ഇംഗ്ലണ്ട്: മാഞ്ചസ്റ്ററിൽ സിനഗോഗിലുണ്ടായ ആക്രമണത്തിൽ രണ്ട് മരണം. നിരവധി പേർക്ക് കുത്തേറ്റു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു.
യോം കിപ്പൂർ ദിനത്തിലാണ് ജൂത ആരാധനാലയത്തിലെ ആക്രമണം. സിനഗോഗുകളിൽ സാധാരണയായി തിരക്കേറിയ സമയമാണ് യോം കിപ്പൂർ. യഹൂദരുടെ ഏറ്റവും വിശുദ്ധമായ ദിനമാണ് യോം കിപ്പൂർ. സിനഗോഗിൽ ഉണ്ടായിരുന്നവർക്ക് നേരെ ആക്രമി ആദ്യം കാർ ഓടിച്ച് കയറ്റിയതായും ശേഷം ആളുകളെ ആക്രമിച്ചതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
മാഞ്ചസ്റ്ററിലുണ്ടായത് ഗുരുതര സംഭവമെന്ന് മാഞ്ചസ്റ്റർ മേയർ പ്രതികരിച്ചു. ആക്രമണത്തിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഡെൻമാർക്കിലെ ഉച്ചകോടിയിൽ നിന്ന് അടിയന്തരമായി യുകെയിലേക്ക് മടങ്ങി. ഗുരുതര ആക്രമണമാണ് ഉണ്ടായതെന്ന് കെയ്ർ സ്റ്റാർമർ പറഞ്ഞു.