screengrab
WORLD

മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ വീഡിയോകള്‍ പങ്കുവെച്ച് നെതന്യാഹു; അവസാന വീഡിയോയും ഡീപ്പ് ഫെയ്ക്ക് എന്ന് ഗ്രോക്ക്

ജറുസലേമില്‍ ജനങ്ങളുമായി ഇടപഴകുന്നതും അവര്‍ക്കൊപ്പം ഫോട്ടോയെടുക്കുന്നതുമാണ് പുതിയ വീഡിയോ

Author : ന്യൂസ് ഡെസ്ക്

കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിനു പിന്നാലെ സോഷ്യയില്‍ മീഡിയയില്‍ തുടരെ തുടരെ വീഡിയോകള്‍ പങ്കുവെച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കോഫി ഷോപ്പില്‍ നിന്നുള്ള വീഡിയോ എഐ ജനറേറ്റഡാണെന്ന് ഇലോണ്‍ മസ്‌കിന്റെ ഗ്രോക്ക് വിധിയെഴുതിയതിനു പിന്നാലെയാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇസ്രയേലിലെ ജറുസലേമില്‍ ജനങ്ങളുമായി ഇടപഴകുന്നതും അവര്‍ക്കൊപ്പം ഫോട്ടോയെടുക്കുന്നതുമാണ് പുതിയ വീഡിയോയില്‍ ഉള്ളത്. ഇറാനുമായുള്ള യുദ്ധം രൂക്ഷമാകുന്നതിനിടയിലാണ് പുതിയ വീഡിയോ എത്തിയത്.

നെതന്യാഹുവിന്റെ പത്ര സമ്മേളനത്തിന്റെ വീഡിയോ പുറത്തു വന്നതിനു പിന്നാലെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. വീഡിയോയില്‍ നെതന്യാഹുവിന്റെ ഒരു കൈയില്‍ ആറ് വിരലുകളുണ്ടെന്നും ഇത് എഐ ജനറേറ്റഡ് ആണെന്നുമായിരുന്നു സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.

ഇതിനു പിന്നാലെ, താന്‍ മരിച്ചിട്ടില്ലെന്ന് പറഞ്ഞുള്ള കോഫി ഷോപ്പില്‍ നിന്നുള്ള നെതന്യാഹുവിന്റെ വീഡിയോ പുറത്തു വന്നു. എന്നാല്‍ ഈ വീഡിയോ ഡീപ്പ് ഫെയ്ക് ആണെന്നായിരുന്നു ഗ്രോക്കിന്റെ വിധി.

നെതന്യാഹു കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഇറാനും പ്രതികരിച്ചിരുന്നു. കുട്ടികളെ കൊല ചെയ്യുന്ന കുറ്റവാളി ജീവനോടെ ഉണ്ടെങ്കില്‍ പിന്തുടര്‍ന്ന് കൊലപ്പെടുത്തുമെന്നായിരുന്നു ഇറാന്റെ പ്രഖ്യാപനം. ഇതിന് പിന്നാലെയാണിപ്പോള്‍ വീഡിയോ പങ്കുവെച്ച് കൊണ്ട് നെതന്യാഹു തന്നെ രംഗത്തെത്തിയത്.

യുഎസും ഇസ്രയേലും സംയുക്തമായി ഇറാനു നേരെ ആക്രമണം അഴിച്ചുവിട്ടതോടെയാണ് ലോകം യുദ്ധഭീതിയിലേക്ക് നീങ്ങിയത്. ആക്രമണങ്ങളില്‍ ഇറാന്റെ 86 കാരനായ പരമോന്നത നേതാവ് അലി ഖമനേയി കൊല്ലപ്പെടുകയും മിഡില്‍ ഈസ്റ്റിലുടനീളം വ്യാപകമായ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു.

ഇറാനെതിരെയുള്ള ആക്രമണം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നും ആവര്‍ത്തിച്ചു. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ട്രംപ് ഇന്ന് പറഞ്ഞത്. ടെഹ്റാനിലെ പല പ്രധാന നിര്‍മ്മിതികളും താന്‍ ലക്ഷ്യം വെക്കാതിരുന്നത് അവ വീണ്ടും കെട്ടിപ്പടുക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും എന്നതു കൊണ്ടാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

വേണമെങ്കില്‍ ഇറാന്റെ വൈദ്യുതി നിലയങ്ങള്‍ തനിക്ക് ഒരു മണിക്കൂറിനുള്ളില്‍ തകര്‍ക്കാനാകും. അങ്ങനെ ചെയ്താല്‍ അതൊക്കെ പുനര്‍നിര്‍മിക്കാന്‍ വര്‍ഷങ്ങളെടുക്കും. അതുകൊണ്ട് അത് വേണ്ടെന്ന് വെച്ചിരിക്കുകയാണ്.

തങ്ങളുടെ വൈദ്യുതി ഗ്രിഡ് ആക്രമിക്കപ്പെട്ടാല്‍ മുഴുവന്‍ മേഖലയെയും ഇരുട്ടിലാകുമെന്നാണ് ഇറാന്റെ ഭീഷണി.

SCROLL FOR NEXT