ഹെലികോപ്റ്ററില്‍ തൂങ്ങി രക്ഷപ്പെടുന്ന മന്ത്രിമാരും കുടുംബവും; നേപ്പാളില്‍ സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും

പ്രക്ഷോഭം തുടരുന്ന നേപ്പാളില്‍ നിന്നും പുറത്തുവരുന്ന നിരവധി ദൃശ്യങ്ങളില്‍ ഒന്നുമാത്രമാണിത്
Image: screengrab , സുശീല കർക്കി
Image: screengrab , സുശീല കർക്കി
Published on

കാഠ്മണ്ഡു: ജെന്‍ സി പ്രക്ഷോഭം തുടരുന്ന നേപ്പാളില്‍ നിന്നുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. പ്രക്ഷോഭകരില്‍ നിന്നും രക്ഷപ്പെടാന്‍ ഹെലികോപ്റ്ററില്‍ തൂങ്ങി പോകുന്ന മന്ത്രിമാരുടേയും ബന്ധുക്കളുടേയും ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

പ്രക്ഷോഭം തുടരുന്ന നേപ്പാളില്‍ നിന്നും പുറത്തുവരുന്ന നിരവധി ദൃശ്യങ്ങളില്‍ ഒന്നുമാത്രമാണിത്. പ്രതിഷേധങ്ങളുടെ മറവില്‍ വ്യാപകമായി അക്രമവും കൊള്ളയും നടക്കുന്നതായും ആക്ഷേപമുണ്ട്. പൊതുമുതല്‍ നശിപ്പിച്ചാല്‍ കനത്ത നടപടി നേരിടേണ്ടി വരുമെന്ന് കരസേനാ മേധാവി ജനറല്‍ അശോക് രാജ് സിഗ്‌ദേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Image: screengrab , സുശീല കർക്കി
നേപ്പാളിലെ ജെൻ സി പ്രതിഷേധം: പൊതു മുതൽ നശിപ്പിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന താക്കീതുമായി കരസേനാ മേധാവി

പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച് സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും സിഗ്‌ദേല്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിനിടയില്‍ മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ ഇടക്കാല സര്‍ക്കാര്‍ മേധാവിയായി തിരഞ്ഞെടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബുധനാഴ്ച നടന്ന പ്രതിഷേധത്തില്‍ യുവാക്കള്‍ക്കൊപ്പം സുശീല കര്‍ക്കിയും എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

പ്രതിഷേധം രൂക്ഷമായതോടെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാം ചന്ദ്ര പൗഡേലും പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയും രാജിവെച്ചിരുന്നു. ഒലി രാജ്യം വിടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സൈനിക ഹെലികോപ്റ്ററില്‍ തൂങ്ങിയാടി രക്ഷപ്പെടുന്ന മന്ത്രിമാരുടെ ദൃശ്യങ്ങളും പുറത്തുവരുന്നത്.

ബുധനാഴ്ചയുണ്ടായ പ്രക്ഷോഭത്തില്‍ നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങളും പാര്‍ലമെന്റ് കെട്ടിടവും പ്രക്ഷോഭകാരികള്‍ തീവെച്ച് നശിപ്പിച്ചിരുന്നു. കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി പൃഥ്വി സുബ്ബ ഗുരുങ്ങിന്റെ വീടിന് തീയിടുകയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ബിഷ്ണു പൗഡലിന്റെയും നേപ്പാള്‍ രാഷ്ട്ര ബാങ്ക് ഗവര്‍ണര്‍ ബിശ്വോ പൗഡലിന്റെയും വസതിക്ക് നേരെ കല്ലേറുമുണ്ടായി. മുന്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക്കിന്റെ വീടിനു നേരേയും ആക്രമണമുണ്ടായിരുന്നു.

മറ്റൊരു വീഡിയോയില്‍ നേപ്പാള്‍ ധനമന്ത്രിയെ തെരുവിലൂടെ ഓടിക്കുന്നതും കാണാം. നേപ്പാള്‍ വിദേശകാര്യ മന്ത്രി അര്‍സു റാണ ഡ്യൂബയെയും ഭര്‍ത്താവും മുന്‍ പ്രധാനമന്ത്രിയും നേപ്പാളി കോണ്‍ഗ്രസ് മേധാവിയുമായ ഷേര്‍ ബഹാദൂര്‍ ഡ്യൂബയെയും കാഠ്മണ്ഡുവിലെ വീട്ടില്‍ വെച്ച് ആക്രമിക്കുന്നതിന്റേയും വീഡിയോകളും പുറത്തു വന്നിരുന്നു. ഇതിനിടയിലാണ് സൈനിക ഹെലികോപ്റ്ററില്‍ കയറി ചില മന്ത്രിമാര്‍ രക്ഷപ്പെട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com