യുഎന്നിൽ പാകിസ്ഥനെതിരെ എസ്. ജയ്‌ശങ്കർ Source: x/ S Jaishankar
WORLD

"ഭീകരവാദ കേന്ദ്രങ്ങൾ വ്യാവസായിക മേഖലയിൽ പ്രവർത്തിക്കുന്നു"; യുഎന്നിൽ പാകിസ്ഥാനെതിരെ എസ്. ജയ്‌ശങ്കർ

യുഎന്നിൻ്റെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയാണ് ജയ്‌ശങ്കറിൻ്റെ പ്രതികരണം.

Author : ന്യൂസ് ഡെസ്ക്

ന്യൂയോർക്ക്: വ്യാവസായിക തലത്തിൽ ഭീകരവാദ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയാണ് ജയ്‌ശങ്കറിൻ്റെ പ്രതികരണം.

26 നിരപരാധികളായ വിനോദസഞ്ചാരികളുടെ ജീവൻ അപഹരിച്ച പഹൽഗാമിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തെ ഉദ്ധരിച്ചും അദ്ദേഹം സംസാരിച്ചു. പ്രധാന അന്താരാഷ്ട്ര ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരു രാജ്യമാണെന്ന് പറഞ്ഞുകൊണ്ട് പാകിസ്ഥാനെതിരെ രൂക്ഷ വിമർശനമാണ് ജയ്‌ശങ്കർ ഉയർത്തിയത്.

"ഒരു രാജ്യം അവരുടെ സംസ്ഥാന നയമായി ഭീകരതയെ പരസ്യമായി പ്രഖ്യാപിക്കുമ്പോൾ, തീവ്രവാദികളെ മഹത്വവക്കരിക്കുമ്പോൾ അതിനെ ശക്തമായി അപലപിക്കേണ്ടതുണ്ട് " അദ്ദേഹം വ്യക്തമാക്കി. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം പാകിസ്ഥാനാണെന്ന് പറഞ്ഞ അദ്ദേഹം,പതിറ്റാണ്ടുകളായി നടക്കുന്ന ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദി പാകിസ്ഥാനാണെന്ന് ആരോപിച്ചു.

"സ്വാതന്ത്ര്യം നേടിയതുമുതൽ ഇന്ത്യ ഭീകരാക്രമണത്തെ നേരിട്ടിട്ടുണ്ട്. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായ ഒരു അയൽക്കാരനാണ് അവിടെ ഉള്ളത്. പതിറ്റാണ്ടുകളായി, പ്രധാന അന്താരാഷ്ട്ര ഭീകരാക്രമണങ്ങൾ ആ ഒരു രാജ്യത്തു നിന്നാണ് ഉണ്ടാകുന്നത്. ഐക്യരാഷ്ട്രസഭയുടെ നിയുക്ത തീവ്രവാദികളുടെ പട്ടികയിൽ ആ രാജ്യത്തെ പൗരന്മാർ നിറഞ്ഞിരിക്കുന്നു", ജയ്‌ശങ്കർ ചൂണ്ടിക്കാട്ടി. ഭീകരതയെ സ്പോൺസർ ചെയ്യുന്ന പാകിസ്ഥാനെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. ഭീകരതയ്ക്കുള്ള ധനസഹായം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധി പെറ്റൽ ഗഹ്ലോട്ട് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ "ഭീകരതയെ മഹത്വവൽക്കരിച്ച"തിന് വിമർശിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് വിദേശകാര്യ മന്ത്രി പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

SCROLL FOR NEXT