വ്ളാഡിമർ പുടിന്‍, എസ്. ജയ്‌ശങ്കർ Source: ANI
WORLD

"രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള ബന്ധങ്ങളിലൊന്ന്"; പുടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി

മൂന്ന് ദിവസത്തെ റഷ്യാ സന്ദർശനത്തിനെത്തിയതാണ് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ

Author : ന്യൂസ് ഡെസ്ക്

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി ജയ്ശങ്കർ വിപുലമായ ചർച്ചകൾ നടത്തിയതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം വികസിപ്പിക്കുന്നതിലാണ് വിദേശകാര്യ മന്ത്രിമാർ ചർച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.

"രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള ബന്ധങ്ങളിലൊന്നാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ളതെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്," ലാവ്‌റോവുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ ജയ്ശങ്കർ പറഞ്ഞു. ഭൗമ-രാഷ്ട്രീയ ഒത്തുചേരൽ, നേതൃത്വ ബന്ധങ്ങൾ, ജനകീയ വികാരം എന്നിവയാണ് അതിന്റെ പ്രധാന ചാലകശക്തികളെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.

മൂന്ന് ദിവസത്തെ റഷ്യ സന്ദർശനത്തിനെത്തിയതാണ് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ. സന്ദർശനത്തില്‍ ഇന്ത്യ-റഷ്യ ഇന്റർ-ഗവൺമെന്റൽ കമ്മീഷൻ ഓൺ ട്രേഡ്, ഇക്കണോമിക്, സയന്റിഫിക്, ടെക്നോളജിക്കൽ ആൻഡ് കൾച്ചറൽ കോ-ഓപ്പറേഷന്റെ (ഐആർഐജിസി-ടിഇസി) 26-ാമത് സെഷന്റെ സഹ അധ്യക്ഷത വഹിക്കുകയും മോസ്കോയിൽ നടന്ന ഇന്ത്യ-റഷ്യ ബിസിനസ് ഫോറം യോഗത്തെ ജയ്ശങ്കർ അഭിസംബോധന ചെയ്യുകയും ചെയ്തു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യയ്ക്ക് മേൽ യുഎസ് സമ്മർദം നിലനില്‍ക്കെയാണ് കൂടിക്കാഴ്ച. ഇന്ത്യ ഉള്‍പ്പടെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധിക താരിഫ് പ്രഖ്യാപിച്ചിരുന്നു. ഇരട്ട തീരുവയ്ക്ക് പിന്നിലെ യുഎസ് വാദത്തിൽ അമ്പരപ്പെന്നാണ് പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് ജയശങ്കർ പറഞ്ഞത്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയാണ് തീരുവ വർധനവിന് കാരണമെന്നത് യുക്തി സഹമല്ല. ഇറക്കുമതിയിൽ മുന്നിൽ ചൈനയാണെന്നും വിദേശകാര്യ മന്ത്രി ഓർമപ്പെടുത്തി.

SCROLL FOR NEXT