ആ രാത്രിയില്‍ ചൈനീസ് യുദ്ധ വിമാനങ്ങള്‍ ഹിമാലയന്‍ മലനിരകള്‍ക്ക് മുകളില്‍ വട്ടമിട്ടു പറന്നു. അവർ 'ശത്രു'വിനെ തിരിയുകയായിരുന്നു. എന്നാല്‍ മൂടൽമഞ്ഞില്‍ അവർക്ക് വ്യക്തമായി ഒന്നും കാണാന്‍ സാധിച്ചില്ല. ആ മലനിരകള്‍ക്കിടയില്‍ അവർ തിരിയുന്ന ആളുണ്ട്. ഒപ്പം അയാളുടെ കുടുംബവും അനുയായികളും. ചൈന 'ശത്രു' ആയി കണ്ട ആ വ്യക്തി നിസാരക്കാരനായിരുന്നില്ല. അത് ടിബറ്റിന്റെ ആത്മീയ ചൈതന്യം ആയിരുന്നു. 14ാം ദലൈലാമ- ജെറ്റ്‌സൺ ജാംഫെൽ നഗാവാങ് ലോബ്‌സാങ് യെഷെ ടെൻസിൻ ഗ്യാറ്റ്‌സോ.
അഭയം തേടിയുള്ള യാത്രയിലായിരുന്നു 23 വയസുകാരനായ ദലൈലാമ. ടിബറ്റിന്റെ ആത്മീയ ആചാര്യനെ ഇങ്ങനെ ഒളിച്ചോടാന്‍ പ്രേരിപ്പിച്ചത് സ്വന്തം നാട്ടിലെ ചൈനീസ് അധിനിവേശമാണ്. 1950ലാണ് ടിബറ്റില്‍ ചൈനീസ് അധിനിവേശം നടന്നത്. ഒരു വർഷത്തിനുശേഷം, 1951ല്‍, ടിബറ്റും ചൈനയും പതിനേഴ് പോയിന്റുകളുള്ള ഒരു കരാറില്‍ ഒപ്പുവെച്ചു. ചൈനീസ് പരമാധികാരത്തിന് കീഴിൽ ടിബറ്റിന് സ്വയംഭരണം അനുവദിക്കുന്നതായിരുന്നു ഈ കരാർ. എന്നാല്‍ ഇത് ലംഘിക്കപ്പെട്ടു.
നേരത്തെ 13ാം ദലൈലാമ പ്രവചിച്ചതു പോലെ ടിബറ്റിനും അതിന്റെ മതത്തിനും നേരെ ആക്രമണമുണ്ടായി. ദലൈലാമയുടെ കയ്യില്‍ ടിബറ്റിന്റെ അധികാരം പതിയെ ചോർന്ന് പോയി. മൊണാസ്ട്രികളിലും തെരുവുകളിലും സ്വൈരവിഹാരം നടത്തിയ ചൈനീസ് പട്ടാളക്കാർ ടിബറ്റന്‍ സ്വയംഭരണത്തിന് ഭീഷണിയായി. ജനങ്ങള്‍ അസ്വസ്ഥരായി. 1959 ആയപ്പോഴേക്കും ചെറിയ അസ്വസ്ഥതകള്‍ പീപ്പിള്‍ ലിബറേഷന്‍ ആർമിക്കും ടിബറ്റിലെ ജനങ്ങള്‍ക്കും ഇടയിലെ സംഘർഷങ്ങളിലേക്ക് വളർന്നു. ടിബറ്റന്‍ ജനത ഭയത്തിലായിരുന്നു. പ്രാണന്‍ പോകുന്നതിനേക്കാള്‍ തങ്ങളുടെ ആത്മീയ നേതാവിനെ ചൈന തട്ടിക്കൊണ്ടുപോകുകയോ കൊലപ്പെടുത്തുകയോ ചെയ്യുമോ എന്നതാണ് അവരെ പേടിച്ചത്.
