Image: X
WORLD

അക്രമി എത്തിയത് ജുമുഅ നമസ്‌കാരത്തിനിടെ; പാകിസ്ഥാനില്‍ കൊല്ലപ്പെട്ടത് പ്രാര്‍ഥനയ്‌ക്കെത്തിയവര്‍

സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോള്‍ അക്രമി വെടിയുതിര്‍ത്തതായും ദൃക്‌സാക്ഷികള്‍ പറയുന്നു

Author : ന്യൂസ് ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനെ നടുക്കിയ ചാവേര്‍ സ്‌ഫോടനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വെള്ളിയാഴ്ച ജുമ നമസ്‌കാര സമയത്താണ് പ്രാര്‍ഥനാലയത്തില്‍ സ്‌ഫോടനമുണ്ടായത്. 31 പേരാണ് കൊല്ലപ്പെട്ടത്.

ഇസ്ലാമാബാദിലെ ഷെഹ്സാദ് ടൗണ്‍ പ്രദേശത്തുള്ള തര്‍ലായ് ഇമാംബര്‍ഗയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് എത്തിയവരാണ് കൊല്ലപ്പെട്ടത്. പള്ളിയുടെ പ്രവേശന കവാടത്തില്‍ വെച്ചാണ് ആക്രമി പൊട്ടിത്തെറിച്ചത്.

ഇമാംബര്‍ഗയുടെ പ്രവേശന കവാടത്തില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ അക്രമി 20 മീറ്റര്‍ ഓടിയതിനു ശേഷമാണ് പൊട്ടിത്തെറിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോള്‍ അക്രമി വെടിയുതിര്‍ത്തതായും ദൃക്‌സാക്ഷികള്‍ പറയുന്നു. വെടിയുതിര്‍ത്ത ശേഷം 20 മീറ്ററോളം ഇയാള്‍ ഓടി. ഈ സമയത്ത് പള്ളിക്കുള്ളില്‍ പ്രാര്‍ഥന നടക്കുകയായിരുന്നു. അതിനിടയിലാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തില്‍ 130 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. അക്രമിയുടെ വെടിവെപ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (പിഐഎംഎസ്), പോളിക്ലിനിക് ആശുപത്രിയിലുമാണ് പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്നത്.

സ്‌ഫോടനത്തെ തുടര്‍ന്ന് ഇസ്ലാമാബാദില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 2025 നവംബര്‍ 11 ന് ഇസ്ലാമാബാദിലെ ഒരു ജില്ലാ, സെഷന്‍സ് കോടതി കെട്ടിടത്തിന് പുറത്ത് നടന്ന ചാവേര്‍ സ്‌ഫോടനം നടന്ന് മൂന്ന് മാസത്തിനുള്ളിലാണ് പുതിയ സംഭവം.

SCROLL FOR NEXT