ന്യൂയോർക്ക്: യുഎസിൻ്റെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ ശീതകാല കൊടുങ്കാറ്റ് വീശിയതിനെത്തുടർന്ന് ന്യൂയോർക്ക് സിറ്റിയിൽ കനത്ത മഞ്ഞുവീഴ്ച. വരും ദിവസങ്ങളിൽ കാലാവസ്ഥ പ്രദേശത്ത് അതിശൈത്യത്തിലേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ്. ശൈത്യ കൊടുങ്കാറ്റിനുള്ള സാധ്യത മുൻനിർത്തി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ന്യൂയോർക്ക് ഗവർണർ. മഞ്ഞുവീഴ്ച വിമാന സർവീസുകളെയും മറ്റ് ഗതാഗത സംവിധാനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
വെള്ളിയാഴ്ച വൈകിയാണ് ന്യൂയോർക്ക് സിറ്റിയിൽ കനത്ത മഞ്ഞുവീഴ്ച തുടങ്ങിയത്. വൈകുന്നേരത്തോടെ നഗരത്തിലും സമീപ പ്രദേശങ്ങളിലും മഞ്ഞുപെയ്ത് തുടങ്ങി. മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയായിരിക്കും ഇത്തവണത്തേത് എന്നാണ് റിപ്പോർട്ടുകൾ.
ന്യൂയോർക്ക് നഗരത്തിലും വടക്കുകിഴക്കൻ ന്യൂജേഴ്‌സിയിലും 12 .7 മുതൽ 20 സെന്റീമീറ്റർ വരെ മഞ്ഞ് പെയ്തിറങ്ങാൻ ഇടയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ലോവർ ഹഡ്‌സൺ വാലി, ലോംഗ് ഐലൻഡ് പ്രദേശങ്ങളിൽ ഇത് 20 സെന്റീമീറ്ററിന് മുകളിലെത്താനും സാധ്യതയുണ്ട് .
ഡെവിൻ ശൈത്യ കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തെക്കുകിഴക്കൻ ന്യൂയോർക്ക്, വടക്കൻ ന്യൂയോർക്ക്, കിഴക്കൻ പെൻസിൽവാനിയ എന്നിവിടങ്ങളിലും കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ന്യൂജേഴ്‌സിയിലും ന്യൂയോർക്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കാലാവസ്ഥയ്ക്ക് അനുസൃതമായി യാത്രകൾ പുനഃക്രമീകരിക്കണമെന്നും പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. മഞ്ഞുവീഴ്ച വിമാന സർവീസുകളെയും പ്രതികൂലമായി ബാധിച്ചു. നൂറുകണക്കിന് സർവീസുകൾ റദ്ദാക്കി. കഴിഞ്ഞ ദിവസങ്ങളിലായി 5,500 ൽ അധികം വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തിയത്.