WORLD

ഗാസയുടെ ഭരണം ഒഴിഞ്ഞ് ഹമാസ്; എമർജൻസി കമ്മിറ്റി രാജിവച്ചു

അതേ സമയം ഹമാസിന്റെ സായുധ വിഭാഗത്തിന്റെ ഇടപെടൽ ഈ തീരുമാനത്തിന്റെ പരിധിയിൽ വരില്ല

Author : ന്യൂസ് ഡെസ്ക്

പലസ്തീൻ: ഗാസയുടെ ഭരണം പ്രതീകാത്മകമായി ഒഴിഞ്ഞ് ഹമാസ്. എമർജൻസി കമ്മിറ്റി രാജിവച്ചു. അന്താരാഷ്ട്ര സമിതിയ്ക്ക് ഭരണം കൈമാറാനുള്ള നടപടി ക്രമത്തിന്‍റെ ഭാഗമായാണ് രാജി. ഗാസ മുനമ്പിൽ ഏകദേശം രണ്ട് പതിറ്റാണ്ടുകളായി ഭരിച്ചിരുന്ന സംഘടനാ സംവിധാനമാണ് പിരിച്ചുവിട്ടത്. സിവിലിയൻ ഭരണം നടപ്പിലാക്കുന്നതിനുള്ള ഒരു ടെക്നോക്രാറ്റിക് കമ്മിറ്റിയാണ് ഇനി നിലവിൽ വരിക. ഗവൺമെന്റ് എമർജൻസി കമ്മിറ്റി തലവൻ മുഹമ്മദ് അബ്ദുൽ ഖാലിഖ് അൽ-ഫറ രാജിവെക്കുകയും സമിതി പൂർണമായി പിരിച്ചുവിടുകയും ചെയ്തു.

ഗാസ ഭരണത്തിനായുള്ള ദേശീയ സമിതിയിലേക്കുള്ള (എൻ‌സി‌എജി) മാറ്റം സുഗമമാക്കുന്നതിനായാണ് നിലവിലെ കമ്മിറ്റി പിരിച്ചുവിടുന്നത്. അലി ഷാത്തിന്റെ നേതൃത്വത്തിലുള്ള ടെക്നോക്രാറ്റ് (സാങ്കേതിക വിദഗ്ധരുടെ) സമിതിക്ക് അധികാരം കൈമാറുന്നതിനുള്ള നടപടികൾ പൂർത്തിയായതായി ഹമാസ് അറിയിച്ചു. 2025 ഒക്ടോബറിൽ ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചപ്പോൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥാപിച്ച സമാധാന ബോർഡാണ് എൻ‌സി‌എജി രൂപീകരിച്ചത്.

അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ പ്രതിസന്ധി ഒഴിവാക്കാൻ നിലവിലുള്ള ടെക്നിക്കൽ, പ്രൊഫഷണൽ സർക്കാർ ജീവനക്കാർ തുടർന്നും പൗരന്മാർക്ക് സേവനങ്ങൾ ലഭ്യമാക്കും. ഈ മാറ്റം രാഷ്ട്രീയമായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും, ഇസ്രയേൽ എതിർപ്പുകൾ കാരണം ഈ സമിതിക്ക് ഗാസയിലേക്ക് പൂർണമായും പ്രവേശിക്കാനും ഇടപെടാനും സാധിച്ചിട്ടില്ല. അതേ സമയം ഹമാസിന്റെ സായുധ വിഭാഗത്തിന്റെ ഇടപെടൽ ഈ തീരുമാനത്തിന്റെ പരിധിയിൽ വരില്ല.

SCROLL FOR NEXT