WORLD

കലിയടങ്ങാതെ ഹൂതികൾ; സൗദിയിൽ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം തുടരുന്നു

റിയാദിലേക്കും ഖമീസ് മുഷൈത്ത് വ്യോമതാവളത്തിലേക്കും ഹൂതികൾ തൊടുത്തുവിട്ട മിസൈലുകൾ തടഞ്ഞതായി സൗദി സഖ്യസേനയുടെ വക്താവ് തുർക്കി അൽ-മാലികി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങൾ തുടരുകയാണ് ഹൂതികൾ. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വീണ്ടും ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്‌യ സരീ അറിയിച്ചു. യെമൻ അതിർത്തിക്കടുത്തുള്ള ഖമീസ് മുഷൈത്ത് വ്യോമതാവളത്തിലേക്ക് ആക്രമണം നടത്തിയാതയും ഹൂതി സൈനിക വക്താവ് അറിയിച്ചു.

അതേസമയം റിയാദിലേക്കും ഖമീസ് മുഷൈത്ത് വ്യോമതാവളത്തിലേക്കും ഹൂതികൾ തൊടുത്തുവിട്ട മിസൈലുകൾ തടഞ്ഞതായി സൗദി സഖ്യസേനയുടെ വക്താവ് തുർക്കി അൽ-മാലികി പറഞ്ഞു. ഇതിനിടെ തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അടച്ചിട്ട കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അടുത്ത ശനിയാഴ്ച വരെ അടഞ്ഞ് കിടക്കുമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

മിസൈലുകളുടെയും ഡ്രോണുകളുടെയും ആക്രമണം തടയുന്നതിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കുണ്ടായ വീഴ്ചയിലും സൗദി അറേബ്യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ മാരകമായ ആക്രമണങ്ങൾ ഉൾപ്പെടെ ഹൂതി വിമതരുടെ ആസൂത്രിതമായ നിരവധി ആക്രമണങ്ങളാണ് ഗള്‍ഫിലെ ഏറ്റവും ശക്തമായ രാജ്യമായ സൗദി അറേബ്യ നേരിടുന്നത്. സൗദി അറേബ്യയ്ക്ക് നേരെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നടന്ന ഏറ്റവും വലിയ ഈ ആക്രമണമാണ് ശനിയാഴ്ച രാജ്യത്തിന്റെ പ്രധാന വിമാനത്താവളത്തിലാണ് സംഭവിച്ചത്.

ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യെമന്റെ മൂന്നിലൊന്ന് ഭൂപ്രദേശവും രാജ്യത്തെ 70 മുതൽ 80 ശതമാനം വരെ ജനസംഖ്യയെയും നിയന്ത്രിക്കുന്ന ഹൂതി വിമതരും സൗദി പിന്തുണയുള്ള യെമൻ സർക്കാരും തമ്മിലുണ്ടായിരുന്ന വെടിനിർത്തൽ കരാർ ഈ വർഷം ആദ്യം തകർന്നതോടെയാണ് സംഘർഷം വീണ്ടും രൂക്ഷമായത്. ഇതിന് പിന്നാലെ സൗദി അറേബ്യ യെമനിലെ തങ്ങളുടെ സൈനിക ഇടപെടലുകൾ ശക്തമാക്കുകയായിരുന്നു.

SCROLL FOR NEXT