WORLD

ഗാസ തീരം ലക്ഷ്യമിട്ടെത്തിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ലയെ തടഞ്ഞ് ​ഇസ്രയേൽ സൈന്യം; ഗ്രെറ്റ തുൻബെർഗ് ഉൾപ്പെടെയുള്ള ആക്ടിവിസ്റ്റുകൾ അറസ്റ്റിൽ

ഇസ്രയേൽ സൈന്യം ആഷ്‌ഡോഡ് തുറമുഖത്ത് വച്ചാണ് ഇവരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തത്.

Author : ന്യൂസ് ഡെസ്ക്

ടെൽ അവീവ്: പലസ്തീൻ ജനതയ്ക്ക് സഹായവും പിന്തുണയുമായി ഗാസ തീരം ലക്ഷ്യമിട്ടെത്തിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ലയെ തടഞ്ഞ് ​ഇസ്രയേൽ സൈന്യം. ഫ്ലോട്ടില്ലയിലെ അൽമ ബോട്ടിൽ ഉണ്ടായിരുന്ന ഗ്രെറ്റ തുൻബെർഗ് അടക്കമുള്ള ആക്ടിവിസ്​റ്റുകളും സാമൂഹിക പ്രവർത്തകരും തടങ്കലിലാണ്. ഇസ്രയേൽ സൈന്യം ആഷ്‌ഡോഡ് തുറമുഖത്ത് വച്ചാണ് ഇവരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തത്. 37 രാജ്യങ്ങളിലെ 201 ഓളം ആക്ടിവിസ്റ്റുകളാണ് അറസ്റ്റിലായത്.

സിറസ്, അൽമ, സ്പെക്ട്ര, ഹോഗ, അദാര, ഡീർ യാസിൻ എന്നീ ആറ് കപ്പലുകളുടെ നിയന്ത്രണമാണ് ഇസ്രയേൽ സൈന്യം ഇപ്പോൾ ഏറ്റെടുത്തതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇരുപതോളം പടക്കപ്പലുകളും മറ്റു സന്നാഹങ്ങളും ഒരുക്കിയാണ് ബലപ്രയോഗത്തിലൂടെ ഇസ്രയേൽ ഫ്ലോട്ടില്ലയുടെ ഭാഗമായ നാൽപ്പതിലേറെ ബോട്ടുകളിൽ ഭൂരിഭാഗവും പിടിച്ചെടുത്തത്. അവശേഷിച്ച ബോട്ടുകളും പിടികൂടുമെന്ന്​ ഇസ്രയേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സ്വീഡിഷ് അന്താരാഷ്ട്ര പരിസ്ഥിതി പ്രവർത്തകയായ തുൻബെർഗിനെ അറസ്റ്റ് ചെയ്യുന്ന വീഡിയോ ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം എക്സിൽ പോസ്റ്റ് ചെയ്തു. സമുദ്ര ഉപരോധം ലംഘിച്ച് സഹായം എത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഗാസ തീരത്ത് നിന്ന് ഏകദേശം 120 കിലോമീറ്റർ അകലെ വച്ചാണ് ബോട്ടുകൾ അറസ്റ്റ് ചെയ്തത്.

തുൻബെർഗ്, നെൽസൺ മണ്ടേലയുടെ ചെറുമകൻ മാണ്ട്ല മണ്ടേല, നിരവധി യൂറോപ്യൻ നിയമസഭാംഗങ്ങൾ എന്നിവരുൾപ്പെടെ 500 ഓളം പാർലമെൻ്റേറിയൻമാർ, അഭിഭാഷകർ, ആക്ടിവിസ്റ്റുകൾ എന്നിവരുമായി നാൽപ്പതിലധികം സിവിലിയൻ ബോട്ടുകളാണ് ഫ്ലോട്ടില്ലയിൽ ഉണ്ടായിരുന്നത്. പിന്മാറണമെന്ന് ഇസ്രയേൽ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല സഹായവുമായി ഗാസയിലേക്ക് പോവുകയായിരുന്നു.

SCROLL FOR NEXT