മാഡ്രിഡ്: സ്‌പെയിനില്‍ ഹൈസ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ചുള്ള അപകടത്തിൽ മരണം 39 ആയി ഉയർന്നു. ദക്ഷിണ സ്‌പെയിനില്‍ ഞായറാഴ്ച ഉണ്ടായ അപകടത്തില്‍ 39 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
മലാഗയില്‍ നിന്നും മാഡ്രിഡിലേക്ക് വരികയായിരുന്ന ട്രെയിന്‍ അഡമൂസിനടുത്ത് വച്ച് പാളം തെറ്റി അടുത്ത ട്രാക്കിലേക്ക് നീങ്ങുകയും ഈ സമയം എതിര്‍ ദിശയില്‍ നിന്ന് വന്നിരുന്ന ട്രെയിന്‍ ഇടിക്കുകയുമായിരുന്നു.
ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം 6.40 ഓടെയാണ് സംഭവം. മാഡ്രിഡിലേക്ക് പോവുകയായിരുന്ന ട്രെയിനില്‍ 300 ലേറെ പേര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്ന് മാഡ്രിഡിനും അന്‍ഡലൂഷ്യയ്ക്കും ഇടയിലുള്ള എല്ലാ ട്രെയിന്‍ സര്‍വീസും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
മാരകമായ കൂട്ടിയിടിയെ തുടർന്ന് മാഡ്രിഡിനും അൻഡലൂഷ്യയിലെ സെവില്ലെ, മലാഗ, കോർഡോബ, ഹുവൽവ എന്നിവയുൾപ്പെടെയുള്ള നഗരങ്ങൾക്കുമിടയിലുള്ള 130 ലധികം ട്രെയിൻ സർവീസുകൾ ഇന്ന് റദ്ദാക്കി. ബുദ്ധിമുട്ടുള്ള യാത്രക്കാർക്ക് സൗജന്യമായി ടിക്കറ്റ് മാറ്റി നൽകുമെന്നും പണം തിരികെ നൽകുമെന്നും റെയിൽ ഓപ്പറേറ്ററായ റെൻഫെ പറഞ്ഞു. അതേസമയം, അപകടത്തിൽ ഉൾപ്പെട്ടവരുടെ ബന്ധുക്കളെ സഹായിക്കുന്നതിനായി ഹെൽപ്പ്ലൈൻ നമ്പർ സജ്ജമാക്കിയിട്ടുണ്ട്.
യൂറോപ്യൻ യൂണിയൻ്റെ കണക്കനുസരിച്ച്, മണിക്കൂറിൽ 250 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾക്കായി യൂറോപ്പിലെ ഏറ്റവും വലിയ അതിവേഗ റെയിൽ ശൃംഖല സ്‌പെയിനിലാണ്. 3100 കിലോമീറ്ററിൽ കൂടുതൽ ട്രാക്ക് ഉണ്ട്. 2024-25ൽ ദശലക്ഷത്തിലധികം യാത്രക്കാർ തങ്ങളുടെ അതിവേഗ ട്രെയിനുകളിൽ ഒന്നിൽ സഞ്ചരിച്ചതായി റെയിൽ ഓപ്പറേറ്ററായ റെൻഫെ പറഞ്ഞു.
രാജ്യത്തെ ആദ്യത്തെ മാരകമായ ട്രെയിൻ അപകടമല്ല ഇത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ട്രെയിൻ അപകടം 2013ൽ സ്പെയിനിലാണ് സംഭവിച്ചത്. രാജ്യത്തിൻ്റെ വടക്കു പടിഞ്ഞാറൻ ഭാഗത്ത് ട്രെയിൻ പാളം തെറ്റി 80 പേർ മരിച്ചിരുന്നു. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കേണ്ടയിരുന്ന ട്രെയിൻ അപകടത്തിൽപ്പെടുമ്പോൾ മണിക്കൂറിൽ 179 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് പിന്നീടുള്ള അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.