

ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച 'ബോര്‍ഡ് ഓഫ് പീസ്' എന്താണ്? ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ട്രംപിന്റെ ക്ഷണം ലഭിച്ചിട്ടിട്ടുണ്ട്. ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ സെര്‍ജിയോ ഗോര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസില്‍ പങ്കാളിയാകുമോ എന്നതില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആഗോള സംഘര്‍ഷം പരിഹരിക്കാനുള്ള ധീരമായ സമീപനം എന്നാണ് ബോര്‍ഡ് ഓഫ് പീസിനെ ട്രംപ് വിശേഷിപ്പിച്ചത്.
ട്രംപിന്റെ നേതൃത്വത്തില്‍ ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി രൂപീകരിച്ച ഒരു അന്താരാഷ്ട്ര ഭരണസമിതിയായിരുന്നു ബോര്‍ഡ് ഓഫ് പീസ്. 2025 ഒക്ടോബറില്‍ ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഇത് അവതരിപ്പിക്കപ്പെട്ടത്.
ട്രംപ് അധ്യക്ഷനായിട്ടുള്ള പ്രധാന ബോര്‍ഡിനു പുറമെ, പലസ്തീനിലെ യുദ്ധബാധിത പ്രദേശം ഭരിക്കാന്‍ ഉദ്ദേശിച്ചുള്ള ടെക്‌നോക്രാറ്റുകളുടെ കമ്മിറ്റി, കൂടുതല്‍ ഉപദേശക പങ്ക് വഹിക്കാന്‍ രൂപകല്‍പ്പന ചെയ്തുള്ള എക്‌സിക്യൂട്ടീവ് ബോര്‍ഡ് എന്നിവയാകും ഉണ്ടാകുക.
ഡൊണാള്‍ഡ് ട്രംപിന് പുറമെ, ട്രംപിന്റെ മരുമകന്‍ ജേര്‍ഡ് കുഷ്‌നര്‍, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, മുന്‍ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയര്‍, യുഎസിലെ ശതകോടീശ്വരനായ മാര്‍ക്ക് റോവന്‍, ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ എന്നിവരാണ് ബോര്‍ഡിലുള്ളത്.
ഗാസയുടെ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ ഫണ്ട് ഏകോപിപ്പിക്കുക, ഗാസയിലെ ദൈനംദിന ഭരണം കൈകാര്യം ചെയ്യുന്നതിനായി രൂപീകരിക്കുന്ന 'പലസ്തീന്‍ ടെക്‌നോക്രാറ്റിക് കമ്മിറ്റി'യുടെ മേല്‍നോട്ടം വഹിക്കുക, ഗാസയില്‍ സുരക്ഷ ഉറപ്പാക്കാന്‍ വിന്യസിക്കുന്ന ഇന്റര്‍നാഷണല്‍ സ്റ്റെബിലൈസേഷന്‍ ഫോഴ്‌സിനെ നിയന്ത്രിക്കുക. ഹമാസിന്റെ നിരായുധീകരണം ഉറപ്പാക്കുക എന്നിവയുടെ പ്രധാന ചുമതല.
ഈ കരാര്‍ പ്രകാരം ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പൂര്‍ണ്ണമായി പിന്മാറുന്നതിനും, ഹമാസ് അവരുടെ ആയുധങ്ങള്‍ ഉപേക്ഷിക്കുന്നതിനും വ്യവസ്ഥയുണ്ട്. പകരമായി ഗാസയുടെ ഭരണം ഈ ബോര്‍ഡിന്റെ മേല്‍നോട്ടത്തിലുള്ള പുതിയ സംവിധാനത്തിലേക്ക് മാറ്റപ്പെടും.
ട്രംപ് പരമാധികാരി
ട്രംപ് ആയിരിക്കും ബോര്‍ഡിന്റെ ആജീവനാന്ത അധ്യക്ഷന്‍. കൂടാതെ, തന്റെ പിന്‍ഗാമിയെ നിശ്ചയിക്കാനുള്ള അധികാരവും ട്രംപിനായിരിക്കും. ഗാസയ്ക്കു പുറമെ, ലോകത്തിലെ മറ്റ് ഭാഗങ്ങളിലെ സംഘര്‍ഷങ്ങളിലും ഇടപെടാന്‍ ലക്ഷ്യമിട്ടുള്ള ഒരു മിനി-യുഎന്‍ മാതൃകയിലാണ് പീസ് ഓഫ് ബോര്‍ഡ് വിഭാവനം ചെയ്തിരിക്കുന്നത്.
ക്ഷണിക്കപ്പെട്ട അംഗങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ കാലാവധിയായിരിക്കും ഉണ്ടാകുക. ബോര്‍ഡില്‍ സ്ഥിരമായ സീറ്റ് ലഭിക്കണമെങ്കില്‍ ഒരു രാജ്യം 1 ബില്യണ്‍ ഡോളര്‍ (ഏകദേശം 8,300 കോടി രൂപ) ബോര്‍ഡിന്റെ ഫണ്ടിലേക്ക് നല്‍കണം. ഈ തുക ഗാസയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നേരിട്ട് ഉപയോഗിക്കുമെന്നാണ് ട്രംപിന്റെ വാദം.
ഇന്ത്യ, കാനഡ, ഹംഗറി, വിയറ്റ്‌നാം, പാകിസ്ഥാന്‍ തുടങ്ങിയ 60-ഓളം രാജ്യങ്ങളെ പീസ് ഓഫ് ബോര്‍ഡിലേക്ക് ട്രംപ് ക്ഷണിച്ചിട്ടുണ്ട്. ഹംഗറിയും വിയറ്റ്‌നാമും മാത്രമാണ് ഇതിനകം ട്രംപിന്റെ ക്ഷണം സ്വീകരിച്ചത്.
