WORLD

ആശുപത്രിയില്‍ വെച്ച് മരിക്കുമ്പോഴും കൈയ്യില്‍ വിലങ്ങ്! സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ബംഗ്ലാദേശ് മുന്‍ മന്ത്രിയുടെ ചിത്രങ്ങള്‍; പ്രതിഷേധം ശക്തം

ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായിരുന്ന കാലത്ത് ബംഗ്ലാദേശിലെ വ്യവസായ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് നൂറുല്‍ മജീദ്.

Author : ന്യൂസ് ഡെസ്ക്

മുതിർന്ന അവാമി ലീഗ് നേതാവും മുന്‍ മന്ത്രിയുമായ നൂറുല്‍ മജീദ് മഹ്‌മൂദ് ഹുമയൂണിന്റെ മരണവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസ് സര്‍ക്കാരിനെതിരെ പ്രതിഷേധം. ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച മുന്‍ മന്ത്രിയുടെ കൈയില്‍ വിലങ്ങ് കണ്ടതാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.

ഹുമയൂണിന്റെ കൈയ്യും ആശുപത്രിയിലെ കട്ടിലും വിലങ്ങുപയോഗിച്ച് ബന്ധിച്ച നിലയിലാണ്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തിരുന്നു. ഇത് നിയമ വിദഗ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ബംഗ്ലാദേശില്‍ 2024ല്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്നാലെ കൊലപാതക കുറ്റം ആരോപിച്ച് ഹുമയൂണ്‍ അറസ്റ്റിലായിരുന്നു. ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായിരുന്ന കാലത്ത് ബംഗ്ലാദേശിലെ വ്യവസായ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് നൂറുല്‍ മജീദ്.

അതേസമയം പുറത്തുവന്ന ചിത്രങ്ങള്‍ മരിച്ചതിന് ശേഷമുള്ളതല്ലെന്നും ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ച സമയത്തുള്ളതാണെന്നുമാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ജയില്‍ പുള്ളികളുടെ മനുഷ്യാവകാശത്തിന് ഒരു കോട്ടവും തട്ടിക്കില്ലെന്നും ഹുമയൂണിന് മാത്രമായി അതില്‍ വീഴ്ച വരുത്തില്ലെന്നും ജയില്‍ അധികൃതര്‍ പറയുന്നു. അതേസമയം അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.

'മരിച്ച അല്ലെങ്കില്‍ മരിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ കൈയ്യില്‍ കൈവിലങ്ങ് ഇടുന്നത് മനുഷ്യാവകാശ ലംഘനമാണ്. അത് അന്തസ്സിന്റെ ഏറ്റവും വലിയ ലംഘനമായി തന്നെ കണക്കാക്കേണ്ടി വരും,'മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൂര്‍ ഖാന്‍ ലിറ്റന്‍ ബിസിനസ് സ്റ്റാന്‍ഡേര്‍ഡിനോട് പറഞ്ഞു.

SCROLL FOR NEXT