WORLD

ഞാനിവിടെ കിടന്ന് തീരും, ജയിലില്‍ നിന്ന് തുറന്ന കത്തുമായി ഇംറാന്‍ ഖാന്‍

തലച്ചോറില്‍ രക്തസ്രാവത്തിനും ഹൃദയാഘാതത്തിനും സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും ഇംറാന്‍

Author : ന്യൂസ് ഡെസ്ക്

ഇസ്‌ലാമാബാദ് : തൻ്റെ ആരോഗ്യം വഷളായിക്കൊണ്ടിരിക്കുകയാണെന്നും കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കില്‍ താന്‍ ജയിലില്‍ കിടന്ന് മരിക്കുമെന്നും തുറന്ന കത്തുമായി പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. സുപ്രീം കോടതി ചീഫ് ജസ്റ്റീസിനും ഫെഡറല്‍ കോണ്‍സ്റ്റിട്യൂഷണല്‍ കോടതിക്കും ഇസ്‌ലാമാബാദ് ഹൈക്കോടതിക്കുമാണ് തന്റെ അഭിഭാഷകന്‍ മുഖേനെ ഇംറാന്‍ തുറന്ന കത്തെഴുതിയത്. അദിയാല ജയിലില്‍ കഴിയുന്ന ഇംറാനെ സന്ദര്‍ശിച്ചതിന്റെ അടുത്ത ദിവസമാണ് അഭിഭാഷകനായ ബാരിസ്റ്റര്‍ സല്‍മാന്‍ സഫ്ദര്‍ ഈ കത്ത് തന്റെ എക്‌സ് വഴി പുറത്തുവിട്ടത്.

വിവിധ വകുപ്പുകള്‍ ചുമത്തപ്പെട്ട് 2023 മുതല്‍ തടവില്‍ കഴിയുകയാണ് 74കാരനായ ഇംറാന്‍ ഖാന്‍. നിലവിലെ തന്റെ ആരോഗ്യാവസ്ഥ ഗുരുതരമാണെന്നും ഈ നില തുടർന്നാൽ ഞാന്‍ ജീവനോടെ മടങ്ങിവരില്ലെന്നുമാണ് ഇംറാന്‍ കത്തില്‍ പറയുന്നത്. അതോടൊപ്പം, 22 മണിക്കൂര്‍ വരെ ഏകാന്ത തടവിലാണെന്നും കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചകള്‍ നിഷേധിക്കപ്പെടുന്നുവെന്നും ഇംറാന്‍ കത്തില്‍ പറയുന്നുണ്ട്.

തലച്ചോറില്‍ രക്തസ്രാവത്തിനും ഹൃദയാഘാതത്തിനും സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും എന്നാല്‍ യാതൊരു ചികിത്സയും ലഭ്യമാകുന്നില്ലെന്നും ഇംറാന്‍ ആരോപിക്കുന്നു.

അതേസമയം, കണ്ണ് സംബന്ധമായ അസുഖത്തിന് കഴിഞ്ഞ ആഴ്ചയും ഇംറാനെ ആശുപത്രിയില്‍ എത്തിച്ചിരുന്നതായും ഇത്തരത്തില്‍ മതിയായ ചികിത്സ നല്‍കാറുണ്ടെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ഇംറാന്റെ ഭാര്യ ബുഷ്‌റ ബീബിയും 2025 ജനുവരി മുതല്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് തടവിലാണ്.

SCROLL FOR NEXT