ടെഹ്റാൻ: തെക്കൻ ലബനീസ് ഗ്രാമങ്ങൾക്ക് മേൽ ഇസ്രയേൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ചുവെന്ന് ആരോപണവുമായി ഹ്യൂമൻ റൈറ്റ്സ് വാച്ച്. ഗ്രാമങ്ങളിലെ വീടുകൾക്ക് മുകളിൽ പീരങ്കി വഴി ഫോസ്ഫറസ് വിതറുന്ന ഏഴ് ദൃശ്യങ്ങൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് സംഘടന പറഞ്ഞു.
ഇസ്രയേൽ സൈന്യം യോഹർ നിവാസികൾക്ക് ആക്രമണ മുന്നറിയിപ്പ് നൽകുകയും തെക്കൻ ലബനൻ ഒഴിഞ്ഞു പോകാൻ നിർദേശം ലഭിക്കുകയും ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം ഉണ്ടായതെന്ന് സംഘടന പറഞ്ഞു. ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ജനവാസ മേഖലയിൽ വൈറ്റ് ഫോസ്ഫറസ് വിതറിയ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് സംഘടന അപലപിച്ചു. അതിവേഗം തീപിടിക്കാൻ സാധ്യതയുള്ളതും അണുബാധ മുതൽ ശ്വാസ തടസ്സം വരെയുള്ള രോഗാവസ്ഥക്കും കാരണമാകുന്ന രാസ പദാർഥമാണ് വൈറ്റ് ഫോസ്ഫറസ്. ആക്രമണം അങ്ങേയറ്റം ആശങ്കാജനകവും മനുഷ്യ രാശിക്ക് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ലബനൻ ഗവേഷകൻ റംസി ഖൈസ് പറഞ്ഞു. ഇസ്രയേൽ സൈന്യം വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
എന്താണ് വൈറ്റ് ഫോസ്ഫറസ്
പീരങ്കി ഷെല്ലുകളിലും ബോംബുകളിലും റോക്കറ്റുകളിലും ഉപയോഗിക്കുന്ന രാസ ഘടകമാണ് വൈറ്റ് ഫോസ്ഫറസ്. ഇത് ഓക്സിജനുമായി സമ്പർക്കത്തിലേർപ്പെട്ടാൽ അതിവേഗം തീപിടിക്കും. ഈ രാസ പദാർഥം ജനവാസ മേഖലയിൽ പ്രയോഗിക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമ ലംഘനമാണ്. പുക മറ സൃഷ്ടിക്കൽ, ലക്ഷ്യ സ്ഥാനം അടയാളപ്പെടുത്തൽ, സിഗ്നൽ നൽകൽ തുടങ്ങിയ മിലിറ്ററി ആവശ്യങ്ങൾക്ക് വേണ്ടിയാണ് സാധാരണയായി ഈ രാസ പദാർഥം ഉപയോഗിക്കുന്നത്.