കാഠ്മണ്ഡു: നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രി ആരെന്നതിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. നേപ്പാൾ ഇലക്‌ട്രിസിറ്റി ബോർഡ് മുൻ സിഇഒ കിൽമാൻ ഘിസിങിന്റെ പേരാണ് ജെൻ സീകൾ നിർദേശിച്ചത്. ഇതിൽ സൈന്യം തീരുമാനം എടുത്തിട്ടില്ല. അതിനിടെ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജെൻ സീകൾ ആദ്യം നിർദേശിച്ച മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി സൈനിക നേതൃത്വം ചർച്ച നടത്തി.
ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് പുതിയ പേര് നിർദേശിച്ചതും ജെൻ സീ പ്രതിഷേധക്കാരാണ്. മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയുടെ പേരിനെ തള്ളിയാണ് നേപ്പാൾ ഇലക്‌ട്രിസിറ്റി ബോർഡ് മുൻ സിഇഒ കിൽമാൻ ഘിസിങിന്റെ പേര് നിർദേശിച്ചത്. ഇലക്‌ട്രിസിറ്റി ബോർഡിന്റെ നേതൃസ്ഥാനം ഏറ്റെടുത്ത് രണ്ട് മാസങ്ങൾക്കകം നേപ്പാളിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയതിലൂടെ ജനകീയനായ വ്യക്തിയാണ് ഘിസിങ്. ജനപ്രീതിയുണ്ടായിട്ടും എൻഇഎ നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടു. പുറത്താക്കൽ രാഷ്ട്രീയപ്രേരിത നീക്കമെന്ന വിമർശനം ഉയർന്നിരുന്നു. ഇതെല്ലാം ഘിസിങിനെ പിന്തുണയ്ക്കാനുള്ള കാരണമായി ജെൻ സികൾ മുന്നോട്ടുവയ്ക്കുന്നു. മാത്രമല്ല, കഴിഞ്ഞ ദിവസം ജെൻ സീകളുടെ പങ്കാളിത്തതോടെ സർക്കാർ രൂപീകരിക്കണം എന്ന് കുൽമാൻ ഘീസിങ് ആവശ്യപ്പെട്ടിരുന്നു. ഇതും ജെൻ സീകളുടെ പിന്തുണയ്ക്ക് കാരണമായി.
സൂശീല കർക്കിയുടെ പേരിനെതിരെ ജെൻ സികളുടെ ഇടയിൽ എതിർപ്പ് ഉയർന്നിരുന്നു. 70 വയസ്സിന് മുകളിൽ പ്രായമുള്ള സുശീല കർക്കി ജെൻ സീകളെ എങ്ങനെ പ്രതിനിധീകരിക്കും എന്നതായിരുന്നു എതിർപ്പിന് കാരണം. ഇതെല്ലാം ചൂണ്ടിക്കാട്ടി ജെൻ സികളുടെ പ്രതിനിധി സംഘം എന്ന് അവകാശപ്പെടുന്ന സംഘടനയുടെ കത്തും പുറത്തുവന്നു. കാഠ്‌മണ്ഡും മേയർ ബലേൻ ഷായുടെ പേരും പരിഗണിച്ചെങ്കിലും, നേതൃസ്ഥാനത്തേക്ക് ഷാ താൽപര്യം പ്രകടിപ്പിക്കാഞ്ഞതും ഘിസിങിന്റെ പേരിന് പിന്തുണ വർധിപ്പിക്കാൻ ഇടയാക്കി. അതേസമയം, തിങ്കളാഴ്ച പൊട്ടിപ്പുറപ്പെട്ട ജെൻ സികളുടെ പ്രതിഷേധത്തെ തുടർന്നുണ്ടായ അരക്ഷിതാവസ്ഥ നിയന്ത്രിക്കാനുള്ള ശ്രമം നേപ്പാളിൽ തുടരുകയാണ്.
രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതോടെ, പ്രതിഷേധങ്ങളും അക്രമങ്ങളും ഒരുപരിധി വരെ അവസാനിച്ചെങ്കിലും അങ്ങിങ്ങ് ഇപ്പോഴും അക്രമം പൊട്ടിപ്പുറപ്പെടുന്നുണ്ട്. പ്രതിഷേധക്കാരുടെ നേതൃത്വത്തിൽ ജയിലിൽ നിന്ന് മോചിപ്പിച്ച തടവുകാരെ ഉൾപ്പടെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനിടെ രാമെച്ചാപ്പിലെ ജയിൽ നിന്ന് രക്ഷപ്പെടാനുള്ള തടവുകാരുടെ ശ്രമം സൈന്യം തടഞ്ഞു. സൈന്യവും തടവുകാരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു. പത്തിലേറെ പേർക്ക് പരിക്കേറ്റു. പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് മുൻ പ്രധാനമന്ത്രിയും മാവോയിസ്റ്റ് നേതാവുമായ പ്രചണ്ഡയും മാവോയിസ്റ്റുകളും രംഗത്തുവന്നു. ഇത് നിയന്ത്രണ വിധേയമായ പ്രതിഷേധത്തെ വീണ്ടും ശക്തമാക്കാൻ ഇടയാക്കുമെന്നാണ് ആശങ്കയും ഉയരുന്നുണ്ട്. സംഘർഷങ്ങളിൽ നേപ്പാളിൽ ഇതുവരെ 30 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.