കെയ്റോ: അറബ് വസന്ത പ്രക്ഷോഭ കാലത്തെ നേതാക്കളില്‍ ഒരാളായ പ്രമുഖ ബ്രീട്ടീഷ് ഈജിപ്ഷ്യന്‍ ആക്ടിവിസ്റ്റ് അലാ അബ്ദുള്‍ ഫത്താ ജയില്‍ മോചിതനാകുന്നു. ആറ് വര്‍ഷത്തെ തടവിന് ശേഷമാണ് അലാ അബ്ദുള്‍ ഫത്താ ജയില്‍ മോചിതനാകുന്നത്.
ഈജിപ്ത് പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസി മാപ്പ് നല്‍കിയതോടെയാണ് മോചനത്തിനുള്ള വഴിയൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അലായ്‌ക്കൊപ്പം അഞ്ചു തടവുകാരെ കൂടി മോചിപ്പിക്കുമെന്നാണ് വിവരം.
43കാരനായ ബ്ലോഗര്‍ കൂടിയായ ആലാ ഈജിപ്തിലെ ജനാധിപത്യ ആക്ടിവിസ്റ്റുകൂടിയാണ്. 2019ലാണ് അലാ അറസ്റ്റിലാകുന്നത്. പിന്നീട് 2021ല്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് വീണ്ടും അഞ്ച് വര്‍ഷത്തേക്ക് ജയിലില്‍ അടച്ചു. ഒരു തടവുകാരന്റെ മരണത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന്റെ പേരിലായിരുന്നു അറസ്റ്റ്.
ഈ മാസം ഒന്നിന് അലാ നിരാഹാര സമരം ആരംഭിച്ചിരുന്നു. പിന്നാലെ അലായെ മോചിപ്പിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. 2024ല്‍ തന്നെ അദ്ദേഹം ജയില്‍ മോചിതനാകേണ്ടതായിരുന്നുവെന്നും എന്നാല്‍ ഈജിപ്ത് അധികൃതര്‍ വിചാരണയ്ക്ക് മുമ്പ് ജയിലില്‍ കിടന്ന സമയം കൂടി ഇതിനൊപ്പം ചേര്‍ക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നും അലായുടെ കുടുംബം ആരോപിച്ചു.