ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പുതിയ അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനിടെ അഞ്ച് ജെറ്റുകള്‍ വെടിവെച്ചിട്ടിരുന്നു എന്നാണ് ട്രംപിന്റെ പുതിയ അവകാശവാദം. റിപ്പബ്ലിക്കന്‍ ജനപ്രതിനിധികള്‍ക്കൊപ്പമുള്ള അത്താഴ വിരുന്നിനിടെയാണ് ട്രംപ് പുതിയ വെടി പൊട്ടിച്ചത്. അതേസമയം, ഏത് രാജ്യത്തിന്റെ ജെറ്റുകളാണ് തകര്‍ത്തിട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല.
"യഥാര്‍ത്ഥത്തില്‍ വിമാനങ്ങളെ ആകാശത്തുവെച്ചു തന്നെ വെടിവയ്ക്കുകയായിരുന്നു. അഞ്ച്.. അഞ്ച്... നാലോ അഞ്ചോ... അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടതായി ഞാൻ കരുതുന്നു"- ഇന്ത്യ-പാക് സംഘര്‍ഷത്തെ പരാമര്‍ശിച്ചുകൊണ്ട് ട്രംപ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏത് സാഹചര്യത്തിലാണ് ട്രംപ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപ് ഇടപെട്ടിരുന്നോ എന്ന ചര്‍ച്ചകളെ വീണ്ടും ചൂടുപിടിപ്പിക്കുന്നതാണ് പുതിയ അവകാശവാദം.
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ സൈനിക നടപടി തുടങ്ങിയത്. ഇന്ത്യയുടെ മിന്നല്‍ പ്രത്യാക്രമണം പാകിസ്ഥാനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. പിന്നാലെ, പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യ സൈനികതല ചര്‍ച്ചകള്‍ ആരംഭിച്ചതും സൈനിക നടപടി അവസാനിപ്പിച്ചതും. എന്നാല്‍ ഇന്ത്യ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുന്നതിനുമുന്‍പേ ട്രംപ് ട്രൂത്ത് സോഷ്യലില്‍ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇന്ത്യ അന്നുതന്നെ ട്രംപിന്റെ അവകാശവാദം തള്ളിയിരുന്നു.
കഴിഞ്ഞമാസം പാക് കരസേനാ മേധാവി അസിം മുനീറിന് വൈറ്റ് ഹൗസില്‍ വിരുന്നൊരുക്കയിതിനു പിന്നാലെയും ട്രംപ് അവകാശവാദം ആവര്‍ത്തിച്ചു. രണ്ട് ആണവരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം താന്‍ അവസാനിപ്പിച്ചുവെന്നായിരുന്നു ട്രംപ് അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. "ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം ഞാന്‍ ഒഴിവാക്കി. ഞാന്‍ പാകിസ്ഥാനെ സ്നേഹിക്കുന്നു. മോദി ഒരു ഗംഭീര മനുഷ്യനാണ്. കഴിഞ്ഞ രാത്രിയിലും ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു. ഇന്ത്യയുമായി ഞങ്ങളൊരു വ്യാപാരക്കരാര്‍ ഉണ്ടാക്കാന്‍ പോകുകയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം ഞാന്‍ അവസാനിപ്പിച്ചു. സംഘര്‍ഷം തടയുന്നതില്‍, പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഈ മനുഷ്യനും (അസിം മുനീര്‍), ഇന്ത്യയുടെ ഭാഗത്തുനിന്ന് മോദിയും, മറ്റുള്ളവരും വലിയ സ്വാധീനം ചെലുത്തി. ഇരുവരും ആണവ രാജ്യങ്ങളാണ്, അവരത് ചെയ്യാന്‍ പോകുകയായിരുന്നു. ഞാനത് അവസാനിപ്പിച്ചു" എന്ന് പറഞ്ഞ ട്രംപ് ഇതൊന്നും മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയില്ലെന്ന പരിഭവവും പങ്കുവച്ചിരുന്നു.
ട്രംപിന്റെ അവകാശവാദത്തെ പിന്തുണച്ച പാകിസ്ഥാന്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കണമെന്നാണ് നിര്‍ദേശിച്ചത്. എന്നാല്‍, തനിക്ക് നൊബേല്‍ സമ്മാനം ലഭിക്കില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. "തരാനാണെങ്കില്‍ ഇതിനു മുന്‍പ് നാലോ അഞ്ചോ തവണ തരേണ്ടതായിരുന്നു. അവര്‍ ലിബറലുകള്‍ക്കേ പുരസ്കാരം കൊടുക്കൂ" -എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.