
ടെസ്‌ല സിഇഒ ഇലോണ്‍ മസ്കിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ബജറ്റ് ബില്ലിനെ അനുകൂലിക്കുന്ന റിപ്പബ്ലിക്കന്‍ പാർട്ടിക്കാരെ എതിർത്ത് ഡെമോക്രാറ്റുകള്‍ക്ക് സമ്പത്തിക സഹായം നല്‍കിയാല്‍ 'ഗുരുതര പ്രത്യാഘാതങ്ങള്‍' നേരിടേണ്ടി വരുമെന്നാണ് യുഎസ് പ്രസിഡന്റിന്റെ ഭീഷണി. എന്‍ബിസി ന്യൂസിനോടായിരുന്നു ടെസ്‌ല സിഇഒയ്ക്കെതിരായ ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന. ട്രംപിന്റെ പുതിയ പ്രസ്താവന ടെക് ബില്യണയറുമായുള്ള പോര് മുറുകുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
യുഎസ് കാര്യക്ഷമതാ വകുപ്പില്‍ (DOGE) നിന്ന് പടിയിറങ്ങിയതിനു പിന്നാലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത വിമർശനങ്ങളാണ് മസ്ക് ഉന്നയിച്ചത്. മസ്കിന്റെ ആരോപണങ്ങളെ തള്ളിയും രൂക്ഷമായി പരിഹസിച്ചും ട്രംപും രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ഇരുവരുടെയും തർക്കങ്ങള്‍. ഫിനാന്‍സിയറായ ജെഫ്രി എപ്സ്റ്റീന്റെ ലൈംഗികാതിക്രമ കേസ് ഫയലുകളില്‍ ട്രംപിന്റെ പേരുണ്ടെന്നും അതിനാലാണ് കൂടുതല്‍ വിശദാംശങ്ങള്‍ സർക്കാർ പുറത്തുവിടാത്തത് എന്നും മസ്ക് ആരോപിച്ചു. എന്നാല്‍, ഡെമോക്രാറ്റിക് പാർട്ടി ഈ ആരോപണം തള്ളി. രാജിവെച്ച ഡോജ് മുൻ മേധാവിയിൽ താൻ 'നിരാശനാണെന്ന്' ട്രംപ് പറഞ്ഞതിന് പിന്നാലെയായിരുന്നു മസ്കിൻ്റെ ഈ പ്രതികരണങ്ങള്‍.
നികുതി ഇളവ്-ചെലവ് ബില്ലില്‍ ഇലക്ട്രിക് വാഹന (ഇവി) സബ്‌സിഡികൾ വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുണ്ടെന്ന് കണ്ടെത്തിയതിന് ശേഷമാണ് മസ്‌ക് ബില്ലിനെ എതിർക്കുന്നത് എന്നായിരുന്നു ട്രംപിന്റെ മറുപടി. നികുതി ബില്ലിനെ എതിർത്ത മസ്‌കിനെ 'കിറുക്കന്‍' എന്നാണ് പരസ്യമായി ട്രംപ് വിശേഷിപ്പിച്ചത്. ബജറ്റിൽ, കോടിക്കണക്കിന് ഡോളറുകൾ ലാഭിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം, ഇലോണിന്റെ സർക്കാർ സബ്‌സിഡികളും കരാറുകളും അവസാനിപ്പിക്കുക എന്നതാണെന്നും യുഎസ് പ്രസിഡന്റ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. കരാറുകൾ റദ്ദാക്കുമെന്ന സൂചന ട്രംപ് നല്‍കിയതിനു പിന്നാലെ ഡ്രാഗൺ ബഹിരാകാശ പേടകം ഉടൻ ഡീകമ്മീഷൻ ചെയ്യുമെന്ന് പറഞ്ഞാണ് മസ്ക് തിരിച്ചടിച്ചത്.
ട്രംപിന്റെ ബജറ്റ് ബില്ലിനെ എതിർക്കുന്ന ചില നിയമനിർമാതാക്കൾ മസ്കിനെ സമീപിച്ചതായും സഹായം തേടിയതായും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രംപ് കാര്യക്ഷമതാ വകുപ്പ് മുന്‍ മേധാവിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ യുഎസ് പ്രസിഡന്റ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാർഥിയായ ട്രംപിന്റെ പ്രധാന സാമ്പത്തിക സഹായിയായിരുന്നു മസ്ക്.
അതേസമയം, കഴിഞ്ഞ ദിവസം ട്രംപിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടുള്ള എക്സ് പോസ്റ്റുകള്‍ മസ്ക് പിന്‍വലിച്ചിരുന്നു. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളിൽ ട്രംപിന്റെ പേര് പരാമർശിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന പോസ്റ്റാണ് മസ്ക് നീക്കം ചെയ്തത്.