സകല രാഷ്ട്രീയമര്യാദകളും ലംഘിച്ച് ഒരു രാജ്യം ഏകപക്ഷീയമായി യുദ്ധം പ്രഖ്യാപിക്കുന്നു. രാജ്യാന്തര സമാധാന സംഘടനകളും, ഐക്യരാഷ്ട്ര സഭയും, മറ്റ് ലോകരാജ്യങ്ങളുമൊക്കെ നോക്കിനില്‍ക്കെ അവരുടെ സൈന്യം മറ്റൊരു പരമാധികാര രാജ്യത്തേക്ക് ഇരച്ചുകയറുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ മനുഷ്യക്കുരുതിയെന്ന മേലൊപ്പുമായി ആ യുദ്ധം നാല് വര്‍ഷം തികയ്ക്കുന്നു. നാശം, നഷ്ടം, മരണം, ആഭ്യന്തര-അന്തര്‍ദേശീയ അഭയാര്‍ഥികള്‍... ഇരു പക്ഷത്തിനും നഷ്ടങ്ങളുടെ കണക്ക് മാത്രം. എന്ന് അവസാനിക്കും റഷ്യ-യുക്രെയ്ന്‍ യുദ്ധം?
അതിര്‍ത്തിയിലെ പടയൊരുക്കം
യുക്രെയ്ന്‍ അതിര്‍ത്തിയില്‍ റഷ്യ വന്‍ സൈനിക വിന്യാസം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് 2021 അവസാനത്തോടെയാണ്. 'യുക്രെയ്ന്‍ അധിനിവേശത്തിനു മുന്നോടിയായുള്ള പടനീക്കം' എന്നായിരുന്നു റഷ്യന്‍ നടപടിയെ പാശ്ചാത്യ മാധ്യമങ്ങള്‍ അന്ന് വിലയിരുത്തിയത്. 2022 ജനുവരിയില്‍ റഷ്യന്‍ സൈന്യം യുക്രെയ്നെ ആക്രമിച്ചേക്കുമെന്ന യുഎസ് രഹസ്യാന്വേഷ വിഭാഗം റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ടുകള്‍.
റഷ്യ 'വലിയ തോതിലുള്ള' ആക്രമണത്തിനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് യുഎസും പ്രതികരിച്ചു. സാഹചര്യം തണുപ്പിക്കാന്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലും, യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ആന്റണി ബ്ലിങ്കെനും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും തമ്മിലും നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലപ്രദമായൊരു തീരുമാനം ഉണ്ടായില്ല. മാത്രമല്ല, യുക്രെയ്നെ ആക്രമിക്കാനൊരുങ്ങുന്നുവെന്ന ആരോപണങ്ങള്‍ പുടിന്‍ ആദ്യമേ നിഷേധിക്കുകയും ചെയ്തു. സ്വന്തം മണ്ണില്‍ സൈന്യത്തെ വിന്യസിക്കാനും സ്ഥലം മാറ്റാനുമൊക്കെയുള്ള അവകാശത്തെക്കുറിച്ചായിരുന്നു റഷ്യയുടെ വാദങ്ങള്‍. ഇതിനൊപ്പം റഷ്യ-യുക്രെയ്ന്‍ അതിര്‍ത്തി വിഷയത്തില്‍ യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിന്റെ ഇടപെടലിനെക്കുറിച്ചുള്ള അതൃപ്തിയും പുടിന്‍ ബൈഡനെ അറിയിച്ചു.
