ഗാസയിൽ സർവനാശം വിതയ്ക്കാന്‍ ഇസ്രയേല്‍ നിരോധിത ആയുധമായ ബൂബി ട്രാപ് റോബോട്ടുകളും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ചിന്നി ചിതറിയ നിലയില്‍ കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ ഇത്തരം ആയുധങ്ങളുടെ പ്രഹരശേഷിയുടെ ഫലമാണെന്നാണ് ആരോപണം. ആയിരത്തിലധികം കെട്ടിടങ്ങള്‍ ഇത്തരത്തില്‍ ഗാസയില്‍ ഇസ്രയേല്‍ നാമാവശേഷമാക്കിയതായാണ് കരുതുന്നത്.
പലസ്തീനില്‍ ഇസ്രയേല്‍ നടപ്പിലാക്കിയ വംശഹത്യയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. മിസൈലുകളും തോക്കുകള്‍ക്കും പുറമേ യുദ്ധ ഭൂമിയില്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ള ബൂബി ട്രാപ്ഡ് റോബോട്ടുകളും വ്യാപകമായി ഉപയോഗിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
2023 ഒക്ടോബർ ഏഴിന് ആരംഭിച്ച വ്യോമക്രമണത്തിന് പിന്നാലെയാണ് ഗസ്സയിലെ കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ക്കുക ലക്ഷ്യമിട്ട് ബൂബി ട്രാപ്ഡ് റോബോട്ടുകള്‍ ഉപയോഗിച്ചതെന്ന് യൂറോ മെഡ് ഹ്യൂമൻറൈറ്റ്സ് മോണിറ്റർ റിപ്പോർട്ട് ചെയ്തു.
വെടിനിർത്തലിനു ശേഷം പലസ്തീനികള്‍ ജന്മ നാടുകളിലേക്ക് തിരികെയെത്തിയപ്പോഴാണ് ബൂബി ട്രാപ്ഡ് റോബോട്ടുകളുടെ പ്രഹരശേഷി വ്യക്തമായത്. വിദൂരങ്ങളിലിരുന്ന് റിമോട്ടുകൾ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന വിധത്തിലാണ് സർവസംഹാരിയെന്ന് വിശേപ്പിക്കാറുള്ള ഇവയെ യുദ്ധ ഭൂമിയുടെ നടുത്തളത്തിലേക്ക് അയക്കുന്നത്.
അഞ്ചു ടൺ വരെ സ്ഫോടന വസ്തുക്കൾനിറച്ച ശേഷം കെട്ടിട സമുച്ചയങ്ങൾ നിറഞ്ഞ പ്രദേശത്തേക്ക് ഇവയെഎത്തിക്കും. തുടര്‍ന്ന് നടത്തുന്ന സ്ഫോടനത്തില്‍ നൂറ് മുതൽ 300 വരെ ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള കെട്ടിടങ്ങളെ നാമാവശേഷമാക്കുന്നതാണ് രീതി.
ഗാസയില്‍ ആയിരത്തിലധികം കെട്ടിടങ്ങള്‍ ഇത്തരത്തില്‍ ഇസ്രയേല്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. ഗാസയുടെ വിവിധ പ്രദേശങ്ങളില്‍ ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ ഇത്തരം സ്ഫോടനത്തിന്‍റെ ബാക്കി പത്രമായാണ് കണക്കാക്കുന്നത്. സാധാരണ നടത്താറുള്ള സ്ഫോടനത്തിന് പുറമേ ഇത്തവണ വിഷ വാതകം പരത്തുകയും ചെയ്തതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഗാസയിൽ നിന്ന് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങളും ബൂബി ട്രാപ്പ്ഡ് റോബോട്ടുകള്‍ ഉപയോഗിച്ചുവെന്ന് തെളിയിക്കുന്നതാണ്. ഇസ്രയേൽ സൈന്യമോ സർക്കാരോ ഈ ആയുധങ്ങളുടെ ഉപയോഗം പരസ്യമായി അംഗീകരിച്ചിട്ടില്ല. 2024 മെയ് മാസം ജബലിയ അഭയാർഥി ക്യാമ്പുകളിലാണ് ആദ്യമായി ഇസ്രയേൽ സൈന്യം ബൂബി ട്രാപ്ഡ് റോബോട്ട് ഉപയോഗിച്ചത്.