Source: X
WORLD

തീവ്രവാദത്തിനെതിരെ ഹെക്‌സഗൺ സഖ്യം; ഇന്ത്യ പ്രധാന പങ്കാളിയെന്ന് നെതന്യാഹു

ഇസ്രായേൽ, ഗ്രീസ്, സൈപ്രസ് എന്നിവയ്‌ക്കൊപ്പം ഇന്ത്യയെയും സഖ്യത്തിലെ ഒരു പ്രധാന പങ്കാളിയായി നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിന് തൊട്ടുമുമ്പ്, ജറുസലേമിൽ നിന്ന് ഒരു പുതിയ ഭൗമരാഷ്ട്രീയ സഖ്യത്തിനായുള്ള ആഹ്വാനം ഉയർന്നുവന്നിരിക്കുകയാണ്. തീവ്രവാദികളെ നേരിടാനായി ഒരു പുതിയ സഖ്യം രൂപപ്പെടുന്നുുവെന്നാണ് നെതന്യാഹു ഇതിനെ വിശേഷിപ്പിക്കുന്നത്. ഇസ്രായേൽ, ഗ്രീസ്, സൈപ്രസ് എന്നിവയ്‌ക്കൊപ്പം ഇന്ത്യയെയും സഖ്യത്തിലെ ഒരു പ്രധാന പങ്കാളിയായി നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്.

ഫെബ്രുവരി 22 ന് ഇസ്രയേൽ വിദേശകാര്യ ഓഫീസ് പുറത്തിറക്കിയ നെതന്യാഹുവിന്റെ പ്രസ്താവന പ്രകാരം, മറ്റ് അറബ്, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളും സഖ്യത്തിൻ്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

നെതന്യാഹുവിൻ്റെ ക്ഷണപ്രകാരം, ഫെബ്രുവരി 25-26 തീയതികളിലാണ് മോദി ഇസ്രായേൽ സന്ദർശിക്കുക. പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ഇസ്രായേൽ സന്ദർശനമാണിത്. സന്ദർശന വേളയിൽ, ഇരു നേതാക്കളും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങൾ എന്നിവയിൽ കാഴ്ചപ്പാടുകൾ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

സുരക്ഷ, രഹസ്യാന്വേഷണ വിവരങ്ങളുടെ പങ്കിടൽ, പ്രതിരോധം എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനാണ് ഈ സഖ്യം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ടെൽ അവീവുമായുള്ള തന്ത്രപ്രധാന പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യമാണ് പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തിന് പിന്നിൽ. സുരക്ഷാ സഹകരണത്തിൻ്റെ കാര്യത്തിലും ഇരു രാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പിട്ടേക്കും. കൂടാതെ, കൃഷി,ജലം, ശാസ്ത്ര സാങ്കേതിക വിദ്യ, ക്വാണ്ടം കമ്പ്യൂട്ടിങ് പോലെയുള്ള വളർന്നു വരുന്ന മേഖലകളിലെ സഹകരണം വർധിപ്പിക്കുകയെന്നതും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.

SCROLL FOR NEXT