ലാഹോർ: ടിക് ടോക്ക് വീഡിയോ ചിത്രീകരണത്തിനായി പുറത്തിറക്കിയ കടുവയുടെ ആക്രമണത്തിൽ ഫാം ജീവനക്കാരന് ദാരുണാന്ത്യം. 19 വയസുകാരനായ തൽഹ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ചിത്രീകരണത്തിനായിട്ടാണ് കടുവയെ കൂട്ടിൽ നിന്ന് പുറത്തിറക്കിയത്.
പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം ഉണ്ടായത്. വീഡിയോ ചിത്രീകരിക്കാനായി വന്യമൃഗങ്ങളുടെ പ്രജനന ഫാമിലെ കൂട്ടിൽനിന്ന് പെൺകടുവയെ പുറത്തിറക്കിയതോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ ടിക് ടോക്കറെയും ഫാം ഉടമയെയും പൊലീസ് അറസ്റ്റ് ചെയ്തു. നോമാൻ ഹസൻ എന്ന ടിക് ടോക്കറാണ് വീഡിയോ ചിത്രീകരിക്കാനായി ഫാമിലെത്തിയത്. ഇതിനായി കൂട്ടിലുണ്ടായിരുന്ന പെൺകടുവയെ പുറത്തിറക്കിയ ഇയാൾ ചിത്രീകരണത്തിൽ പങ്കെടുക്കാൻ ജീവനക്കാരനായ തൽഹയോടും ആവശ്യപ്പെട്ടു.
ഇതിനിടെ ആക്രമണസക്തനായ പെൺകടുവ യുവാവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തൽഹയെ നോമാൻ ഹസൻ തന്നെ കാറിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. യുവാവിൻ്റെ അച്ഛനും സഹോദരനും ഇതേ ഫാമിൽ ജോലി ചെയ്യുന്നവരാണ്.
സംഭവത്തിൽ ദുരൂഹത തോന്നിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പെൺകടുവയുടെ ആക്രമണത്തിലാണ് യുവാവിന് പരിക്കേറ്റതെങ്കിലും സംഭവം നായയുടെ ആക്രമണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നതായി പൊലീസ് കണ്ടെത്തി. തൽഹയുടെ പിതാവ് നൽകിയ പരാതിയിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. ആക്രമണം നടത്തിയ പെൺകടുവയെ വന്യജീവി വകുപ്പിന് കൈമാറിയിട്ടുണ്ട്.