മാർച്ച് 26ന് ആ മഹായാനം അവസാനിച്ചു. ഇന്ത്യന്‍ അതിർത്തിക്ക് ഏതാനും മൈലുകള്‍ക്ക് അപ്പുറം. ലഹുന്റ്സെ ഡസോങ്ങില്‍. ലാമ ഇന്ത്യന്‍ അതിർത്തിക്ക് അടുത്തെത്തിയ സമയം, യുഎസിലെ മെരിലാന്‍ഡിലെ സിഐഎ ഉദ്യോഗസ്ഥന്‍ ജോണ്‍ ഗ്രീനിയുടെ ഫോണ്‍ റിങ് ചെയ്തു. ചെറിയൊരു ക്രിപ്റ്റിക് സന്ദേശം. അതിന്റെ അർഥം ഗ്രഹിച്ച ആ സിഐഎ ഉദ്യോഗസ്ഥന്‍ അപ്പോള്‍ തന്നെ ന്യൂ ഡല്‍ഹിയിലേക്ക് കേബിള്‍ അയച്ചു. ദലൈലാമയ്ക്കും സംഘത്തിനും അഭയം നല്‍കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റുവിനോട് അഭ്യർഥിച്ചു. ചൈനയ്‌ക്കെതിരെ ടിബറ്റന്‍ വിമതരെ രഹസ്യമായി സഹായിച്ചിരുന്നത് സിഐഎ ആയിരുന്നു. ഇതായിരുന്നു അമേരിക്കയുടെ താല്‍പ്പര്യം.
അങ്ങനെയിരിക്കെയാണ് ദലൈലാമയ്ക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കമാന്‍ഡറിന്റെ ആ ക്ഷണം വരുന്നത്. സൈനിക ആസ്ഥാനത്ത് നടക്കുന്ന ഒരു നൃത്ത പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു ക്ഷണം. ഒരു നിർദേശവും കമാന്‍ഡർ മുന്നോട്ടുവെച്ചു. ലാമയ്‌ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടാകാന്‍ പാടില്ല. ലാമയുടെ അനുയായികള്‍ അപകടം മണത്തു.
1959 മാർച്ച് 10ന് ദലൈലാമയുടെ ലാസയിലെ വേനല്‍ക്കാല വസതിയായ നോർബുലിംഗയ്ക്ക് മുന്നില്‍ ടിബറ്റന്‍ ജനത മനുഷ്യ മതില്‍ തീർത്തു. തങ്ങളെ കടന്നേ ചൈനയ്ക്ക് ലാമയെ തൊടാന്‍ സാധിക്കൂ എന്ന് പ്രഖ്യാപിച്ചു. ടിബറ്റ് കലാപ മുഖരിതമായി. തെരുവുകളില്‍ ടിബറ്റന്‍ വിമതരും ചൈനീസ് സൈന്യവും ഏറ്റമുട്ടി. ചൈന നോർബുലിംഗയ്ക്ക് നേരെ വെടിയുതിർത്തു. സാഹചര്യങ്ങള്‍ ലാമയോട് ഉപദേശിച്ചു, "രാജ്യം വിടുക!"
മാർച്ച് 17ന് മഞ്ഞുമൂടിയ ഒരു രാത്രി, 10 മണിയോടെ, ദലൈലാമ ഒരു ടിബറ്റന്‍ സൈനികന്റെ യൂണിഫോമിലേക്ക് വേഷംമാറി. തന്റെ അമ്മയെയും സഹോദരങ്ങളെയും വിശ്വസ്തരായ അനുയായികളെയും കൂട്ടി ദലൈലാമ നോർബുലിംഗയില്‍ നിന്ന് അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ഇരുട്ടിലേക്ക് ഇറങ്ങി. കീച്ചു നദിക്കരില്‍ വെച്ച് കൂടുതല്‍ പേർ അദ്ദേഹത്തിന് ഒപ്പം ചേർന്നു. അപ്പോഴേക്കും ലാസ ചൈന വളഞ്ഞിരുന്നു.
ദലൈലാമയും സംഘവും ചൈനീസ് ചെക്ക്പോസ്റ്റുകള്‍ ഒഴുവാക്കി മലനിരകളിലൂടെ നടന്നു. പകല്‍ ഒളിച്ചും രാത്രിയില്‍ ഇരുട്ടിന്റെ മറവില്‍ നടന്നും അവർ ജന്മനാട്ടില്‍ നിന്ന് അകലങ്ങളിലേക്ക് നീങ്ങി. ലാമയുടെ വിവരങ്ങള്‍ പുറത്തുവരാതായതോടെ അദ്ദേഹം മരിച്ചതായി അഭ്യൂഹങ്ങള്‍ പരന്നു.