ഏകപക്ഷീയ യുദ്ധം
2022 ഫെബ്രുവരി 24ന് പുലര്‍ച്ചെയായിരുന്നു പുടിന്റെ യുദ്ധ പ്രഖ്യാപനം. യുക്രെയ്‌നില്‍ റഷ്യന്‍ സൈന്യം പ്രത്യേക ഓപ്പറേഷന്‍ നടത്തുമെന്നായിരുന്നു പുടിന്‍ അറിയിച്ചത്. മേഖലയിലെ വിമത സംഘങ്ങള്‍, യുക്രെയ്‌നില്‍ നിന്നുള്ള ആക്രമണം പ്രതിരോധിക്കാന്‍ സഹായം തേടിയിരുന്നു. അതനുസരിച്ചുള്ള സൈനിക നടപടിയാണിത്. യുക്രെയ്ന്‍ സൈന്യം ചെറുത്തുനില്‍പ്പിന് മുതിരരുത്. ആയുധംവച്ച് കീഴടങ്ങണം. രക്തച്ചൊരിച്ചില്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം യുക്രെയ്‌നും സഖ്യത്തിനുമായിരിക്കും. റഷ്യന്‍ സൈനിക നടപടിയില്‍ ഏതെങ്കിലും രാജ്യം ഇടപെട്ടാല്‍, ഇതുവരെ കാണാത്ത തരത്തിലുള്ള പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തിയില്‍ റഷ്യ നടത്തിയ അധിക സേനാവിന്യാസത്തെത്തുടര്‍ന്നുള്ള യുക്രെയ്ന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി യോഗം ചേരുമ്പോഴായിരുന്നു പുടിന്റെ യുദ്ധ പ്രഖ്യാപനം. പിന്നാലെ, യുക്രെയ്ന്‍ മിസൈല്‍ ആക്രമണങ്ങള്‍ക്ക് സാക്ഷിയായി. ദിവസങ്ങള്‍ക്കുള്ളില്‍ സൈനിക നടപടി സമ്പൂര്‍ണ യുദ്ധമായി മാറി.
റഷ്യ പതറുന്നു
1945നുശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ സൈനിക നീക്കമായിരുന്നു റഷ്യ നടത്തിയത്. മിന്നല്‍ ആക്രമണത്തിലൂടെ ആദ്യ ആഴ്ചയില്‍ തന്നെ യുക്രെയ്നെ കീഴടക്കാമെന്നായിരുന്നു റഷ്യയുടെ കണക്കുക്കൂട്ടല്‍. എന്നാല്‍, പ്രതീക്ഷിച്ച മുന്നേറ്റം സാധ്യമാകാതെ വന്നതോടെ റഷ്യ കര, നാവിക, വ്യോമ ആക്രണങ്ങള്‍ കടുപ്പിച്ചു. പീരങ്കികളും മിസൈലുകളും ഉപയോഗിച്ച് നഗരങ്ങളില്‍ ബോംബ് ആക്രമണങ്ങള്‍ നടത്തി. പാര്‍പ്പിടങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍ എന്നിങ്ങനെ ജനവാസ മേഖലകളില്‍ ഉള്‍പ്പെടെ ആക്രമണം കനത്തു.
എന്നാല്‍, സൈന്യത്തിനൊപ്പം സാധാരണക്കാര്‍ക്കും യുദ്ധത്തില്‍ പങ്കെടുക്കാന്‍ അവസരം അനുവദിച്ചുകൊണ്ട് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി ചെറുത്തുനില്‍പ്പ് ശക്തിപ്പെടുത്തി. യുഎസും യുകെയും യൂറോപ്യന്‍ രാജ്യങ്ങളും ആയുധങ്ങള്‍ ലഭ്യമാക്കിയതോടെ, യുക്രെയ്ന്‍ സൈന്യം റഷ്യന്‍ സൈന്യത്തിന്റെ കണക്കുക്കൂട്ടലുകള്‍ തെറ്റിച്ചു.
അപ്രതീക്ഷിച്ച തിരിച്ചടി നേരിട്ടത്തോടെ, റഷ്യയുടെ നീക്കങ്ങള്‍ പാളി. കീവ് വളഞ്ഞ് ആക്രമണം നടത്തിയിട്ടും യുക്രെയ്ന്‍ പ്രതിരോധം മറികടന്ന് നിയന്ത്രണം പിടിക്കാന്‍ റഷ്യക്ക് കഴിഞ്ഞില്ല. യുക്രെയ്ന്‍ തലസ്ഥാനമായ കീവ് ഉള്‍പ്പെടെ സുപ്രധാന നഗരങ്ങള്‍ വേഗത്തില്‍ പിടിച്ചെടുക്കാമെന്ന റഷ്യയുടെ ധാരണകള്‍ പൊളിഞ്ഞുവീണു. കീവ് പിടിച്ചെടുത്ത് ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ട് തങ്ങളുടെ അധികാരം സ്ഥാപിക്കാമെന്ന പുടിന്റെ കണക്കുക്കൂട്ടലുകള്‍ പാടെ തെറ്റിപ്പോയി.
