സ്‌കും ഡൊണെറ്റ്‌സ്‌കും പൂര്‍ണ്ണമായും, കെര്‍സണും സപോരീഷ്യയും ഭാഗികമായും വിട്ടുനല്‍കണം, നിലവില്‍ 8,80,000 സൈനികരുടെ യുക്രെയ്ന്‍ സായുധസേനയുടെ വലുപ്പം, 6 ലക്ഷമായി കുറയ്ക്കും, യുക്രൈന് നാറ്റോ അംഗത്വം നല്‍കില്ല, ആവശ്യമെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം തേടാം. അമേരിക്ക മുന്നോട്ടുവെച്ച 28 ഇന റഷ്യ-യുക്രെയ്ന്‍ സമാധാന പദ്ധതിയിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ. ഇരുപക്ഷവും കരാര്‍ അംഗീകരിച്ചാല്‍, ഉടനടി വെടിനിര്‍ത്തല്‍ എന്നാണ് ഉറപ്പ്. വെടിനിര്‍ത്തല്‍ നടപ്പിലായാല്‍ 100 ദിവസത്തിനുള്ളില്‍ യുക്രെയ്‌നില്‍ തെരഞ്ഞെടുപ്പ് നടത്തണം.

ഗാസ സമാധാനകരാറിന്റെ മാതൃകയില്‍, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധ്യക്ഷനായ സമാധാന കൗണ്‍സിലാകും വെടിനിര്‍ത്തല്‍ നിരീക്ഷിക്കുന്നത്. റഷ്യ വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍, സംയുക്ത സൈനിക പ്രതികരണമുണ്ടാകുമെന്നും, ഉപരോധങ്ങള്‍ പുനസ്ഥാപിക്കുമെന്നും കരാറില്‍ വ്യക്തമാക്കുന്നു. എന്നാല്‍ യുക്രെയ്ന്‍ തിരിച്ചടിച്ചാല്‍ ഈ ഉറപ്പ് അസാധുവാകും. സുരക്ഷാ ഉറപ്പുകള്‍ക്ക് പകരം, യുക്രെയ്ന്‍ യുഎസിന് നഷ്ടപരിഹാരം നല്‍കേണ്ടിവരും. റഷ്യയ്‍ക്കെതിരായ ഉപരോധങ്ങള്‍ ക്രമേണ പിന്‍വലിക്കാനും, G8 കൂട്ടായ്മയിലേക്ക് റഷ്യയ്ക്ക് വീണ്ടും പ്രവേശം അനുവദിക്കാനും കരാര്‍ നിര്‍ദേശിക്കുന്നു.

അധിനിവേശ ഭൂമി വിട്ടുകൊടുത്ത് സമാധാനത്തിന് വഴങ്ങില്ല എന്നാണ് യുക്രെയ്ന്റെ ഇതുവരെയുള്ള നിലപാട്. എന്നാല്‍, വ്യാഴാഴ്ച യുക്രെയ്ന്‍ സുരക്ഷാ ഉപദേഷ്ടാവ് റുസ്തം ഉമറോവ് പരിശോധിച്ച്, പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കിക്ക് കൈമാറിയ കരാര്‍, യുക്രെയ്ന്‍ ഇതുവരെ തള്ളിയിട്ടില്ല. പകരം, യുഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് സെലെന്‍സിയുടെ പ്രതികരണം. അഥവാ കരാര്‍ തള്ളിയാല്‍, ഇപ്പോള്‍ നല്‍കിവരുന്ന ആയുധ- ഇന്റലിജന്‍സ് സഹായങ്ങള്‍ വെട്ടിക്കുറച്ച് യുക്രെയ്‌നെ സമ്മര്‍ദ്ദത്തിലാക്കും അമേരിക്ക. കഴിഞ്ഞദിവസം, കീവിലെത്തിയ പെന്റഗണ്‍ പ്രതിനിധി സംഘം, സെലെന്‍സ്‌കിയുമായി നടത്തിയ 45 മിനിറ്റ് കൂടിക്കാഴ്ചയില്‍ കരാറില്‍ ഒപ്പുവെയ്ക്കാന്‍ ഒരാഴ്ചത്തെ സമയപരിധി നിശ്ചയിച്ചതായാണ് റിപ്പോര്‍ട്ട്.

യുക്രെയ്ന്റെ യൂറോപ്യന്‍ സഖ്യകക്ഷികളായ പോളണ്ടും ഇറ്റലിയും ഫ്രാന്‍സും ഇതിനകം കരാര്‍ നിരസിച്ചു കഴിഞ്ഞു. യുക്രെയ്‌നെയും യൂറോപ്പിനെയും മാറ്റിനിര്‍ത്തി, റഷ്യയ്ക്ക് കൂടുതല്‍ ഇളവ് അനുവദിക്കുന്നതാണ് കരാറെന്ന് യൂറോപ്യന്‍ യൂണിയന്‍ വിമര്‍ശിച്ചു. ഏതൊരു കരാറിന്റെയും നിബന്ധനകള്‍ ആത്യന്തികമായി നിശ്ചയിക്കേണ്ടത് യുക്രെയ്‌നാണ് എന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി കാജാ കല്ലാസ് പറഞ്ഞു.

SCROLL FOR NEXT