Source: X
WORLD

യുഎസിൽ സൈനിക വിമാനം തകർന്ന് വീണ് എട്ട് മരണം

സൈനികരും ഗവൺമെൻ്റ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടവരിലുള്ളത്.

Author : ന്യൂസ് ഡെസ്ക്

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നു വീണ് 8 പേർ കൊല്ലപ്പെട്ടു. അമേരിക്കൻ വ്യോമസേനയുടെ സബ് സോണിക് ശേഷിയുള്ള ബി52 സ്ട്രാറ്റോഫോർട്രെസ് ബോംബർ വിമാനമാണ് കാലിഫോർണിയയിലെ എഡ്വേർഡ്സ് വ്യോമസേനാ താവളത്തിൽ നിന്നും പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീണത്.

അപകടം നടന്നയുടൻ തന്നെ അടിയന്തര രക്ഷാപ്രവർത്തക സംഘം സംഭവസ്ഥലത്ത് എത്തിച്ചേർന്നതായും നിലവിൽ അവിടെ രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എട്ട് പേർ കൊല്ലപ്പെട്ടതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൈനികരും ഗവൺമെൻ്റ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടവരിലുള്ളത്. അതേസമയം മരിച്ചവരുടെ പേരു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

സാധാരണയായി അഞ്ച് പേർ അടങ്ങുന്ന ക്രൂ യാത്ര ചെയ്യുന്ന ബോയിംഗ് ബി-52 സ്ട്രാറ്റോഫോർട്രെസ്, 1955 ലാണ് സർവീസിൻ്റെ ഭാഗമാകുന്നത്. പരമ്പരാഗത ആയുധങ്ങളും ആണവായുധങ്ങളും വഹിക്കുവാനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഇത്, വിയറ്റ്നാം യുദ്ധം മുതൽ മിഡിൽ ഈസ്റ്റിലെ സമീപകാല സംഘർഷങ്ങളിൽ വരെ ഉപയോഗിച്ചിട്ടുണ്ട്.

അനലോഗിൽ നിന്ന് ഡിജിറ്റലിലേക്ക് റഡാർ നവീകരിക്കുന്നതിൻ്റെ ഭാഗമായ ഒരു പദ്ധതിയുടെ ഭാഗമായുള്ള ഒരു പരീക്ഷണ ദൗത്യത്തിലാണ് വിമാനം പറത്തിയതെന്ന് എബിസി ന്യൂസ് 7 റിപ്പോർട്ട് ചെയ്യുന്നു. അതേസമയം അപകട കാരണത്തെ സംബന്ധിച്ച വിവരങ്ങളും ഔദ്യോഗിക വൃത്തങ്ങൾ പുറത്തുവിടാൻ തയ്യാറായിട്ടില്ല.

SCROLL FOR NEXT