ഇറാനിലെ ആണവകേന്ദ്രങ്ങള്‍ യുഎസ് ആക്രമിച്ചതിനു പിന്നാലെ അടിയന്തര യോഗം വിളിച്ച് അന്താരാഷ്ട്ര ആണവോര്‍ജ സമിതി (ഐ.എ.ഇ.എ). ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ഏറ്റവും പുതിയ ആക്രമണങ്ങളെത്തുടർന്നുണ്ടായ 'അടിയന്തര സാഹചര്യം' കണക്കിലെടുത്താണ് തിങ്കളാഴ്ച ബോര്‍ഡ് ഓഫ് ഗവേണേഴ്സ് യോഗം വിളിക്കുന്നതെന്ന് ഡയറക്ടര്‍ ജനറല്‍ മരിയാനോ ഗ്രോസി അറിയിച്ചു.
"ആണവ സുരക്ഷയുടെയും ഭദ്രതയുടെയും കാര്യത്തില്‍ വര്‍ധിക്കുന്ന ഗുരുതര സാഹചര്യം കണക്കിലെടുത്ത്, നാളെ ബോര്‍ഡ് ഓഫ് ഗവേണേഴ്സിന്റെ അസാധാരണ യോഗം ചേരും. യോഗത്തെ ഞാന്‍ അഭിസംബോധന ചെയ്യും" - ഔദ്യോഗിക കുറപ്പില്‍ ഗ്രോസി പറഞ്ഞു. ഫോർദോ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം ഉൾപ്പെടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്കു ശേഷം ഓഫ്-സൈറ്റ് റേഡിയേഷന്‍ തോതില്‍ വര്‍ധന ഉണ്ടായിട്ടില്ലെന്ന് ഇറാനിയൻ റെഗുലേറ്ററി അധികാരികൾ ഐഎഇഎയെ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ പരിശോധന നടക്കുന്ന സ്ഥലങ്ങള്‍ക്ക് പുറത്തുള്ള ആളുകള്‍ക്കോ, പരിസ്ഥിതിക്കോ ആരോഗ്യപരമായ എന്തെങ്കിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇപ്പോള്‍ കരുതുന്നില്ല. ഇറാനിലെ സ്ഥിതിഗതികൾ തുടർന്നും നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതനുസരിച്ച് പുതിയ അപ്‌ഡേറ്റുകൾ നൽകുമെന്നും ഗ്രോസി വ്യക്തമാക്കി.
ആണവ കേന്ദ്രങ്ങള്‍ ഒരിക്കല്‍പ്പോലും ആക്രമിക്കപ്പെടരുതെന്ന് വെള്ളിയാഴ്ച ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയിലും ഗ്രോസി ആഹ്വാനം ചെയ്തിരുന്നു. സൈനിക സംയമനത്തിനും നയതന്ത്ര പരിഹാരവുമാണ് ആവശ്യം. അതിനുള്ള നടപടികള്‍ എത്രയും വേഗം കൈക്കൊള്ളണമെന്നുമായിരുന്നു ഗ്രോസി സമിതിയില്‍ പറഞ്ഞത്.
ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം ആരംഭിക്കുന്നതിനു മുന്‍പായി ഐ.എ.ഇ.എ നടത്തിയ പരിശോധന അനുസരിച്ച്, ഇസ്ഫഹാൻ, നതാൻസ് ഉള്‍പ്പെടെ യുഎസ് ആക്രമിച്ച മൂന്ന് ആണവ കേന്ദ്രങ്ങളില്‍ വ്യത്യസ്ത അളവുകളിൽ സമ്പുഷ്ടമാക്കിയ യുറേനിയത്തിന്റെ രൂപത്തിലുള്ള ആണവ വസ്തുക്കൾ ഉണ്ട്. ആക്രമണത്തിന്റെ ഫലമായി ഈ കേന്ദ്രങ്ങളില്‍ റേഡിയോ ആക്ടീവ്, രാസ മലിനീകരണം സംഭവിച്ചേക്കാം. ഇത്തരമൊരു സാഹചര്യത്തില്‍ കൂടിയാണ് ഐ.എ.ഇ.എ അടിയന്തര യോഗം ചേരുന്നത്.