ഇലോൺ മസ്കും ഡൊണാൾഡ് ട്രംപും Source: X/ ( fan ) Elonmusk
WORLD

'പറഞ്ഞത് കുറച്ച് കൂടിപ്പോയി...'; ട്രംപിനെ കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ മസ്‌കിന് ഖേദം

താൻ നടത്തിയ ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഇലോൺ മസ്‌ക് എക്സിൽ കുറിച്ചു

Author : ന്യൂസ് ഡെസ്ക്

യുഎസ് കാര്യക്ഷമതാ വകുപ്പില്‍ (DOGE) നിന്ന് പടിയിറങ്ങിയതിനു പിന്നാലെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ നടത്തിയ വിമ‍ശനങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്. താൻ നടത്തിയ ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഇലോൺ മസ്‌ക് എക്സിൽ കുറിച്ചു. താൻ പറഞ്ഞത് കൂടിപ്പോയെന്നും മസ്ക് എക്സിൽ കുറിച്ചു.

ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്സ്റ്റീന്റെ കേസ് ഫയലുകളില്‍ ട്രംപിൻ്റെ പേരുണ്ടെന്നായിരുന്നു ഇലോണ്‍ മസ്കിന്റെ പ്രധാന ആരോപണം. അതുകൊണ്ടാണ് കേസ് ഫയലുകൾ പുറത്ത് വരാത്തതെന്നും മസ്ക് ആരോപിച്ചിരുന്നു. "ശരിക്കും ഒരു വലിയ ബോംബ് ഇടേണ്ട സമയമായിരിക്കുന്നു. ഡൊണാൾഡ് ട്രംപിന്റെ പേര് എപ്സ്റ്റീൻ ഫയലുകളിൽ ഉണ്ട്. അവ പരസ്യമാക്കാത്തതിന്റെ യഥാർഥ കാരണം അതാണ്. ഡിജെടി, നിങ്ങൾക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു! ഈ പോസ്റ്റ് ഭാവിയിലേക്ക് അടയാളപ്പെടുത്തുക. സത്യം പുറത്തുവരും," മസ്‌ക് എക്സില്‍ കുറിച്ചു.

വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ യുഎസ് പ്രസിഡൻ്റാക്കണമെന്നും മസ്ക് ആവശ്യപ്പെട്ടിരുന്നു. താൻ ഇല്ലായിരുന്നങ്കിൽ ഡൊണാള്‍ഡ് ട്രംപ് 2024 പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോൽക്കുമായിരുന്നുവെന്നും ഇലോണ്‍ മസ്ക് പറഞ്ഞു. ട്രംപ് നന്ദികേടാണ് പറയുന്നതെന്നും മസ്ക് എക്സിൽ കുറിച്ചു. ട്രംപിൻ്റെ താരിഫ് നയങ്ങൾക്കെതിരെയും ഇലോൺ മസ്ക് രംഗത്തെത്തിയിരുന്നു. രാജിവെച്ച ഡോജ് മുൻ മേധാവിയിൽ താൻ 'നിരാശനാണെന്ന്' ട്രംപ് പറഞ്ഞതിന് പിന്നാലെയായിരുന്നു മസ്കിൻ്റെ പ്രതികരണങ്ങള്‍. ദിവസങ്ങൾക്ക് ശേഷം ട്രംപിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടുള്ള എക്സ് പോസ്റ്റുകള്‍ മസ്ക് പിന്‍വലിച്ചിരുന്നു.

അതേസമയം, മസ്കിന് മുന്നറിയിപ്പുമായി ട്രംപ് രം​ഗത്തെത്തിയിരുന്നു. ട്രംപിന്റെ ബജറ്റ് ബില്ലിനെ അനുകൂലിക്കുന്ന റിപ്പബ്ലിക്കന്‍ പാർട്ടിക്കാരെ എതിർത്ത് ഡെമോക്രാറ്റുകള്‍ക്ക് സമ്പത്തിക സഹായം നല്‍കിയാല്‍ 'ഗുരുതര പ്രത്യാഘാതങ്ങള്‍' നേരിടേണ്ടി വരുമെന്നായിരുന്നു യുഎസ് പ്രസിഡന്റിന്റെ ഭീഷണി.

SCROLL FOR NEXT