ഗാസയിലേക്ക് പുറപ്പെട്ട ഹന്‍ദല ബോട്ട് Source: Valeria Ferraro/Anadolu
WORLD

ഗാസയിലേക്ക് സഹായവുമായി പുറപ്പെട്ട ഹന്‍ദല പിടിച്ചെടുത്ത് ഇസ്രയേല്‍; ആക്ടിവിസ്റ്റുകളെ ബന്ദികളാക്കി തട്ടിക്കൊണ്ടുപോയെന്ന് റിപ്പോര്‍ട്ട്

''അന്താരാഷ്ട്ര സമുദ്ര നിയമം ലംഘിച്ചുകൊണ്ട്, ഗാസയുടെ പലസ്തീന്‍ അതിര്‍ത്തിക്ക് പുറത്തുള്ള അന്താരാഷ്ട്ര ജലാശയത്തില്‍ വെച്ചാണ് ബോട്ട് പിടിച്ചെടുത്തത്''

Author : ന്യൂസ് ഡെസ്ക്

ഗാസയിലേക്ക് ഭക്ഷണമടക്കമുള്ള സഹായമെത്തിക്കാനായി പുറപ്പെട്ട ഹന്‍ദല ബോട്ട് അന്താരാഷ്ട്ര ജലാശയത്തില്‍വെച്ച് തടഞ്ഞ് ഇസ്രയേല്‍ സൈന്യം. ഹന്‍ദല ബോട്ടുമായുള്ള എല്ലാ ആശയവിനിമയവും നഷ്ടപ്പെട്ടതായി ഫ്രീഡം ഫ്‌ളോട്ടില്ല കൊളീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

പ്രാദേശിക സമയം 11.43 ഓടെ ബോട്ടിലെ ക്യാമറകളും മറ്റും ഇസ്രയേല്‍ കട്ട് ചെയ്തതോടെ ഹന്‍ദലയിലെ ആക്ടിവിസ്റ്റുകളുമായുള്ള ആശയവിനിമയം നഷ്ടമായി.

'ഗാസയിലേക്കുള്ള ജീവന്‍ രക്ഷാ വസ്തുക്കളുമായി പോയ ബോട്ട് ഇസ്രയേല്‍ സൈന്യം പിടിച്ചെടുക്കുകയും യാത്രക്കാരെ ബന്ദികളാക്കി തട്ടിക്കൊണ്ടു പോവുകയും ചെയ്തു. അന്താരാഷ്ട്ര സമുദ്ര നിയമം ലംഘിച്ചുകൊണ്ട്, ഗാസയുടെ പലസ്തീന്‍ അതിര്‍ത്തിക്ക് പുറത്തുള്ള അന്താരാഷ്ട്ര ജലാശയത്തില്‍ വെച്ചാണ് ബോട്ട് പിടിച്ചെടുത്തത്,' എഫ്എഫ്‌സി പറഞ്ഞു.

12 രാജ്യങ്ങളില്‍ നിന്നുമായി 21 ആക്ടിവിസ്റ്റുകളായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഭക്ഷണസാധനങ്ങള്‍, കുട്ടികള്‍ക്കായുള്ള വസ്തുക്കള്‍, ഡയപ്പറുകള്‍, മരുന്നുകള്‍ തുടങ്ങിയവയായിരുന്നു ബോട്ടിലുണ്ടായിരുന്നത്.

യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്നുള്ള ഫ്രഞ്ച് സ്വീഡിഷ് മെമ്പര്‍ എമ്മ ഫൊറ്യൂ, ഫ്രഞ്ച് നാഷണല്‍ അസംബ്ലി മെമ്പര്‍ ഗബ്രിയേ കാതല, പലസ്തീനിയന്‍ അമേരിക്കന്‍ മനുഷ്യാവകാശ അഭിഭാഷകന്‍ ഹുവൈദ അറാഫ്, ജ്യൂയിഷ്-അമേരിക്കന്‍ ആക്ടിവിസ്റ്റ് ജേക്കബ് ബെര്‍ജ്, ടുണീഷ്യന്‍ ട്രേഡ് യൂണിയനിസ്റ്റ് ഹതേം ഔയിനി, 70കാരനായ നോര്‍വീജിയന്‍ ആക്ടിവിസ്റ്റ് വിഗ്ദിഷ് ജ്യോര്‍വാന്‍ഡ്, ഫ്രഞ്ച് അരേിക്കന്‍ അഭിഭാഷകനും നടനുമായ ഫ്രാങ്ക് റൊമാനോ, ഓസ്‌ട്രേലിയന്‍ അവകാശ പ്രവര്‍ത്തകന്‍ റോബേര്‍ട്ട് മാര്‍ട്ടിന്‍, ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ താനിയ, യുഎസ് ലേബര്‍ ആക്ടിവിസ്റ്റ് ക്രിസ്റ്റ്യന്‍ സ്മാള്‍സ്, അമേരിക്കന്‍ ഇതിഹാസം ബോബ് സുബേരി, ഇറ്റാലിയന്‍ റിസര്‍ച്ചറും മാധ്യമപ്രവര്‍ത്തകനുമായ അന്റോണിയോ മാസിയോ, സ്പാനിഷ് അവകാശ പ്രവര്‍ത്തകന്‍ സാന്റിയാഗോ ഗോണ്‍സാല്‍സ്, സ്പാനിഷ് പരിസ്ഥിതി പ്രവര്‍ത്തകന്‍ സെര്‍ജിയോ തോരിബിയേ, ഫ്രഞ്ച് നഴ്‌സ് ജസ്റ്റിന്‍ കെംഫ്, ഫ്രഞ്ച് ആക്ടവിസ്റ്റ് ആഞ്‌ജേ സാഹുക്വേ, ഇറ്റാലിയന്‍ കാലാവസ്ഥ ആക്ടിവിസ്റ്റ് അന്റോണിയോ ലാ പിസിരെല്ല, യുഎസ് നാവികന്‍ ബ്രേഡന്‍ പെല്യൂസോ, മുന്‍ യുഎന്‍ സ്റ്റാഫ് മെമ്പര്‍ ക്ലോ ഫിയോണ ലഡ്ഡന്‍ എന്നിവരാണ് ബോട്ടില്‍ ഉണ്ടായിരുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒപ്പം അല്‍ ജസീറയുടെ രണ്ട് മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നതായും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

SCROLL FOR NEXT