ഫ്രാന്‍സില്‍ മാക്രോണിനെതിരെ 'ബ്ലോക്ക് എവരിത്തിങ്' പ്രതിഷേധം Source: X
WORLD

ഫ്രാന്‍സില്‍ മാക്രോണിനും സർക്കാരിനുമെതിരെ 'ബ്ലോക്ക് എവരിത്തിങ്' പ്രതിഷേധം; 200 പേർ അറസ്റ്റില്‍

ഭരണമാറ്റം കൊണ്ട് മാത്രം തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്

Author : ന്യൂസ് ഡെസ്ക്

നാന്റസ്/മോണ്ട്പെല്ലിയർ: ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും സർക്കാരിനും എതിരെ പ്രതിഷേധം ശക്തമാകുന്നു. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി തെരുവിലിറങ്ങിയത്. പ്രതിഷേധം ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ 200 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച, പാർലമെന്റില്‍ വിശ്വാസ വോട്ടിങ്ങില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്‌റൂവ് രാജിവയ്ക്കാന്‍ നിർബന്ധിതനായതിന് പിന്നാലെയാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. ഭരണമാറ്റം കൊണ്ട് മാത്രം തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. രാജ്യത്തിന്റെ കുതിച്ചുയരുന്ന കടം നിയന്ത്രിക്കാനായി പൊതു അവധികള്‍ വെട്ടിക്കുറയ്ക്കുക, പെന്‍ഷന്‍ മരവിപ്പിക്കുക എന്നിങ്ങനെയുള്ള കടുത്ത പദ്ധതികളാണ് ഫ്രാന്‍സ്വ ബെയ്‌റൂവ് ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍, ഇത് നടപ്പിലാക്കുന്നതിന് മുന്‍പ് ബെയ്‌റൂവിന് രാജിവയ്‌ക്കേണ്ടി വന്നു. ബെയ്‌റൂവിന്റെ രാജിക്ക് പിന്നാലെ, പ്രസിഡന്റ് മാക്രോൺ സെബാസ്റ്റ്യൻ ലെകോർണുവിനെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. രണ്ട് വർഷത്തിനുള്ളിൽ നിയമിതനാകുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ലെകോർണു. ഇത് ഇടതുപക്ഷത്തെ പ്രകോപിപ്പിച്ചിരുന്നു.

'ബ്ലോക്ക് എവരിത്തിങ്' എന്ന ഇടതുപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നിലവില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന ലെകോർണുവിനെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയർത്തുന്നതില്‍ ഇവർ ഒട്ടും തൃപ്തരല്ല. പ്രധാനമന്ത്രി മാറിയതുകൊണ്ട് മാത്രം തങ്ങളുടെ ആകുലതകള്‍ മാറുന്നില്ല എന്നാണ് പ്രതിഷേധക്കാർ പറയുന്നത്. രാഷ്ട്രീയ വർഗത്തോടുള്ള വിദ്വേഷവും മാക്രോണിന്റെ നേതൃത്വത്തില്‍ ബജറ്റ് വെട്ടിക്കുറയ്ക്കാന്‍ ശ്രമിക്കുന്നതുമാണ് ഇവരുടെ അമർഷത്തിന് പ്രധാന കാരണം.

കഴിഞ്ഞ മേയിലാണ് 'ബ്ലോക്ക് എവരിത്തിങ്' പ്രസ്ഥാനത്തിന്റെ തുടക്കം. ടിക് ടോക്ക്, എക്സ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളിലൂടെയാണ് പ്രസ്ഥാനം രൂപംകൊണ്ടത്. കേന്ദ്രീകൃതമായ ഒരു നേതൃത്വം ഈ മുന്നേറ്റത്തിനില്ല. മാക്രോണിന്റെ നയങ്ങള്‍ അസമത്വത്തിന് കാരണമാകുന്നുവെന്ന് ആരോപിച്ച് പണിമുടക്കുകളും പ്രതിഷേധ പ്രകടനങ്ങളും നടത്താന്‍ വിദ്യാർഥികള്‍, തൊഴിലാളികള്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരോട് ഈ കൂട്ടായ്മ മുന്‍പും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഫ്രാന്‍സ്വ ബെയ്‌റൂവിന്റെ അധികാര കൈമാറ്റത്തിന് സമാന്തരമായി രാജ്യത്തെ പൂർണമായും നിശ്ചലമാക്കുക എന്നതായിരുന്നു 'ബ്ലോക്ക് എവരിത്തിങ്' പ്രസ്ഥാനത്തിന്റെ ലക്ഷ്യം. അതില്‍ വിജയിച്ചില്ലെങ്കിലും പൊതുഗതാഗതം ഉള്‍പ്പെടെ തടസപ്പെടുത്താന്‍ അവർക്ക് സാധിച്ചു. പ്രതിഷേധക്കാർ തെരുവില്‍ പൊലീസുമായി ഏറ്റുമുട്ടി. വൈദ്യുതി ബന്ധം തടസപ്പെട്ടതിനാല്‍ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ ട്രെയിന്‍ സർവീസ് തടസപ്പെട്ടുവെന്നും പ്രതിഷേധക്കാർ ബസിന് തീവച്ചെന്നും ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയിൽലോ അറിയിച്ചു. 'വിദ്വേഷകരമായ അന്തരീക്ഷം' സൃഷ്ടിക്കാനാണ് പ്രതിഷേധക്കാർ ശ്രമിക്കുന്നതെന്നും ആഭ്യന്തര മന്ത്രി ആരോപിച്ചു.

ക്രമസമാധാന നില നിയന്ത്രിക്കുന്നതിനായി രാജ്യത്തുടനീളം 80,000 സുരക്ഷാ സേനാംഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധ പ്രകടനങ്ങളിൽ കുറഞ്ഞത് ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാല്‍, എണ്ണം അതിലും കടന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

SCROLL FOR NEXT