2022 മാര്‍ച്ചില്‍, അഞ്ച് ആഴ്ചക്കിടെ ഒരു ലക്ഷത്തി പതിനയ്യായിരം ചതുരശ്ര കിലോമീറ്ററാണ് റഷ്യന്‍ സൈന്യം കീഴടക്കിയത്. എന്നാല്‍ തൊട്ടടുത്ത മാസം, 35,000 ചതുരശ്ര കിലോമീറ്റര്‍ യുക്രെയ്ന്‍ തിരിച്ചുപിടിച്ചു. നവംബര്‍ ആകുമ്പോഴേക്കും മൊത്തം 75,000 ചതുരശ്ര കിലോമീറ്റര്‍ യുക്രെയ്ന്‍ സൈന്യം തിരിച്ചുപിടിച്ചിരുന്നു. 2024ല്‍ 3,604 ചതുരശ്ര കിലോമീറ്ററാണ് റഷ്യന്‍ സൈന്യം കയ്യടക്കിയത്. 2025 ആയപ്പോള്‍ അത് 4,831 ചതുരശ്ര കിലോമീറ്ററായി കൂടി.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് വാര്‍ കണക്ക് പ്രകാരം, 2022ല്‍ യുക്രെയ്ന്റെ 26 ശതമാനം ഭൂമി റഷ്യ പിടിച്ചടക്കിയിരുന്നു. എന്നാല്‍, 2025 പിന്നിടുമ്പോള്‍ 19 ശതമാനം മാത്രമാണ് റഷ്യയുടെ നിയന്ത്രണത്തിലുള്ളത്. അതാകട്ടെ, 2014ലെ അധിനിവേശത്തില്‍ പിടിച്ചെടുത്ത കിഴക്കന്‍ യുക്രെയ്നും ക്രിമിയ പ്രവിശ്യയും ഉള്‍പ്പെടെയാണ്. വലിയ മുന്നേറ്റമുണ്ടാക്കിയെന്ന റഷ്യന്‍ അവകാശവാദങ്ങളെല്ലാം തെറ്റാണെന്ന് അടിവരയിടുന്നതാണ് റിപ്പോര്‍ട്ടുകള്‍.
ആള്‍നാശം, കുടിയേറ്റം
സെന്റര്‍ ഫോര്‍ സ്ട്രാറ്റെജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് റിപ്പോര്‍ട്ട് പ്രകാരം, 2022 ഫെബ്രുവരി മുതല്‍ 2025 ജനുവരി വരെ ഇരു പക്ഷത്തുനിന്നും 18 ലക്ഷം സൈനികര്‍ കൊല്ലപ്പെടുകയോ, പരിക്കേല്‍ക്കുകയോ, കാണാതാവുകയോ ചെയ്തിട്ടുണ്ട്. കനത്ത നഷ്ടം റഷ്യക്കാണ്. മൊത്തം 12 ലക്ഷം പേരാണ് കൊല്ലപ്പെടുകയോ, പരിക്കേല്‍ക്കുകയോ, കാണാതാകുകയോ ചെയ്തിരിക്കുന്നത്. മൂന്ന് ലക്ഷത്തി ഇരുപത്തയ്യായിരം സൈനികര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. യുക്രെയ്ന് അഞ്ച് ലക്ഷത്തിനും ആറ് ലക്ഷത്തിനുമിടയില്‍ അത്യാഹിതം സംഭവിച്ചിട്ടുണ്ട്. ഒരു ലക്ഷം മുതല്‍ ഒരു ലക്ഷത്തി നാല്‍പ്പതിനായിരം വരെ സൈനികരെ നഷ്ടപ്പെട്ടിട്ടുണ്ട്. സംയുക്ത സേനാ മുന്നേറ്റം ഫലപ്രദമായി നടപ്പാക്കുന്നതില്‍ സംഭവിച്ച പാളിച്ചയും, അപ്രതീക്ഷിത തിരിച്ചടികളും, യുക്രെയ്ന്‍ പ്രതിരോധം മനസിലാക്കാതെ നടത്തിയ യുദ്ധതന്ത്രങ്ങളുമാണ് റഷ്യന്‍ സൈന്യത്തിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍.