മാർച്ച് 26ന് ആ മഹായാനം അവസാനിച്ചു. ഇന്ത്യന്‍ അതിർത്തിക്ക് ഏതാനും മൈലുകള്‍ക്ക് അപ്പുറം. ലഹുന്റ്സെ ഡസോങ്ങില്‍. ലാമ ഇന്ത്യന്‍ അതിർത്തിക്ക് അടുത്തെത്തിയ സമയം, യുഎസിലെ മെരിലാന്‍ഡില്‍ സിഐഎ ഉദ്യോഗസ്ഥന്‍ ജോണ്‍ ഗ്രീനിയുടെ ഫോണ്‍ റിങ് ചെയ്തു. ചെറിയൊരു ക്രിപ്റ്റിക് സന്ദേശം. അതിന്റെ അർഥം ഗ്രഹിച്ച ആ സിഐഎ ഉദ്യോഗസ്ഥന്‍ അപ്പോള്‍ തന്നെ ന്യൂ ഡല്‍ഹിയിലേക്ക് കേബിള്‍ അയച്ചു. ദലൈലാമയ്ക്കും സംഘത്തിനും അഭയം നല്‍കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റുവിനോട് അഭ്യർഥിച്ചു. ചൈനയക്കെതിരെ ടിബറ്റന്‍ വിമതരെ രഹസ്യമായി സഹായിച്ചിരുന്നത് സിഐഎയാണ്. ഇതാണ് ഈ പ്രത്യേക താല്‍പ്പര്യത്തിന് കാരണം.
ലാമയ്ക്ക് അഭയം നല്‍കിയാല്‍ ചൈനയുടെ ശത്രുത കൂടിയാണ് ക്ഷണിച്ച് വരുത്തുന്നതെന്ന് നെഹ്റുവിന് ഉറപ്പുണ്ടായിരുന്നു. ബെയ്ജിങ്ങില്‍ നിന്ന് അപ്പോഴേക്കും മുന്നറിയിപ്പുകളും വന്നു തുടങ്ങിയിരുന്നു. പക്ഷേ നെഹ്റു അപ്പോഴേക്കും തീരുമാനത്തിലേക്ക് എത്തിയിരുന്നു.
നെഹ്റുവിന്റെ നിർദേശ പ്രകാരം, അസം റൈഫിള്‍സ് തവാങ്ങിനടുത്തുള്ള ചുതാങ്മുലേക്ക് നീങ്ങി. ദലൈലാമയെയും അനുയായികളെയും ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ തയ്യാറായി നിന്നു. മാർച്ച് 31ന് ലാമയും സംഘവും ഖെൻസിമാൻ പാസിലൂടെ ഇന്ത്യയിലേക്ക് പ്രവേശിച്ചു.
അസം റൈഫിൾസിലെ ഹവിൽദാർ നരേൻ ചന്ദ്ര ദാസിന്റെ കാഴ്ചവട്ടത്തിലേക്കാണ് ആ രൂപം ആദ്യം നടന്നുകയറുന്നത്. ക്ഷീണിതനായ, മേലങ്കി ധരിച്ച ഒരു വ്യക്തി. ഇരുട്ടില്‍ ആ മുഖം വ്യക്തമല്ല. ഇനി ശരിക്കും കണ്ടെന്ന് പറഞ്ഞാലും അപ്പോള്‍ ആ മനുഷ്യനെ ഒരു ഇന്ത്യന്‍ ജവാന് തിരിച്ചറിയാന്‍ സാധിക്കുമായിരുന്നില്ല. തങ്ങളുടെ സംഘം കാത്തിരിക്കുന്നത് ഈ സന്ന്യാസി സംഘത്തെയാണെന്ന് ആ ഹവില്‍ദാർ മനസിലാക്കി. ഹവിൽദാർ നരേൻ ചന്ദ്ര ദാസ് ടിബറ്റിന്റെ പതിനാലാമത്തെ ദലൈലാമയെ സല്യൂട്ട് ചെയ്തു.
ആ സ്വാഗതത്തില്‍ ലാമ ഉറപ്പിച്ചു. ഇവിടെ ഞാന്‍ സുരക്ഷിതനാണ്. ആറ് പതിറ്റാണ്ട് കാലം ആ ഉറപ്പിന് ഇന്ത്യ കാവല്‍ നിന്നു. ഇനി ഒരു ഇരുപത് വർഷം കൂടി ജീവിക്കണം എന്ന് ദലൈലാമ പറയുമ്പോള്‍ അന്ന് ആ രാത്രിയില്‍ 'നെഹ്റുവിന്റെ ഇന്ത്യ' നല്‍കിയ ഉറപ്പ് ആ ജ്ഞാനവൃദ്ധന്റെ വാക്കുകളില്‍ മുഴങ്ങുന്നുണ്ട്.