ബെഞ്ചമിൻ നെതന്യാഹു ജീവിച്ചിരിപ്പുണ്ടെങ്കിൽ കണ്ടുപിടിച്ച് കൊല്ലുമെന്ന് പ്രതിജ്ഞയെടുത്ത് ഇറാൻ. മിഡിൽ ഈസ്റ്റിലെ യുദ്ധത്തിൻ്റെ 16-ാം ദിവസം ഇസ്രയേലിനെതിരെ ആക്രമണം തുടരുന്നതിനിടെയാണ് ഇറാൻ്റെ വെല്ലുവിളി.
കുട്ടികളെ കൊല്ലുന്ന ആ കുറ്റവാളി ജീവിച്ചിരിപ്പുണ്ടെങ്കിൽ, ഞങ്ങൾ അവനെ എല്ലാ സൈന്യത്തെയുമുപയോഗിച്ച് പിന്തുടർന്ന് കൊലപ്പെടുത്തുമെന്നും ഐആർജിസി ഒരു പ്രസ്താവനയിൽ വ്യക്തമാക്കി. നെതന്യാഹു എവിടെയാണെന്ന് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് ഐആർജിസിയുടെ പ്രസ്താവന.
മാർച്ച് 12-ന് നെതന്യാഹുവിൻ്റേതായി പുറത്തു വന്ന വീഡിയോയിൽ ആറു വിരലുകൾ ഉണ്ടെന്നും ഇത് എഐ നിർമിത വീഡിയോ ആണെന്നും ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ നെതന്യാഹു മരിച്ചതായുള്ള വാർത്തകൾ പ്രചരിക്കുന്നത്. ഫെബ്രുവരി 28 ന് ഇറാനിൽ അമേരിക്കയും ഇസ്രായേലും വ്യോമാക്രമണം ആരംഭിച്ചതിനുശേഷം 76 കാരനായ നെതന്യാഹു തൻ്റെ ആദ്യ വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു വീഡിയോയിൽ .
പുതിയ ഇറാനിയൻ പരമോന്നത നേതാവ് മുജ്തബ ഖമേനിയെ കൊല്ലുമെന്നും നെതന്യാഹു പരോക്ഷമായി ഭീഷണി മുഴക്കിയിരുന്നു. "ഞങ്ങൾ സ്വീകരിക്കുന്ന നടപടികൾ ഞാൻ വിശദീകരിക്കുന്നില്ല. ഭരണകൂടത്തെ അട്ടിമറിക്കുന്നതിനുള്ള ഏറ്റവും നല്ല സാഹചര്യങ്ങൾ ഞങ്ങൾ സൃഷ്ടിക്കുകയാണ്, പക്ഷേ ഇറാനിലെ ജനങ്ങൾ ഭരണകൂടത്തെ അട്ടിമറിക്കില്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയില്ല എന്നത് ഞാൻ നിഷേധിക്കില്ല " എന്നും നെതന്യാഹു വീഡിയോയിലൂടെ ഹീബ്രുവിൽ പറയുന്നുണ്ട്.
നെതന്യാഹുവിൻ്റെ മരണവാർത്തകൾക്ക് പിന്നാലെ ഇത് നിഷേധിച്ചു കൊണ്ട് അദ്ദേഹത്തിൻ്റെ ഓഫീസ് രംഗത്തെത്തിയിരുന്നു. അദ്ദേഹം സുഖമായിരിക്കുന്നുവെന്നും പ്രചരിക്കുന്ന വാർത്തകളെല്ലാം വ്യാജമാണ് എന്നുമായിരുന്നു നെതന്യാഹുവിൻ്റെ ഓഫീസ് ടർക്കിയിലെ അനഡോലു ഏജൻസിയോട് വ്യക്തമാക്കിയത്. എന്നാൽ ഇത് സംബന്ധിച്ച് നെതന്യാഹുവിൻ്റെ ഓഫീസോ സഹായികളോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.
ചില ഉപയോക്താക്കൾ അദ്ദേഹത്തിൻ്റെ മകൻ യെയർ നെതന്യാഹു സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷനായതും ചൂണ്ടിക്കാണിക്കുന്നു. എക്സിൽ ഏകദേശം 284,000 ഫോളോവേഴ്‌സുള്ളതും വളരെ സജീവവുമായ യെയർ മാർച്ച് 9 മുതൽ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ലെന്നതാണ് ഉപയോക്താക്കളുടെ ശ്രദ്ധ നേടിയത്.
കഴിഞ്ഞ മാസം അമേരിക്കയും ഇസ്രായേലും ഇറാനിൽ സംയുക്തമായി നടത്തിയ ആക്രമണത്തിൽ 86 കാരനായ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മിഡിൽ ഈസ്റ്റ് അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയത്. ഇതിനു മറുപടിയായി ഇറാൻ ഇസ്രയേലിനെയും ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളെയും ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധത്തിൽ 2,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.ഇതിൽ കൂടുതലും ഇറാനിലാണ്.