WORLD

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി മിസൈലാക്രമണം; 12 മരണം, 309 പേർക്ക് പരിക്ക്; സൗദിയെ പിന്തുണച്ച് ട്രംപ്

പരിക്കേറ്റ നിരവധി പേരുടെ അതീവ ഗുരുതരമെന്നാണ് റിപ്പോർട്ട്.

Author : ന്യൂസ് ഡെസ്ക്

റിയാദ്: ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് സൗദി അറേബ്യ. ആക്രമണത്തിൽ 309 പേർക്ക് പരിക്കേറ്റതായും സൗദി സിവിൽ എവിയേഷൻ അതോറിറ്റി ഔദ്യോഗികമായി അറിയിച്ചു. പരിക്കേറ്റ നിരവധി പേരുടെ അതീവ ഗുരുതരമെന്നാണ് റിപ്പോർട്ട്.

പശ്ചിമേഷ്യയിൽ ഇറാനുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ സൗദിക്ക് നേരെ ഉണ്ടായതിൽ ഏറ്റവും വലിയ ആക്രമണമാണിത്. റിയാദ് വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിന് മുകളിലാണ് ഹൂതികളുടെ മിസൈൽ വന്ന് വീണത്. ആക്രമണത്തിൽ മേൽക്കൂരയുടെ ഒരു ഭാഗം നിലം പൊത്തി. ഇതിനടിയിൽപ്പെട്ടാണ് 12 പേർ മരിച്ചത്.

റിയാദിന് പിന്നാലെ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഹൂതികൾ ആക്രമണം നടത്തിയിരുന്നു. സൗദിയുടെ പോർവിമാനങ്ങൾ പ്രത്യാക്രമണം നടത്തിയതായാണ് വിവരം. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് റിയാദിലേക്കുള്ള സർവീസുകൾ വിമാനക്കമ്പനികൾ താത്കാലികമായി നിർത്തിയിട്ടുണ്ട്.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം ഭയാനകമാണെന്നും അംഗീകരിക്കാനാകില്ലെന്നും യുഎസ് പ്രസിഡൻ്റ് ട്രംപ് പ്രതികരിച്ചു. സൗദി മികച്ച പോരാളികളാണെന്നും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ആക്രമണത്തെക്കുറിച്ച് സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു. ശനിയാഴ്ച ജോയിൻ്റ് ബേസ് ആൻഡ്രൂസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇതിനോട് പ്രതികരിച്ചത്. ഹൂതികളുമായി യുഎസിന് ആശയവിനിമയം ഉണ്ടായിരുന്നുവെന്നും എന്നാൽ അവർ ചെയ്തത് വളരെ മോശമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

സിവിൽ കേന്ദ്രങ്ങളെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ഇത്തരം നടപടികൾ യുദ്ധക്കുറ്റമാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഈ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് സൗദി സഖ്യസേന പ്രഖ്യാപിച്ചു. ആക്രമണത്തെ തുടർന്ന് റിയാദ് വിമാനത്താവളത്തിൻ്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിമാനക്കമ്പനികൾ സൗദിയിലേക്കുള്ള സർവീസുകൾ ഈ മാസം 15 വരെ റദ്ദാക്കിയിട്ടുണ്ട്. ആകാശ എയർലൈൻസ് ഒക്ടോബർ 13 വരെയും എയർ ഇന്ത്യ ഒക്ടോബർ 15 വരെയും എയർ ഇന്ത്യ എക്സ്‌പ്രസ് ഒക്ടോബർ 14 വരെയും ശ്രീലങ്കൻ എയർലൈൻസ് 15 വരെയും നടത്താനിരുന്ന സർവീസുകൾ റദ്ദാക്കി.

SCROLL FOR NEXT