

ടെൽ അവീവ്:2023 ഒക്ടോബർ 7 ന് ഇസ്രായേലിനെതിരെ ഹമാസിന്റെ ആക്രമണം ആസൂത്രണം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ച സൈനിക നേതാവായ സമീർ അബു യൂനിസ് ഇസ്രയേൽ സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
ഒക്ടോബർ 7 ലെ ആക്രമണത്തിന്റെ ആസൂത്രണത്തിലും മേൽനോട്ടത്തിലും ഉൾപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കമാൻഡർമാരിൽ ഒരാളാണ് യൂനിസ് എന്ന് ദ അൻ ഖസാം ബ്രിഗേഡ് ടെലഗ്രാമിൽ പോസ്റ്റ് ചെയ്തു. 53 കാരനായ യൂനിസിന്റെ മൃതദേഹം ഏജൻസിക്ക് ലഭിച്ചതായും ഗാസയുടെ തെക്കൻ മേഖലയിൽ നടന്ന ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായും ഗാസ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസ്സാൽ എഎഫ്‌പിയോട് പറഞ്ഞു.
ഒക്ടോബർ 7 ലെ ആക്രമണത്തെത്തുടർന്ന് ആരംഭിച്ച രണ്ട് വർഷത്തെ യുദ്ധത്തിന് ശേഷം, 2025 ഒക്ടോബറിൽ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇസ്രായേലും ഹമാസും പരസ്പരം ആരോപിച്ചു. യുഎസ് പിന്തുണയോടെയുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ ഉണ്ടായിരുന്നുവെങ്കിലും ഇസ്രായേൽ പ്രദേശത്ത് പതിവായി ആക്രമണം നടത്തിവരുന്നുണ്ട്.
ഹമാസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, വെടിനിർത്തൽ ആരംഭിച്ചതിനുശേഷം 1,600-ലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഈ കണക്കുകൾ വിശ്വസനീയമാണെന്നാണ് ഐക്യരാഷ്ട്രസഭയും കരുതുന്നത്. ഇതേ കാലയളവിൽ, ഏഴ് സൈനികരെയും ഒരു സിവിലിയൻ കരാറുകാരനെയും നഷ്ടപ്പെട്ടതായി ഇസ്രായേൽ സൈന്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.