ബോര്‍ഡില്‍ പരിപൂര്‍ണ അധികാരം ട്രംപിന് മാത്രമാണ്. അംഗങ്ങളെ നീക്കം ചെയ്യാനും പുതിയ രാജ്യങ്ങളെ ക്ഷണിക്കാനുമുള്ള അധികാരം ട്രംപിനായിരിക്കും. സമിതിയുടെ വോട്ടിങ്ങില്‍ ഭൂരിപക്ഷ തീരുമാനങ്ങള്‍ ഉണ്ടാകുമെങ്കിലും, അവയ്ക്കെല്ലാം അധ്യക്ഷന്റെ (ട്രംപിന്റെ) അംഗീകാരം വേണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എക്‌സിക്യൂട്ടീവ് കമ്മിറ്റി
ടോണി ബ്ലെയര്‍ (മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി)
ജാരദ് കുഷ്‌നര്‍ (ട്രംപിന്റെ മരുമകന്‍)
അജയ് ബംഗ (ലോകബാങ്ക് പ്രസിഡന്റ്)
മാര്‍ക്കോ റൂബിയോ (യുഎസ് സ്റ്റേറ്റ് സെക്രട്ടറി)
യുഎന്നിന് ഭീഷണിയാകുമോ?
ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് യുഎന്‍ സുരക്ഷാ കൗണ്‍സിലിന് സമാന്തരമായ ശക്തിയായി മാറുമോ എന്ന തരത്തില്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിലവില്‍ 2027 വരെ ഗാസയിലെ വെടിനിര്‍ത്തല്‍ നിരീക്ഷിക്കാന്‍ മാത്രമാണ് ഈ ബോര്‍ഡിന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അനുമതി നല്‍കിയിരിക്കുന്നത്.
എന്നാല്‍, ഇതിനെ ലോകത്തിലെ മറ്റ് സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള ഒരു സ്ഥിരം അന്താരാഷ്ട്ര സമിതിയാക്കി മാറ്റാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഇത് ഐക്യരാഷ്ട്രസഭയുടെ പ്രാധാന്യം നഷ്ടപ്പെടുത്തുമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ഭയപ്പെടുന്നു.
യുഎന്നിനെ ലക്ഷ്യം വെച്ചുള്ള ട്രംപിന്റെ മുന്‍ പരാമര്‍ശങ്ങളും ഈ വാദത്തെ പിന്തുണക്കുന്നതാണ്. യുഎന്‍ അപ്രസക്തമായിക്കൊണ്ടിരിക്കുകയാണെന്നും അമേരിക്കയാണ് ഇപ്പോള്‍ യുഎന്നിന്റെ പണി ചെയ്യുന്നതെന്നുമുള്ള തരത്തില്‍ ട്രംപ് പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. തായ്ലന്‍ഡ്-കംബോഡിയ സംഘര്‍ഷം അവസാനിപ്പിച്ചതായി അവകാശപ്പെട്ടു കൊണ്ടായിരുന്നു യുഎന്നിനെതിരെ ട്രംപ് പറഞ്ഞത്.
പതിനൊന്ന് മാസത്തിനിടെ എട്ടോളം യുദ്ധങ്ങളും സംഘര്‍ഷങ്ങളും താന്‍ ഇടപെട്ട് പരിഹരിക്കുകയും അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അമേരിക്ക യഥാര്‍ത്ഥത്തില്‍ ഐക്യരാഷ്ട്രസഭ ആയി മാറിയിരിക്കുകയാണെന്നുമായിരുന്നു ട്രംപിന്റെ വാക്കുകള്‍.
നിലവിലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ പരാജയപ്പെട്ടുവെന്നും കൂടുതല്‍ വേഗതയുള്ളതും ഫലപ്രദവുമായ സംവിധാനം ആവശ്യമാണെന്നുമാണ് ട്രംപിന്റെ വാദം. ഇതിനെ 'ട്രംപ് ഐക്യരാഷ്ട്രസഭ' എന്നാണ് ഒരു നയതന്ത്രജ്ഞന്‍ വിശേഷിപ്പിച്ചത്.
ചൈനയും റഷ്യയും
ചൈനയും റഷ്യയും ട്രംപിന്റെ നീക്കങ്ങളെ ശക്തമായി എതിര്‍ക്കുമെന്നതില്‍ സംശയമില്ല. ചെറിയ രാഷ്ട്രങ്ങള്‍ക്കും ട്രംപിന്റെ നീക്കത്തില്‍ ആശങ്കയുണ്ട്. കാരണം ഐക്യരാഷ്ട്രസഭയാണ് അവര്‍ക്ക് അന്താരാഷ്ട്ര വേദികളില്‍ തുല്യമായ ശബ്ദം നല്‍കുന്നത്.
ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി പ്രസിഡന്റ് അന്നലീന ബെയര്‍ബോക്കും ട്രംപിന്റെ നീക്കത്തിനെതിരെ പരോക്ഷമായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ രാജ്യങ്ങളെയും ഒന്നിപ്പിക്കാന്‍ കഴിയുന്ന ധാര്‍മ്മികവും നിയമപരവുമായ ഏക സ്ഥാപനം ഐക്യരാഷ്ട്രസഭയാണെന്നും അതിനെ ചോദ്യം ചെയ്യുന്നത് ലോകത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് നയിക്കുമെന്നുമാണ് അന്നലീന പറഞ്ഞത്.