ദോഹ: മുന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനി അന്തരിച്ചു. 74 വയസായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. 1995 മുതല്‍ 2013 വരെ ഖത്തര്‍ അമീര്‍ ആയിരുന്ന അദ്ദേഹം ആധുനിക ഖത്തറിന്റെ ശില്‍പി എന്നാണ് അറിയപ്പെട്ടിരുന്നത്.
രാജ്യത്ത് സ്ഥിരമായ ഭരണഘടന, സ്ത്രീകള്‍ക്ക് വോട്ടവകാശം തുടങ്ങിയ സാമൂഹിക പരിഷ്‌കരണത്തിന് നേതൃത്വം നല്‍കിയ ഭരണാധികാരിയാണ് വിടവാങ്ങിയത്. എണ്ണയ്ക്കപ്പുറം രാജ്യത്തിന്റെ സാമ്പത്തിക സ്രോതസുകള്‍ തിരിച്ചറിഞ്ഞ് പരിഷ്‌കരിക്കുകയും വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ നവീന ആശയങ്ങള്‍ നടപ്പാക്കുകയും ചെയ്ത ഭരണാധികാരി കൂടിയായിരുന്നു ഷെയ്ഖ് ഹമദ്.
അന്താരാഷ്ട്ര വാര്‍ത്താമാധ്യമമായ അല്‍ജസീറ സ്ഥാപകനാണ് 'ഫാദര്‍ അമീര്‍'. മുന്‍ അമീറിനോടുള്ള ആദരസൂചകമായി ഞായറാഴ്ച മുതല്‍ രാജ്യത്ത് നാലുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഊര്‍ജസമ്പന്നമായ ആധുനിക ഖത്തറിനെ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാന്‍ ഷെയ്ഖ് ഹമദിനായി. അദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യം കൈവരിച്ച സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക പുരോഗതി അന്താരാഷ്ട്ര തലത്തില്‍ ഖത്തറിന്റെ യശസ്സ് ഉയര്‍ത്തി.