കാഠ്മണ്ഡു: നേപ്പാളിൽ എവറസ്റ്റ് കൊടുമുടിക്ക് സമീപം ലാൻഡിങ്ങിനിടെ ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് തകർന്നു. അപകടത്തിൽ ഒരാൾ മരിച്ചു. ഇന്ത്യക്കാരനായ വിനോദസഞ്ചാരിയാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. എവറസ്റ്റ് മേഖലയിലെ പെരിചെയിലാണ് അപകടം ഉണ്ടായത്. കൊല്ലപ്പെട്ടത് വസന്ത് കുമാർ ബാലരാമരാമഡു എന്ന ആൾ ആണെന്നാണ് അന്തർദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
അപകടത്തിന്റെ ദൃശ്യങ്ങൾ എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ടെന്നാണ് വിവരം. രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള സോലുഖുംബു ഹെലിപോർട്ടിലാണ് സംഭവം. എയർ ഡൈനാസ്റ്റി, ഫിഷ് ടെയിൽ എന്നീ കമ്പനികളുടെ ഹെലികോപ്ടറുകളാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ എട്ടേകാലോടെയായിരുന്നു അപകടമെന്നാണ് വിവരം. നേപ്പാളിൽ വിനോദസഞ്ചാരികളെയും പർവതാരോഹകരെയും എത്തിക്കുന്നതിനും അവശ്യസാധനങ്ങൾ കൊണ്ടുപോകുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ആളുകളെ ഒഴിപ്പിക്കുന്നതിനും ഇത്തരം ചെറുവിമാനങ്ങൾ ഉപയോഗിക്കാറുണ്ട്. നേപ്പാളിലെ ദുർഘടമായ ഭൂപ്രകൃതിയും പെട്ടെന്നുണ്ടാവുന്ന കാലാവസ്ഥ മാറ്റവും പ്രദേശത്തെ വ്യോമയാന പ്രവർത്തനങ്ങളെ ബാധിക്കാറുണ്ട്.