ഇലോൺ മസ്‌ക് 
WORLD

ഇന്ത്യയിലെ പ്രത്യുത്പാദന നിരക്ക് കുത്തനെ ഇടിയുന്നു; ആശങ്ക പ്രകടിപ്പിച്ച് ഇലോണ്‍ മസ്‌ക്

ഇന്ത്യയിലെ പ്രത്യുത്പാദന നിരക്കിലെ ഇടിവിനെക്കുറിച്ചുള്ള വാര്‍ത്താ റിപ്പോര്‍ട്ട് പങ്കുവെച്ചായിരുന്നു മസ്‌കിന്റെ പോസ്റ്റ്.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയിലെ പ്രത്യുത്പാദന നിരക്ക് ഇടിയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക്. ഇന്ത്യയില്‍ ജനസംഖ്യ നിലനിര്‍ത്താന്‍ ആവശ്യമായ തോതില്‍നിന്ന് പ്രത്യുത്പാദന നിരക്ക് കുത്തനെ ഇടിയുകയാണെന്നും, ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ക്കിടയില്‍ ഇത് വര്‍ഷങ്ങളായി പ്രകടമാണെന്നും മസ്‌ക് എക്‌സില്‍ കുറിച്ചു. ഇന്ത്യയിലെ പ്രത്യുത്പാദന നിരക്കിലെ ഇടിവിനെക്കുറിച്ചുള്ള വാര്‍ത്താ റിപ്പോര്‍ട്ട് പങ്കുവെച്ചായിരുന്നു മസ്‌കിന്റെ പോസ്റ്റ്.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യയുടെ മൊത്തം പ്രത്യുത്പാദന നിരക്ക് 2.3 ല്‍ നിന്ന് 1.9 ആയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡല്‍ഹിയിലെ ജനന നിരക്ക് 1.2 ആണെന്നും അത് ഫിന്‍ലാന്‍ഡിന്റെ ജനന നിരക്കിനേക്കാള്‍ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

"ഇന്ത്യയുടെ ജനന നിരക്ക് നിലനിര്‍ത്തപ്പെടേണ്ട അളവിനേക്കാള്‍ കുറഞ്ഞിരിക്കുകയാണ്. വിദ്യാഭ്യാസം കൂടിയവരില്‍ ഈ നിരക്ക് കുറേ വര്‍ഷം മുന്നേ കുറഞ്ഞിട്ടുണ്ട്," ഇലോണ്‍ മസ്‌ക് പറഞ്ഞു.

ലോകത്ത് ജനന നിരക്ക് കുറയുന്നതിനെക്കുറിച്ചും ജനസംഖ്യാ നിരക്കിലെ ട്രെന്‍ഡുകളെക്കുറിച്ചും നിരന്തരം സംസാരിക്കാറുള്ള വ്യക്തിയാണ് ഇലോണ്‍ മസ്‌ക്. ജപ്പാന്‍ അടക്കം പല രാജ്യങ്ങളും നേരിടുന്ന വലിയ പ്രതിസന്ധി കുറയുന്ന പ്രത്യുത്പാദന നിരക്ക് ആണെന്നും മസ്‌ക് പറഞ്ഞു.

ലോകത്ത് ജനസംഖ്യ കൂടുതലാണെന്നാണ് പലരും വിചാരിച്ചിരുന്നത്. എന്നാല്‍ അങ്ങനെ അല്ല, നേരെ തിരിച്ചാണ് സംഭവിക്കുന്നതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ മസ്‌ക് പറഞ്ഞിരുന്നു.

SCROLL FOR NEXT