യുഎന്‍ കണക്ക് പ്രകാരം, യുക്രെയ്നില്‍ 15,000ലധികം പേര്‍ കൊല്ലപ്പെടുകയും, 41,000ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. റഷ്യയിലെ സ്ഥിതിയോ, റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള യുക്രെയ്ന്‍ മേഖലകളിലെ സ്ഥിതിയോ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ റിപ്പോര്‍ട്ട് പ്രകാരം, യുദ്ധത്തെത്തുടര്‍ന്ന് 37 ലക്ഷം പേരാണ് യുക്രെയ്നില്‍ ആഭ്യന്തരമായി ചിതറപ്പെട്ടത്. 53 ലക്ഷം പേര്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറി. കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് കാണാതായവരുടെ പട്ടികയിലുള്ളത്. സാമ്പത്തിക, രാഷ്ട്രീയ കാരണങ്ങളാല്‍ റഷ്യയില്‍നിന്ന് അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെ ആളുകള്‍ പലായനം ചെയ്തതായാണ് കണക്ക്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഏതെങ്കിലുമൊരു യുദ്ധത്തില്‍ ഇത്രയും അത്യാഹിതങ്ങള്‍ സംഭവിച്ചിട്ടില്ല എന്നതാണ് ചരിത്രം.
ഇനിയും എത്രകാലം?
റഷ്യയും യുക്രെയ്നും തമ്മില്‍ നിരവധി തവണ നയതന്ത്ര ചര്‍ച്ചകള്‍ നടത്തിയെങ്കിലും യുദ്ധത്തിന് അവസാനമായിട്ടില്ല. യു.എസ് പ്രസിഡന്റ് ട്രംപിന്റെ മധ്യസ്ഥതയിലും ഇസ്താംബൂളിലുമൊക്കെ പലതവണ ചര്‍ച്ചകള്‍ നടന്നു. പിന്മാറാന്‍ റഷ്യയും കീഴടങ്ങാന്‍ യുക്രെയ്‌നും തയ്യാറാകാതിരുന്നതോടെ യുദ്ധം നാല് വര്‍ഷം പൂര്‍ത്തിയാക്കി. സമാധാന സാധ്യതകള്‍ തെളിഞ്ഞും മങ്ങിയും നിലനില്‍ക്കുന്നതല്ലാതെ പരിഹാരം ഇനിയും ആയിട്ടില്ല. പിടിച്ചെടുത്ത മേഖലകള്‍ വിട്ടുതരണമെന്നാണ് റഷ്യയുടെ പ്രധാന ആവശ്യം. യുക്രെയ്ന് നാറ്റോ അംഗത്വം നല്‍കരുതെന്ന ആവശ്യവും റഷ്യ ആവര്‍ത്തിക്കുന്നുണ്ട്. ആരുടെയും നിയന്ത്രണമില്ലാത്ത പരമാധികാര രാഷ്ട്രം എന്നതാണ് യുക്രെയ്ന്റെ ന്യായമായ ആവശ്യം. താല്‍ക്കാലിക കരാറുകള്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍, ശാശ്വത പരിഹാരം വേണമെന്നാണ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്കിയുടെ ആവശ്യം. യുദ്ധം സാമ്പത്തികമായും രാഷ്ട്രീയമായും ഇരു രാഷ്ട്രങ്ങളെയും ഉലച്ചിട്ടുണ്ട്. മരണനിരിക്കും, അഭയാര്‍ഥികളുടെ എണ്ണവുമൊക്കെ കൂടുകയുമാണ്. എന്നിട്ടും, യുദ്ധം എപ്പോള്‍ അവസാനിക്കും എന്ന ചോദ്യത്തിന് മാത്രം ഉത്തരം ആയിട്ടില്ല.