ഇന്ത്യക്ക് മേൽ യുഎസ് ചുമത്തിയ 50 ശതമാനം തീരുവ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ. യുഎസിൽ ഇന്ത്യൻ ഉൽപന്നങ്ങളുടെ വില വർധിക്കുന്നതോടെ, ക്രമേണ കയറ്റുമതി കുറയുമെന്നുമാണ് വിദഗ്ധരുടെ നിരീക്ഷണം.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടർന്നതിന് പിന്നാലെ അധിക നികുതി ചുമത്തിയ യുഎസ് പ്രഹരത്തിൽ നിന്ന് ഇന്ത്യയ്ക്ക് അത്രപെട്ടന്ന് കരകയറാനികില്ല. രാജ്യത്തിൻ്റെ വിവിധ വ്യവസായ മേഖലകളെയാണ് നടപടി പ്രതികൂലമായി ബാധിക്കുക. ജൈവ രാസവസ്തുക്കൾ, വസ്ത്രങ്ങൾ, കാർപെറ്റുകൾ, മേക്കപ്പ് വസ്തുക്കൾ, വജ്രം, സ്വർണം, മെക്കാനിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കെല്ലാം വില വർധിക്കും. ഇന്ത്യയിൽ നിന്ന് വസ്തങ്ങൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് യുഎസിലേക്കാണ്. ഇത് വസ്ത്രവ്യാപാര മേഖലയ്ക്ക് വലിയ തിരിച്ചടിയാണുണ്ടാക്കുക. സമുദ്രോൽപ്പന്ന കയറ്റുമതി വ്യവസായവും പ്രതിസന്ധിയിലാകും.
യുഎസിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വില വർധിക്കുന്നത് കയറ്റുമതി കുറയാൻ കാരണമാകും. താരിഫ് അധികമായതിനാൽ ഇതിനോടകം തന്നെ പല കമ്പനികളും കയറ്റുമതി ഓർഡറുകൾ ഇതിനോടകം തന്നെ നിർത്തിവച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയുടെ 55 ശതമാനം കയറ്റുമതിയെയാണ് അധിക തീരുവ പ്രഖ്യാപനം പ്രതികൂലമായി ബാധിക്കുക. ജൂലൈ 31 ന് പ്രഖ്യാപിച്ച തീരുവ ഓഗസ്റ്റ് 7 നാണ് പ്രാബല്യത്തിൽ വരിക. അധികമായി ചുമത്തിയ 25 ശതമാനം ഓഗസ്റ്റ് 27 മുതൽ നടപ്പിലാക്കും. ചൈനയും തുർക്കിയും റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും പിഴ ചുമത്തിയിട്ടുള്ളത് ഇന്ത്യയ്ക്ക് മേൽ മാത്രമാണ്.