WORLD

ധൈര്യത്തിന്റെയും കരുതലിന്റെയും ആള്‍രൂപം; സ്മിത്ത് മഛാറിന് സ്നേഹ ചുംബനം നല്‍കി ദുബായ് കിരീടാവകാശി

ആശുപത്രിക്കിടക്കയില്‍ സ്മിത്ത് മഛാറിന് സ്നേഹ ചുംബനം നല്‍കുന്ന ചിത്രത്തിനൊപ്പമാണ് ഷെയ്ഖ് ഹംദാൻ സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചത്

Author : ന്യൂസ് ഡെസ്ക്

സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്ത് ഫ്ലൈ ദുബായ് വിമാനത്തെയും യാത്രക്കാരെയും രക്ഷപ്പെടുത്തിയ ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മഛാറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ധൈര്യത്തിന്റെയും ഉത്തരവാദിത്തം നിറവേറ്റലിന്റെയും സഹജീവികളോടുള്ള കരുതലിന്റെയും സമുന്നതിയുടെ ആൾരൂപം എന്നാണ് സ്മിത്ത് മഛാറിനെ ദുബായ് കിരീടാവകാശി വിശേഷിപ്പിച്ചത്. ആശുപത്രിക്കിടക്കയില്‍ സ്മിത്ത് മഛാറിന് സ്നേഹ ചുംബനം നല്‍കുന്ന ചിത്രത്തിനൊപ്പമാണ് ഷെയ്ഖ് ഹംദാൻ സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചത്.

യുഎഇ നിലകൊള്ളുന്ന മൂല്യങ്ങളുടെയും ചരിത്രത്തിന്റെയും ഭാഗമാണ് സ്മിത്തെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. യുഎഇ സ്നേഹത്തിന്റെ രാജ്യമാണ്. സ്മിത്ത് പ്രകടിപ്പിച്ചത് ഏറ്റവും ഉയര്‍ന്ന ധൈര്യവും ഉത്തരവാദിത്തവും സഹജീവി കരുതലുമാണെന്നും ഷെയ്ഖ് ഹംദാൻ കൂട്ടിച്ചേര്‍ത്തു. ഫ്ലൈ ദുബായിയിലേത് 'അപകടകരമായ ഭീകര പ്രവൃത്തി'യായിരുന്നെന്നും സ്മിത്ത് മഛാർ അഭിനന്ദനം അർഹിക്കുന്നുവെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷും ഇന്നലെ കുറിച്ചിരുന്നു.

സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിലാണ് പൈലറ്റ് കോക്‌പിറ്റില്‍ അക്രമം അഴിച്ചുവിട്ടത്. സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്ത സ്മിത്ത് മഛാര്‍, യാത്രക്കാരുടെ സഹായത്തോടെ അദ്ദേഹത്തെ കീഴ്പ്പെടുത്തുകയായിരുന്നു. വിമാനത്തിന്റെ നിയന്ത്രണം തിരികെ പിടിച്ചശേഷം, സുരക്ഷിതമായി സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു.

ആക്രമണത്തില്‍ പരിക്കേറ്റ സ്മിത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെ നേതാക്കള്‍ സ്മിത്തിന്റെ ധൈര്യത്തെ പ്രശംസിച്ചിരുന്നു. നൂറുകണക്കിന് ആളുകളുടെ ജീവനാണ് രക്ഷിച്ചതെന്നും, ഇന്ത്യ നിങ്ങളെയോർത്ത് അഭിമാനിക്കുന്നുവെന്നുമായിരുന്നു മോദിയുടെ വാക്കുകള്‍. ക്യാപ്റ്റൻ സ്മിത്ത് മഛാര്‍ ട്രൂ ഹീറോ ആണെന്നായിരുന്നു നെതന്യാഹുവിന്റെ അഭിനന്ദനം.

SCROLL FOR NEXT