പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗും ഡൊണാൾഡ് ട്രംപും Source: X/ Greta Greta Thunberg, Donald Trump
WORLD

ഗ്രെറ്റ തുൻബർഗ് ആംഗർ മാനേജ്മെൻ്റ് ക്ലാസിൽ പോകണമെന്ന് ട്രംപ്; ഈ ലോകത്തിനാവശ്യം കൂടുതൽ ദേഷ്യപ്പെടുന്ന വനിതകളെയെന്ന് ഗ്രെറ്റ

Author : ന്യൂസ് ഡെസ്ക്

ഗാസയിലേക്ക് സഹായവുമായി പുറപ്പെട്ട സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിനെ ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഗ്രെറ്റയെ കടുത്ത ഭാഷയിൽ വിമർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു.

പ്രത്യേക തരം സ്വഭാവമുള്ള ദേഷ്യക്കാരിയാണ് ഗ്രെറ്റ തുൻബെർഗ് എന്നാണ് ട്രംപ് അവരെ വിശേഷിപ്പിച്ചത്. അവർക്ക് ദേഷ്യം നിയന്ത്രിക്കാനാകാത്ത സ്വഭാവമാണെന്നും ട്രംപ് വിമർശിച്ചു. എന്നാൽ, ട്രംപിന് ഉചിതമായ ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് ഗ്രെറ്റ. ഈ ലോകത്തിനാവശ്യം കൂടുതൽ ദേഷ്യപ്പെടുന്ന വനിതകളെ ആണെന്നാണ് പാരീസിൽ വന്നിറങ്ങിയ ഉടനെ ഗ്രെറ്റ ഇതിനോട് പ്രതികരിച്ചത്.

"എനിക്ക് തോന്നുന്നത് ഗ്രെറ്റ തുൻബർഗ് ഉടനെ ദേഷ്യം നിയന്ത്രിക്കാനുള്ള ആംഗർ മാനേജ്മെൻ്റ് ക്ലാസിൽ പോകണമെന്നാണ്. അവൾക്കുള്ള എൻ്റെ ഉപദേശമാണിത്. ഗ്രെറ്റ തുൻബർഗിനെ തട്ടിക്കൊണ്ടു പോവുകയല്ലാതെ ഇസ്രയേലിന് വേറെ പല കാര്യങ്ങളും ചെയ്യാനുണ്ട്," ട്രംപ് പറഞ്ഞു. തന്നെ ഇസ്രയേൽ സൈന്യം തട്ടിക്കൊണ്ടു പോവുകയാണെന്ന് ഗ്രെറ്റ നേരത്തെ ആരോപിച്ചിരുന്നു. ഇക്കാര്യം നിഷേധിച്ച് ഇസ്രയേൽ സൈന്യവും രംഗത്തെത്തി. തുടർന്നാണ് അവരെ പാരീസിലേക്ക് തിരിച്ചയച്ചത്.

ഗ്രെറ്റ തുന്‍ബര്‍ഗിനെ തടഞ്ഞുവെച്ച് ഒരു ദിവസത്തിനിപ്പുറമാണ് അവരെ മടക്കി അയച്ചതായി ഇസ്രയേൽ അറിയിച്ചത്. നാടുകടത്തൽ സ്ഥിരീകരിച്ചതിന് പിന്നാലെ ഗ്രെറ്റയെ ടെൽ അവീവിൽ നിന്ന് ഫ്രാൻസിലേക്കുള്ള വിമാനത്തിൽ കയറ്റിവിട്ടതായി ഇസ്രയേൽ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ ഗ്രെറ്റ തുൻബർഗ് ഇസ്രയേലിൽ നിന്ന് ഫ്രാൻസ് വഴി സ്വീഡനിലേക്ക് വിമാനത്തിൽ പുറപ്പെട്ടുവെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പറയുകയും, ഗ്രെറ്റ ഒരു വിമാനത്തിൽ ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അവരോടൊപ്പം തടവിലാക്കപ്പെട്ട ആറ് ഫ്രഞ്ച് പൗരന്മാരിൽ അഞ്ച് പേർ നാടുകടത്തൽ ഉത്തരവുകളിൽ ഒപ്പിടാൻ വിസമ്മതിച്ചതായും ഇനി അവർക്കെതിരെ ജുഡീഷ്യൽ നടപടികൾ സ്വീകരിക്കുമെന്നും ഇസ്രയേൽ അറിയിച്ചു.

യൂറോപ്യൻ പാർലമെൻ്റ് അംഗം റിമാ ഹസൻ്റെ എക്സ് പോസ്റ്റ് വഴിയാണ് ഗ്രെറ്റ തുന്‍ബർഗ് ഉൾപ്പെട്ട കപ്പൽ ക്രൂവിനെ ഇസ്രയേൽ കസ്റ്റഡിയിലെടുത്ത വിവരം പുറംലോകമറിയുന്നത്. പലസ്തീന്‍ അനുകൂല സംഘടനയായ ഫ്രീഡം ഫ്ലോട്ടില്ല കൊയിലേഷൻ്റെ (എഫ്എഫ്‌‍സി) നേതൃത്വത്തിലാണ് സന്നദ്ധ പ്രവർത്തകരുടെ ചെറു കപ്പല്‍ ഗാസയിലേക്ക് പുറപ്പെട്ടത്.

SCROLL FOR NEXT