

ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന് അമ്മയെ തൊടാന്‍ പോലും ആകില്ലെന്ന് ഷെയ്ഖ് ഹസീനയുടെ മകന്‍ സജീബ് വാസെദ്. അമ്മയെ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല. ഒരിക്കല്‍ അവിടെ നിയമവാഴ്ച സാധ്യമായാല്‍, ഇപ്പോഴത്തെ സകല പ്രക്രിയയും തൂത്തെറിയപ്പെടുമെന്നും വാസെദ് പറഞ്ഞു. ഹസീനയ്ക്ക് ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചതുമായി ബന്ധപ്പെട്ട് ഐഎഎന്‍സ് വാര്‍ത്താ ഏജന്‍സിയോടായിരുന്നു വാസെദിന്റെ പ്രതികരണം.
"അവര്‍ക്ക് എന്റെ അമ്മയെ കൊല്ലാനാവില്ല. അതുപോയിട്ട്, അവര്‍ക്ക് അവരെ കിട്ടുക പോലുമില്ല. ഒരിക്കല്‍ അവിടെ നിയമവാഴ്ച വന്നാല്‍, വിചാരണയുമായി ബന്ധപ്പെട്ട സകല പ്രക്രിയയും തൂത്തെറിയപ്പെടും. അവിടെ നടക്കുന്നത് അന്യായവും ഭരണഘടനാവിരുദ്ധവും സകല നിയമ തത്വങ്ങളുടെയും ലംഘനവുമാണ്. നിയമവാഴ്ച വന്നാല്‍ ഇതെല്ലാം തള്ളപ്പെടും. അതൊന്നും സുസ്ഥിരമല്ല. അതിനാല്‍ യൂനുസിന് അമ്മയെ തൊടാനാവില്ല. അവര്‍ക്ക് അമ്മയെ ഒന്നും ചെയ്യാനും ആവില്ല" -വാസെദ് പറഞ്ഞു.
വിചാരണ നടപടികളെല്ലാം നിയമവിരുദ്ധമായാണ് പൂര്‍ത്തിയാക്കിയതെന്നും വാസെദ് ആരോപിച്ചു. തെരഞ്ഞെടുക്കപ്പെടാത്ത, ഭരണഘടനാവിരുദ്ധമായ, നിയമവിരുദ്ധമായൊരു സര്‍ക്കാരാണ് അവിടെയുള്ളത്. ട്രൈബ്യൂണലിലെ വിചാരണ നടപടികള്‍ ഫാസ്റ്റ് ട്രാക്കിലാക്കാന്‍ അവര്‍ക്ക് നിയമം ഭേദഗതി ചെയ്യേണ്ടി വന്നു. നിയമ ഭേദഗതി പാര്‍ലമെന്റില്‍ മാത്രം സാധ്യമാകേണ്ടതാണ്. നിലവില്‍ അവിടെയൊരു പാര്‍ലമെന്റ് ഇല്ല. അതിനാല്‍ തന്നെ സകല പ്രക്രിയയും നിയമവിരുദ്ധമായാണ് പൂര്‍ത്തിയാക്കിയത്. അവര്‍ ട്രൈബ്യൂണലിലെ 17 ജഡ്ജിമാരെ നീക്കിയശേഷം, പരിചയസമ്പന്നതയില്ലാത്ത പുതിയൊരു ജഡ്ജിയെ നിയമിച്ചു. അയാള്‍ എന്റെ അമ്മയെക്കുറിച്ചൊരു മോശം പരാമര്‍ശം പരസ്യമായി പറഞ്ഞു. അദ്ദേഹം പക്ഷപാതിയാണെന്ന് വ്യക്തമാണ്. അമ്മയ്ക്ക് സ്വന്തം അഭിഭാഷകരെ തെരഞ്ഞെടുക്കാൻ പോലും അനുവാദമുണ്ടായിരുന്നില്ല. ട്രൈബ്യൂണല്‍ വിധി അടിച്ചേൽപ്പിക്കുകയായിരുന്നു. നീതിയെ പരിഹസിക്കുകയായിരുന്നെന്നും വാസെദ് പറഞ്ഞു.
ബംഗ്ലാദേശിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ കണക്കിലെടുത്ത് യൂനുസിന് നല്‍കിയ നൊബേല്‍ പുരസ്കാരം തിരിച്ചെടുക്കണമെന്ന പ്രചരണങ്ങളോടും വാസെദ് പ്രതികരിച്ചു. നൊബേല്‍ സമിതി ഒരിക്കലും പുരസ്കാരം തിരിച്ചെടുക്കില്ല. മ്യാൻമറിലെ നൊബേല്‍ പുരസ്കാര ജേതാവായ ആങ് സാൻ സൂകിയെ നോക്കൂ. അവർ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നേടി. അടിസ്ഥാനപരമായി, ലോബിയിങ്ങിലൂടെയാണ് നൊബേല്‍ പുരസ്കാരം ലഭിക്കുന്നത്. പക്ഷേ, അവര്‍ റോഹിങ്ക്യകളെ കൊന്നൊടുക്കുന്നതിന് നേതൃത്വം കൊടുക്കുകയായിരുന്നു. അതുപോലെ, യൂനുസ് ബംഗ്ലാദേശിനെ പരാജിത രാഷ്ട്രവും ഇസ്ലാമിക ഭീകര രാഷ്ട്രവുമാക്കി മാറ്റുകയാണെന്നും വാസെദ് കൂട്ടിച്ചേര്‍ത്തു.
2024ലെ പ്രക്ഷോഭത്തിനിടെ വിദ്യാര്‍ഥികളെ കൂട്ടത്തോടെ കൊന്നൊടുക്കിയ അടിച്ചമര്‍ത്തലില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയാണ് ഹസീനയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. കലാപത്തിന് പ്രേരിപ്പിച്ചു, പ്രക്ഷോഭകരെ കൊല്ലാൻ ഉത്തരവിട്ടു, കൂട്ടക്കൊല തടയാൻ ശ്രമിച്ചില്ല എന്നീ മൂന്ന് കുറ്റങ്ങളാണ് ഹസീനയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ വിധിയെ സ്വാഗതം ചെയ്തു. അതേസമയം, രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതും കെട്ടിച്ചമച്ചതുമായ വിധിയെന്നായിരുന്നു ഹസീനയുടെ പ്രതികരണം. കലാപത്തെത്തുടര്‍ന്ന് രാജ്യംവിട്ട ഹസീന ഇന്ത്യയിലാണ് അഭയം തേടിയിരിക്കുന്നത്.