WORLD

''എങ്ങോട്ടും പോകാനില്ല, പലയിടങ്ങളിലും പൊട്ടാത്ത സ്‌ഫോടക വസ്തുക്കള്‍''; ഭീതിയില്‍ ഗാസയിലേക്ക് തിരിച്ചെത്തിയവര്‍

ഖാന്‍ യൂനിസിന്റെ ദക്ഷിണ സിറ്റിയിലേക്കും മറ്റും പലായനം ചെയ്ത കുടുംബങ്ങള്‍ തിരിച്ചെത്തി തുടങ്ങിയിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

ഗാസ സിറ്റി: വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് പിന്നാലെ സ്വന്തം വീട്ടിലേക്ക് വന്ന പലസ്തീനികള്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഇസ്രയേല്‍ വിക്ഷേപിച്ച പൊട്ടാത്ത ബോംബുകളാണ് കണ്ടെത്തുന്നത്. ഗാസയിലേക്ക് തിരിച്ചെത്തി താല്‍ക്കാലിക വാസസ്ഥലം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിക്കാത്ത ബോംബുകളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തുന്നത്.

ഖാന്‍ യൂനിസിന്റെ ദക്ഷിണ സിറ്റിയിലേക്കും മറ്റും പലായനം ചെയ്ത കുടുംബങ്ങള്‍ തിരിച്ചെത്തി തുടങ്ങിയിട്ടുണ്ട്. എങ്കിലും ഗാസയുടെ വലിയൊരു ഭാഗവും ഇസ്രയേല്‍ സൈന്യം കൈവശം വച്ചിരിക്കുന്നതിനാല്‍ തങ്ങള്‍ക്ക് താമസിക്കാന്‍ എവിടെയും സ്ഥലം ഇല്ലെന്നാണ് തിരിച്ചെത്തുന്ന പലസ്തീനികള്‍ പറയുന്നത്.

പ്രാദേശികമായി എക്സ്‌പ്ലോസീവ് റോബോട്ട് എന്നറിയപ്പെടുന്ന സൈനിക വാഹനത്തിന് സമീപമാണ് അയ്മന്‍ ഖദോറഹ് എന്ന പലസ്തീൻ പൗരൻ തന്റെ താല്‍ക്കാലിക പാര്‍പ്പിടം തയ്യാറാക്കിയിരിക്കുന്നത്. ഒരു വലിയ പ്രദേശം പോലും തകര്‍ക്കാന്‍ കെല്‍പ്പുള്ള ശക്തമായ ബോംബുകള്‍ ഉള്ള വാഹനങ്ങളാണ് ഇവ.

ഗാസയുടെ പല നഗര പ്രദേശങ്ങളിലും ഇത്തരത്തിലുള്ള എക്സ്‌പ്ലോസീവ് റോബോട്ടുകള്‍ വിന്യസിച്ചിട്ടുണ്ട്. ഒരു മാസം മുമ്പാണ് ഖാന്‍ യൂനിസിലെ തന്റെ വീട്ടിലേക്ക് ഖദോറാഹ് തിരിച്ചെത്തിയത്. തന്റെ അയല്‍പ്പക്കത്തെ വീട്ടില്‍ ഇത്തരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഉപകരണങ്ങളുണ്ട്.

ഇത്തരത്തില്‍ പൊട്ടാത്ത സ്‌ഫോടക വസ്തുക്കള്‍ വലിയ വിപത്താണെന്നും അദ്ദേഹം പറഞ്ഞു. തീയോ മറ്റോ അപ്രതീക്ഷിതമായി വന്ന് പതിച്ചാല്‍ മൊത്തം കത്തിയമരുമെന്നും അദ്ദേഹം പറയുന്നു.

SCROLL FOR NEXT